/sathyam/media/media_files/2025/12/15/manorama-cpm-udf-2025-12-15-16-42-56.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്ക് വിശകലനം ചെയ്ത് യു.ഡി.എഫിന് 80 നിയമസഭാ സീറ്റുകളിൽ മുന്നേറ്റമുണ്ടെന്ന മലയാള മനോരമയുടെ റിപ്പോർട്ടിനെ തള്ളിക്കളഞ്ഞ് സി.പി.എം.
മനോരമയുടെ കണക്കെടുപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജില്ലാ പഞ്ചായത്തുകളിലെ വോട്ട് പരിഗണിക്കാതെയാണ് ഈ കണക്കെടുപ്പ് നടത്തിയതെന്നും സി.പി.എം കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യു.ഡി.എഫിന് 80ഉം എൽ.ഡി.എഫിന് 58ഉം എൻ.ഡി.എയ്ക്ക് രണ്ടും നിയമസഭാ സീറ്റുകൾ കിട്ടുമെന്നാണ് തദ്ദേശവോട്ട് വിശകലനം ചെയ്ത് മനോരമ കണ്ടെത്തിയത്.
3 മുന്നണികൾ വിജയിച്ച ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളെ അവ നിലകൊള്ളുന്ന നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലേക്കു മാറ്റിയ ശേഷം നടത്തിയാണ് മനോരമയുടെ കണക്കെടുപ്പ്.
ഇത് അശാസ്ത്രീയവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് സി.പി.എം വിലയിരുത്തൽ. മനോരമ വാർത്ത പ്രകാരം ഇപ്പോഴും 58 നിയമസഭ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിനു മേൽക്കൈ ഉണ്ട്.
/filters:format(webp)/sathyam/media/media_files/2025/12/15/4a52ea53-5366-4a26-a0e9-9828c67c620a-2025-12-15-16-43-23.jpg)
പത്ത് പതിനഞ്ചു സീറ്റുകളിൽ നേരിയ ഭൂരിപക്ഷം മാത്രമേ യുഡിഫിനുള്ളൂ. അതായത് പറ്റിയ പിഴവുകൾ തിരുത്തി നന്നായി പ്രവർത്തിച്ചാൽ നിയമസഭയിൽ തിരിച്ചു വരാൻ ഇടതുപക്ഷത്തിന് ഇപ്പോഴും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ ഇന്നത്തെ മനോരമ വാർത്ത വലിയ ആവേശം നൽകുന്നതാണെന്നും സി.പി.എം വിലയിരുത്തുന്നു.
യു.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പ് അനുകൂലമാക്കാൻ കണക്കിലെ കളിയാണ് മനോരമ നടത്തിയതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.
പഞ്ചായത്ത് വാർഡ്, മുനിസിപ്പാലിറ്റി, കോർപറേഷൻ വോട്ടുകൾ പരിഗണിച്ചാണ് മനോരമ ഈ വിലയിരുത്തൽ നടത്തിയത്. ഇതിനേക്കാൾ ശരിയായ കണക്ക് കിട്ടണമെങ്കിൽ പഞ്ചായത്ത് വാർഡിലെ വോട്ട് നോക്കുന്നതിന് പകരം ജില്ലാ പഞ്ചായത്ത് വോട്ടായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്.
എന്നാൽ മനോരമ സ്വീകരിച്ച രീതിശാസ്ത്രം ശരിയല്ലെന്നും സി.പി.എം വിലയിരുത്തുന്നു. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിലെ വോട്ടുകൾ കണക്കിലെടുത്തായിരുന്നു ഇത്തരമൊരു വിശകലനം നടത്തേണ്ടിയിരുന്നത്.
ത്രിതല പഞ്ചായത്തിൽ പൊളിറ്റിക്കൽ വോട്ടിംഗ് ഏറ്റവും കൂടുതൽ ജില്ലാ പഞ്ചായത്തിൽ ആണെന്നും ഈ കണക്കെടുത്താൽ എൽ.ഡി.എഫിനായിരിക്കും മുൻതൂക്കമെന്നും സി.പി.എം വിലയിരുത്തുന്നു. ഇതിനു പുറമെ പല മണ്ഡലങ്ങളിലും മനോരമ കള്ളക്കളി കാട്ടിയെന്നും വിമർശനമുണ്ട്.
തളിപ്പറമ്പ് യുഡിഫിനാണ് മനോരമ കൊടുത്തത്. പക്ഷേ ആ മണ്ഡലത്തിലെ എതിരില്ലാതെ ജയിച്ച വാർഡുകൾ 8 എണ്ണത്തിലെ (ആന്തൂർ മുനിസിപ്പാലിറ്റി-5 - മലപ്പട്ടം പഞ്ചായത്ത്-3) വോട്ട് അതിൽ ഇല്ല.
അതും കൂടി കൂട്ടിയാൽ തളിപ്പറമ്പ് മിനിമം 8000 വോട്ട് കൂടുമെന്നാണ് സി.പി.എം വിലയിരുത്തൽ. കണക്കുകൾ നിരത്തി ആശ്വാസം കണ്ടെത്താൻ പറയുന്നതല്ല. യഥാർത്ഥ വസ്തുത മനസ്സിലാക്കി വേണം മുന്നോട്ട് പോകാൻ.
ഇത്രയേറെ വികസനം നടത്തിയിട്ടുണ്ട് ഇടതുപക്ഷത്തെ ജനം കയ്യൊഴിഞ്ഞു എന്ന നരേറ്റീവ് ഉണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത് അതിൽ നിന്നും ഇടതുപക്ഷത്തെ പിന്തിരിപ്പിക്കാൻ വേണ്ടി കൂടിയാണ്. അതുകൊണ്ട് ആ രാഷ്ട്രീയം കൂടി മനസിലാക്കി മുന്നോട്ട് പോകണമെന്നാണ് അണികളോടുള്ള ആഹ്വാനം.
മനോരമയുടെ റിപ്പോർട്ട് പ്രകാരം മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യുഡിഎഫിന്റെ സമഗ്രാധിപത്യമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് എൽഡിഎഫിന് യുഡിഎഫിനെക്കാൾ മുൻതൂക്കമുള്ളത്.
നിലവിൽ ലോക്സഭാംഗമുള്ള തൃശൂരിൽ ബിജെപിക്ക് ഒരു നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽപോലും ലീഡില്ല. തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് ബിജെപിക്കു ഭൂരിപക്ഷമുള്ളത്.
തിരുവനന്തപുരത്തും (10–2), തൃശൂരിലും (11–2) ആണ് എൽഡിഎഫിന് കാര്യമായ ലീഡ് ഉള്ളത്. കണ്ണൂരിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ മാത്രമാണ് എൽഡിഎഫിന്റെ മുൻതൂക്കം(6–5). അതേസമയം കോഴിക്കോട് ജില്ലയിൽ യുഡിഎഫിന് (10–3) മികച്ച നേട്ടമാണ്.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ സമാനരീതിയിൽ ‘മനോരമ’ നടത്തിയ കണക്കെടുപ്പിൽ എൽഡിഎഫ് 101, യുഡിഎഫ് 38, എൻഡിഎ 1 എന്നിങ്ങനെയായിരുന്നു നിയമസഭാ സീറ്റ് നില.
അത് ഏറെക്കുറെ ശരിവയ്ക്കുന്നതായിരുന്നു തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം : എൽഡിഎഫ് – 99, യുഡിഎഫ് – 41, എൻഡിഎ – 0
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us