/sathyam/media/media_files/sDEAHxKA2RYZcgNeU1FR.jpg)
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻെറയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറയും സ്വന്തം തട്ടകമായ ജില്ലയിലെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ വരെ ഉൾപ്പെട്ടിട്ടുളള വിവാദം പാർട്ടി നേതൃത്വത്തിൻെറ സ്വർണക്കടത്ത് , ക്വട്ടേഷൻ ബന്ധത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ്. പാർട്ടി അംഗത്വം പുതുക്കാതെ സ്വയം സി.പി.എമ്മിൽ നിന്ന് പുറത്തു പോയ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് മനുതോമസിൻെറ വെളിപ്പെടുത്തലുകളാണ് സംസ്ഥാനത്തെ സി.പി.എമ്മിൻെറ ഉരുക്കുകോട്ടയായി കണക്കാക്കപ്പെടുന്ന കണ്ണൂരിലെ പാർട്ടിയിൽ ഇളക്കങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
ഒരുകൊല്ലമായി പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന മനുതോമസിനെ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വെച്ച് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അംഗത്വം പുതുക്കാതിരുന്ന മനു തോമസിനെ പുറത്താക്കിയെന്ന തരത്തിൽ നേതൃത്വത്തിൽ നിന്ന് വന്ന പ്രതികരണങ്ങളിൽ പ്രകോപിതനായാണ് വെളിപ്പെടുത്തലുകൾ നടത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളാണ് മനുതോമസ് ഉന്നയിച്ചിരിക്കുന്നത്. സ്വർണ കടത്ത്, ക്വട്ടേഷൻ സംഘങ്ങളുടെ നിയന്ത്രണം ചില പാർട്ടി നേതാക്കളുടെ മക്കൾക്കാണെന്നും ഇതിന് പാർട്ടി പിന്തുണ നൽകുന്നുവെന്നും മനു തോമസ് ടെലിവിഷൻ ചാനലുകളിലൂടെ തുറന്നടിച്ചു.
വെളിപ്പെടുത്തലോടെ പ്രതിരോധത്തിലായ മനുതോമസിനെതിരെ ഫെയ്സ്ബുക്കിലൂടെ പി.ജയരാജൻ തിരിച്ചും ആരോപണം ഉന്നയിച്ചു. പാർട്ടിയുടെ മുഴുവൻ സമയ പ്രവര്‍ത്തകനായി ഉള്‍പ്പെടുത്തിയപ്പോള്‍ തളിപ്പറമ്പിലും , തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണമെന്ന് മനു തോമസിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പാർട്ടി അംഗത്വത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് മനു തോമസ് തന്നെയായിരുന്നു എന്നാണ് ജയരാജൻെറ മറുപടി.
ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി. ജയരാജൻ പറഞ്ഞു.
മനുതോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ് ബുക്കിലൂടെ അറിയിച്ചു.എന്നാൽ ജയരാജന് മറുപടിയുമായി മനുതോമസ് വീണ്ടും രംഗത്തെത്തി.
'' ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ 'കോപ്പി'കച്ചവടങ്ങളും എല്ലാം നമ്മുക്ക്' പറയാം. ഈയടുത്ത് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം എല്ലാം ജനങ്ങൾ അറിയട്ടെ. പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല. താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ....പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം'' ഇതായിരുന്നു മനുതോമസ് പി.ജയരാജന് നൽകിയ മറുപടി.
ഏകശിലാ രൂപം കണക്കെ, വിഭാഗീയതയോ മറ്റ് പ്രശ്നങ്ങളോ ഇല്ലാത്ത പാർട്ടിയെന്ന് അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എമ്മിലാണ് ഈ അസാധാരണ സംഭവങ്ങൾ നടക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
മനു തോമസിന്റെ വെളിപ്പെടുത്തലിൽ ജില്ലയിലെ പാർട്ടി ആടിയുലയുമ്പോൾ അതിൻെറ അലയൊലികൾ അങ്ങ് സംസ്ഥാന നേതൃത്വം വരെ എത്തുന്നുണ്ട്. സ്വർണക്കടത്ത് ബന്ധം സംബന്ധിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വരെ മനു തോമസ് പരാതി നൽകിയിരുന്നു. എന്നിട്ടും ആരോപണവിധേയരായ നേതാക്കളെ രക്ഷപ്പെടുത്തി എടുക്കാനുളള ശ്രമമാണ് നേതൃത്വം നടത്തിയതെന്ന് ആക്ഷേപമുണ്ട്. ആരോപണ വിധേയനായ യുവനേതാവിന് സർക്കാരിലെ പദവിയിലേക്ക് അവസരം ലഭിക്കുന്നതിന് മുന്നോടിയായി പെട്ടെന്ന് അന്വേഷണ റിപോർട്ട് ചർച്ച ചെയ്ത് തീർപ്പാക്കുകയാണ് ചെയ്തത്.
ഇതോടെയാണ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് ആയിരുന്ന മനുതോമസ് സജീവ പ്രവർത്തനം അവസാനിപ്പിച്ചത്. ആ വിവരം അറിയിച്ചും എം.വി. ഗോവിന്ദന് കത്ത് നൽകിയിരുന്നതാണ്. അതിലും കാര്യമായ ഒരു ഇടപെടലും സംസ്ഥാന നേതൃത്വം നടത്തിയില്ലെന്നാണ് പരാതി. അംഗത്വം പുതുക്കാത്തതിനെ തുടർന്ന് ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഒഴിവായതോടെ മനു തോമസ് നടത്തിയ വെളിപ്പെടുത്തലിൽ ഏറ്റവും ക്ഷീണം സംഭവിച്ചിരിക്കുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനാണ്.
ഗൗരവ സ്വഭാവത്തിലുളള ആരോപണങ്ങളാണ് മനു തോമസ് ഉന്നയിച്ചത്. പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും മകനെയും ക്വട്ടേഷൻകാരേയും ഉപയോഗിച്ച് വിദേശത്തുൾപ്പെടെ കച്ചവടങ്ങൾ കെട്ടിപ്പൊക്കിയെന്നുമാണ് പി. ജയരാജന് എതിരെ മനു തോമസ് ഉയർത്തുന്ന ആരോപണം. മനു തോമസിനെതിരെയുള്ള പി. ജയരാജന്റെ പോസ്റ്റിന് പിന്നാലെ ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയ സ്വർണക്കടത്ത് ആരോപണമുളള സംഘങ്ങളും രംഗത്തേക്ക് വരുന്നുണ്ട്.