മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം, കാരണം കാണിക്കല്‍ നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയില്‍

New Update
pinarayi vijayan1

കൊച്ചി: ഫെമ ചട്ടലംഘനം ആരോപിച്ച് മസാല ബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയില്‍. 

Advertisment

നോട്ടീസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചത്. കിഫ്ബിയിലെ ഹര്‍ജിയില്‍ നേരത്തെ നോട്ടീസിലെ തുടര്‍ നടപടി ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നീക്കം.


മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മുന്‍ ധനമന്ത്രി തോമസ് ഐസ്‌ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവര്‍ക്കാണ് കിഫ്ബി നോട്ടീസ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. 


മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്‍പാകെ നോട്ടീസ് സമര്‍പ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

അതിനിടെ, നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഇഡിയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനാണ് ഇഡി അപ്പീല്‍ നല്‍കിയത്. 

സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നാണ് നോട്ടീസ് സ്റ്റേ ചെയ്തതെന്ന് അപ്പീലില്‍ ഇഡി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment