Advertisment

ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ സർക്കാരിനെ വെട്ടിലാക്കുന്നത് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ തന്നെ, ക്ഷേമപെൻഷൻ 2500 രൂപയായി ഉയർത്തുമോ? ഗാർഹിക ജോലികൾ ചെയ്യുന്ന വീട്ടമ്മമാർക്ക് മാസംതോറും ശമ്പളം നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെടുമോ? സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുമോ? പ്രകടന പത്രിക പ്രഖ്യാപിച്ച സമയത്തെ സാമ്പത്തിക സാഹചര്യമല്ല നിലവിലെന്ന നിലപാടിലുറച്ച് ധനമന്ത്രിയും, എന്ത് സംഭവിക്കും!

author-image
സത്യം ഡെസ്ക്
New Update
pinarai vijayan kn balagopal

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുളള സംസ്ഥാന ബജറ്റ് വെളളിയാഴ്ച അവതരിപ്പിക്കാനിരിക്കെ സർക്കാരിന് നേരെ ഉയരുന്നത് രണ്ട് ചോദ്യങ്ങൾ. 

Advertisment

ക്ഷേമ പെൻഷൻ 2500 രൂപയായി വർദ്ധിപ്പിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുമോ എന്നതാണ് പ്രധാന ചോദ്യം.


ഗാർഹിക ജോലികൾ ചെയ്യുന്ന വീട്ടമ്മമാർക്ക് മാസം തോറും പണം നൽകുമെന്ന വാഗ്ദാനം പാലിക്കുമോ എന്ന ചോദ്യവും ബജറ്റിനോട് അനുബന്ധിച്ച് സർക്കാരിന് നേരെ ഉയരുന്നുണ്ട്.

pinarai

പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്നു എന്ന അവകാശവാദമാണ് സർക്കാരിൻെറ മേന്മയായി മുഖ്യമന്ത്രിയും മന്ത്രിമാരും അവതരിപ്പിച്ച് പോരുന്നത്.

എന്നാൽ ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2500 രൂപയായി കൂട്ടുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിൽ ഒരു നടപടിയും എടുത്തിട്ടില്ല.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ ഉണ്ടായിരുന്ന 1600 രൂപ തന്നെയാണ് ഇപ്പോഴും ക്ഷേമപെൻഷനായി വിതരണം ചെയ്യുന്നത്.

പെൻഷൻ വിതരണത്തിൽ 3 മാസത്ത തുക ഇപ്പോഴും കുടിശികയാണ്.

social security pension

ആറ് മാസത്തെ പെൻഷൻ തുക കുടിശികയായിഉണ്ടായിരുന്നതാണ്. എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ മൂന്ന് മാസത്തെ കുടിശിക വിവിധ ഘട്ടങ്ങളായി കൊടുത്തു തീർത്തു.


ക്ഷേമ പെൻഷൻ അതാത് മാസം തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രത്യേക പ്രസ്താവനക്ക് ശേഷമാണ് കുടിശിക കുറച്ചെങ്കിലും തീർത്തത്.

എന്നാൽ അടുത്ത സാമ്പത്തിക വർഷത്തേക്കുളള ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന സർക്കാർ ക്ഷേമ പെൻഷൻ കൂട്ടുമോ എന്നതാണ് ചോദ്യം. 


പെൻഷൻ തുക 100 രൂപയെങ്കിലും വർദ്ധിപ്പിക്കണമെന്ന ശക്തമായ സമ്മർദ്ദം ധനമന്ത്രിക്ക് മുകളിൽ ഉളളതിനാൽ നാമമാത്ര വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് സൂചന.

