/sathyam/media/media_files/2025/12/02/kifb-1-750x422-1-2025-12-02-07-29-34.jpg)
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മുഖ്യമന്ത്രിക്ക് അടക്കം ഇ ഡി നോട്ടീസ് നൽകിയത് പ്രചാരണ വിഷയം ആക്കാൻ സിപിഎം.
കേരള വികസനത്തിന് എടുത്ത ബോണ്ടിൽ പണം ഉപയോഗിച്ച് ഭൂമി വാങ്ങുക അല്ലായിരുന്നു എന്നും വികസനത്തിന് ഭൂമി ഏറ്റെടുക്കുക ആയിരുന്നെന്നും സര്ക്കാർ പറയുന്നു.
വികസനത്തിന് കേന്ദ്രം തടയിടാൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ് പ്രചാരണ വിഷയം ആക്കാൻ ആണ് തീരുമാനം.
കേരളം മസാല ബോണ്ട് ഇറക്കേണ്ടി വന്ന സാഹചര്യം എന്താണ് എന്ന് നമ്മൾ മറക്കരുത് എന്നാണ് സര്ക്കാർ പറയുന്നത്.
കേരളം 2018ലെ പ്രളയനന്തരം സ്വീകരിച്ച വിവിധ നടപടികൾ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ സാമൂഹിക പ്രതിരോധ ശേഷി ശുഷ്കിക്കുകയും, 2019ലെ രണ്ടാം പ്രളയം, കോവിഡ് എന്നിവ സൃഷ്ട്ടിച്ച ആഘാതത്തിൽ നിന്നും ഇന്ന് കാണുന്ന അളവിൽ പോലും മുക്തമാകുവാൻ കഴിയില്ലായിരുന്നില്ല.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അപകട ധനസഹായവും ഇൻഷുറൻസ് സംവിധാനങ്ങളും രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും സാമ്പത്തിക സുരക്ഷയും സ്ഥിരതയും നൽകുന്ന പ്രധാന ഉപാധികളായി മാറുന്നു.
വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, കടൽനിരപ്പിന്റെ ഉയർച്ച തുടങ്ങിയ ദുരന്തങ്ങൾ സമൂഹത്തെയും സാമ്പത്തിക സംവിധാനങ്ങളെയും ഗുരുതരമായി ബാധിക്കുന്നതിനാൽ, പുനർ നിർമ്മാണത്തിന് വിവിധ ധനസഹായ സംവിധാനങ്ങൾ അനിവാര്യമാണ്.
ഇൻഷുറൻസ്, റിസർവ് ഫണ്ടുകൾ, ഗ്രീൻ ബോണ്ടുകൾ, ഡെബ്റ്റ് സ്വാപ്പുകൾ, മൈക്രോക്രെഡിറ്റ് തുടങ്ങിയ ഉപാധികൾ ദുരന്താനന്തര പുനരുദ്ധാരണത്തിന് ശക്തമായ സാമ്പത്തിക പിന്തുണ നൽകുന്നു.
ഇതിലൂടെ ദേശീയ-സംസ്ഥാന ബജറ്റ് സംരക്ഷിക്കപ്പെടുകയും അടിയന്തര പ്രതികരണത്തിനും പുനർനിർമ്മാണത്തിനും സമയബന്ധിതമായ സഹായം പുറമേനിന്നും ഉറപ്പാക്കുകയും ചെയ്യുന്നു.
കാലാവസ്ഥാ അനുയോജ്യമായ ധനസഹായം വലിയ വിപണി അവസരം ആണ്; 2035 ഓടെ വർഷം തോറും 310-365 ബില്യൺ യുഎസ് ഡോളർ ഇതിനായി ലോകം ആകമാനം ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു.
സമൂഹത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ അപകട ധനസഹായത്തിന് നിർണായക പങ്കുണ്ട്. ദുരന്താനന്തര ജീവിതം പുനർസ്ഥാപിക്കാൻ സാമ്പത്തിക പിന്തുണ നൽകുന്നതിലൂടെ ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നു.
രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും അപകടങ്ങൾ ഉണ്ടായാലും വികസന പദ്ധതികൾ തടസ്സപ്പെടാതെ മുന്നോട്ട് പോകാൻ സഹായിക്കുന്നതാണ് ഇതിന്റെ പ്രധാന ഗുണം.
നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ബോണ്ടുകൾ, ഇംപാക്ട് ഇൻവെസ്റ്റ്മെന്റുകൾ പോലുള്ള ഉപാധികൾ പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് ധനസഹായം നൽകുന്നു.
അതോടൊപ്പം, അന്താരാഷ്ട്ര ധനസഹായ സംവിധാനങ്ങൾ വികസനോന്മുഖ രാജ്യങ്ങൾക്ക് ദുരന്താനന്തര സഹായം ലഭ്യമാക്കുന്നതിലൂടെ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നു. അതിനാൽ, കാലാവസ്ഥാ-ദുരന്ത അപകട ധനസഹായം ലോകത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും സാമൂഹിക പ്രതിരോധ ശേഷിക്കും അനിവാര്യമാണ്.
രാജ്യങ്ങൾ, സ്ഥാപനങ്ങൾ, സമൂഹങ്ങൾ എല്ലാതലങ്ങളിലും ഈ അവസരങ്ങൾ പ്രയോജന പ്പെടുത്തുമ്പോൾ, ദുരന്താനന്തര നഷ്ടങ്ങൾ കുറയ്ക്കാനും സ്ഥിരതയുള്ള വികസനം ഉറപ്പാക്കാനും ഭാവി തലമുറകൾക്ക് സുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കാനും കഴിയും.
ഇവ സംബന്ധിച്ച വിശദമായ വിവരണങ്ങൾ ലോക ബാങ്ക്, എ.ഡി.ബി, യു.എൻ എന്നിവ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളിലും, റിപോർട്ട്കളിലും കാണാം.ഈ ആശയങ്ങളുടെ ചുവട് പിടിച്ച് കേന്ദ്ര സർക്കാർ ദേശീയ ദുരന്ത പ്രതിരോധ നിധിയിൽ 2024ൽ പുനരധിവാസ-പുനർ നിർമ്മാണ വിൻഡോ സൃഷ്ട്ടിച്ചിട്ടുണ്ട്.
ഈ നിധിയിൽ നിന്നും മേപ്പാടി ദുരന്തത്തിന് അനുവദിച്ച തുക 260 കോടി ആണ് എന്നതും, അത് അനുവദിച്ചത് ഏകദേശം 1 വർഷത്തിന് ശേഷം ആണ് എന്നതും, ഉറപ്പുള്ള അടിയന്തിര അധിക ധന സഹായ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
സോഫ്റ്റ് ലോൺ ആയി കേന്ദ്ര സർക്കാർ അനുവദിച്ച 529 കോടി രൂപയും ഇതേ ആശയത്തിന്റെ പ്രയോഗം ആണ്.
ഈ സഹായ സാധ്യതകൾപോലും ദേശീയ തലത്തിൽ ഇല്ലാത്ത സമയം ആണ് 2018. ആകെ ഉണ്ടായിരുന്നത് ദേശീയ ദുരന്ത പ്രതിരോധ നിധിയിൽ നിന്നും അധിക അടിയന്തിര സഹായം ചോദിക്കാം.
അന്ന് 27,000 കോടി രൂപയുടെ നഷ്ടം കണക്കാക്കിയ കേരളത്തിൽ പുനർ നിർമ്മാണത്തിന് 31,000 കോടി വേണ്ടി വരും എന്ന് ലോകബാങ്ക്, എഡിബി എന്നിവരെല്ലാം ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് പറഞ്ഞപ്പോൾ കേരളത്തിന് ലഭിച്ചത് 2904.85 കോടി മാത്രം ആണ്.
ഈ തുക മാത്രം കൊണ്ട് പുനർ നിർമ്മാണം അസാധ്യമായിരുന്നു. അതിനാൽ വിവിധ
ധന സ്രോതസ്സുകളിൽ നിന്നും തുക ഏകോപിപ്പിച്ച് വിനിയോഗിക്കുവാൻ ശുപാർശ ചെയ്തിരുന്നു.