എന്നാൽ പെൻഷൻ തുക കൂട്ടുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ക്ഷേമ പെൻഷൻ തുക 2500 രൂപയായി വർദ്ധിപ്പിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കാലത്തെ സാമ്പത്തിക സാഹചര്യമല്ല ഇപ്പോഴുളളതെന്നും നിലവിലുളള പെൻഷൻ കൃത്യമായി കൊടുക്കുന്നതിലാണ് സർക്കാർ ശ്രദ്ധ വെക്കുന്നതെന്നുമാണ് ധനമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി.

പെൻഷൻ തുക 100 രൂപ വർദ്ധിപ്പിച്ചാൽ തന്നെ പ്രതിമാസം 6 കോടി രൂപ അധിക ചെലവ് വരും. ഒരു വർഷം 72 കോടി രൂപയെങ്കിലും അധികമായി കണ്ടെത്തേണ്ടി വരും.

ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ അത് പ്രയാസകരമാണെന്നാണ് മന്ത്രി ഉന്നയിക്കുന്ന വാദം. 

pinarayi vijayan

നിലവിൽ സംസ്ഥാനത്ത് 60 ലക്ഷം പേരാണ് ക്ഷേമപെൻഷൻ കൈപ്പറ്റുന്നത്. ഇതിനായി 850 മുതൽ 900 കോടി വരെ ചെലവഴിക്കേണ്ടി വരുന്നുണ്ട്.

എന്നാൽ തിരഞ്ഞെടുപ്പ് വർഷം ആയതിനാൽ പെൻഷൻ കൂട്ടിയേ മതിയാകു എന്നാണ് സി.പി.എം നേതൃത്വത്തിലുളളവർ അടക്കം ഉന്നയിക്കുന്ന ആവശ്യം. അല്ലാത്തപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്.

നാല് വർഷം പൂർത്തിയാകുന്ന രണ്ടാം പിണറായി സർക്കാരിൻെറ അവസാനത്തെ പൂർണ ബജറ്റാണ് വെളളിയാഴ്ച അവതരിപ്പിക്കാൻ പോകുന്നത്.   അതുകൊണ്ട് ഈ ബജറ്റിലെങ്കിലും പെൻഷൻ വർദ്ധനവ് പ്രഖ്യാപിക്കണമെന്നാണ് സി.പി.എമ്മിൽ നിന്ന് ഉയരുന്ന ആവശ്യം.


പാർട്ടിയിൽ നിന്നുളള സമ്മർദ്ദം അതിജീവിക്കാനാകില്ലെന്ന യാഥാർത്ഥ്യ ബോധം മന്ത്രിക്കുമുണ്ടെന്നാണ് അദ്ദേഹത്തോട് അടുപ്പമുളളവർ നൽകുന്ന വിവരം.

ബജറ്റിൻെറ രഹസ്യാത്മകത പാലിക്കുന്നതിന് വേണ്ടിയാണ് പെൻഷൻ കൂട്ടുന്നതിനെ കുറിച്ചുളള ചോദ്യങ്ങളോട് ധനമന്ത്രി പ്രതികരിക്കാത്തതെന്നാണ് അദ്ദേഹത്തിൻെറ ഓഫീസ് വൃത്തങ്ങൾ നൽകുന്ന സൂചന.


  ഗൃഹജോലിയുടെ മൂല്യം അംഗീകരിച്ചുകൊണ്ട് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും എന്നത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ മറ്റൊരു പ്രധാന വാഗ്ദനമായിരുന്നു.

എന്നാൽ അധികാരത്തിലേറി നാല് വർഷമായിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. എങ്ങനെയാണ് പദ്ധതിയെന്നോ ഏത് വിഭാഗത്തിനാണ് പെൻഷന് അർഹതയെന്നോ ഏത് വകുപ്പാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കേണ്ടതെന്നോ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

pension uUntitled.jpg

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ച് പോകുന്നുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് സ്ത്രീകൾക്ക് വേണ്ടി പ്രഖ്യാപിച്ച വാഗ്ദാനം ഇപ്പോഴും വാഗ്ദാനമായി തന്നെ തുടരുന്നത്.

 സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

Advertisment