ലോക ബാങ്ക് സഹായം മസാല ബോണ്ട് എന്നിവ ഒഴികെ മറ്റെല്ലാം രാജ്യത്തെ തന്നെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള പണം വഴിതിരിച്ച് പുനർനിർമ്മാണ ആവശ്യത്തിനായി ഉപയോഗിക്കുന്ന രീതി ആണ്.
ഇവയിൽ ബഹുഭൂരിപക്ഷം ഫണ്ട്കളും വിനിയോഗിക്കുന്നതിന് വിവിധ മാനദണ്ഡങ്ങൾ, മാർഗ്ഗ രേഖകൾ എന്നിവ ഉണ്ട് എന്നതിനാൽ എല്ലാ പ്രവർത്തനങ്ങൾക്കും, പ്രതേകിച്ചും ദീർഘകാലത്തിൽ സംസ്ഥാനത്തിന് പ്രയോജനം ലഭിക്കുന്ന വികസന പദ്ധതികൾക്ക് വിനിയോഗിക്കുവാൻ സാധ്യമല്ല.
ആയതിനാൽ കാര്യക്ഷമമായി, ദീർഘ വീക്ഷണത്തോടെ പുനർ നിർമ്മാണം നടത്തി, കാലാവസ്ഥാ വ്യതിയാന, ദുരന്ത പ്രതിരോധ ശേഷി വർദ്ധിപ്പിക്കണം എങ്കിൽ സർക്കാരിന് സ്വതന്ത്രമായി വിനിയോഗിക്കാവുന്ന ഫൺഡ്സ് കൂടി വേണം.
ക്ഷീണം ബാധിച്ച ഒരു ശരീരത്തിന് പുറമെ നിന്നും സഹായം നല്കുന്നത് പോലെ, ദുരന്ത സൃഷ്ടിച്ച ആഘാതത്തിൽ നിന്നും പൂർണ്ണമായും മുക്തി വേഗത്തിൽ നേടണം എങ്കിൽ രാജ്യത്തെ സാമ്പത്തിക സ്രോതസസുകൾക്ക് അതീതമായി ദുരന്തം ബാധിച്ച സമൂഹത്തിന് സഹായം ആവശ്യമാണ്.
ദുരന്ത നിവാരണ നിയമത്തിൽ ദുരന്തത്തെ നിർവചിക്കുന്നത് തന്നെ 'സാമൂഹിക പ്രതിരോധ ശേഷിക്ക് അതീതമായി ആഘാതം സൃഷ്ട്ടിക്കുന്ന അപകടങ്ങൾ' എന്ന തരത്തിൽ ആണ്.
കാലാവസ്ഥാ വ്യതിയാന പ്രതിരോധം, ദുരന്ത ലഘൂകരണം എന്നിവയിൽ അന്തർദേശീയമായി ലഭ്യമായ വിവിധ സാമ്പത്തിക സ്രോതസ്സുകൾ ഇപ്പോഴും സംസ്ഥാന തലത്തിലും, തദ്ദേശ തലത്തിലും ലഭ്യമാക്കുവാൻ പ്രായോഗികമായ രീതികൾ രാജ്യത്ത് ഉണ്ടായിട്ടില്ല.
ഇവ ഉണ്ടാകും, അതിനുള്ള പ്രവർത്തനം രാജ്യത്തെ ദുരന്ത നിവാരണ പ്രവർത്തകരും, കാലാവസ്ഥാ വ്യതിയാന പ്രതിരോധം വർദ്ധിപ്പിക്കുവാൻ ഉദ്ദേശിച്ച് പ്രവർത്തിക്കുന്ന പ്രൊഫെഷനൽസും നടത്തുന്നുണ്ട്.
അന്ന്, കേരളം നടപ്പാക്കി കാണിച്ച മസാലാ ബോണ്ട് കൂടുതൽ വ്യാപകമായി ദേശീയ-സംസ്ഥാന-തദ്ദേശ തലങ്ങളിൽ വിനിയോഗിക്കപ്പെടും.
രാജ്യത്ത് ആരെങ്കിലും ചെയ്തോ, മാനദണ്ഡം ഉണ്ടോ, നിയമം ഉണ്ടോ ഇല്ലയോ എന്നിവയൊന്നും ദുരന്ത നിവാരണത്തിൽ പ്രസക്തം അല്ല എന്നും സര്ക്കാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us