മേയർ ആര്യാ രാജേന്ദ്രൻ വീഴുമോ വാഴുമോ ? മേയറുടെ ഭാവി സംസ്ഥാന നേതൃത്വത്തിൻെറ കൈയ്യിൽ; തിരുത്താതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടില്‍ ജില്ലയിലെ പാര്‍ട്ടി ഒന്നടങ്കം; ആര്യയുടെ നടപടികൾ നഗരസഭാ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്  എത്തിച്ചെന്നും ആക്ഷേപം;  തെറ്റായ നീക്കങ്ങൾക്ക് മേയർക്ക് കരുത്ത് പകരുന്നത്‌ പാർട്ടിയിലെ  ഉന്നതരുമായുളള ബന്ധമെന്നും വിമര്‍ശനം

തിരഞ്ഞെടുപ്പ് ഫലത്തിൻെറ അവലോകനത്തിനായി ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റിയിലെ വിമർശനത്തിൻെറ പശ്ചാത്തലത്തിൽ നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ വാഴുമോ അതോ വീഴുമോ ?

New Update
arya untitilees.jpg

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തിൻെറ അവലോകനത്തിനായി ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റിയിലെ വിമർശനത്തിൻെറ പശ്ചാത്തലത്തിൽ നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ വാഴുമോ അതോ വീഴുമോ ? നഗരസഭാ ഭരണത്തിലെ വീഴ്ചകളും അവിടേക്ക് വരുന്ന ജനങ്ങളോടുളള മോശം പെരുമാറ്റവും ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവ് എം.എൽ.എയുമായി ചേർന്ന് കാ‍ർ കുറുകെയിട്ട്  കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതും അടക്കമുളള സംഭവങ്ങളും ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റിയിൽ മേയർക്കെതിരെ രൂക്ഷമായ വിമർശനമാണ് നടന്നത്. മേയറുടെ  നടപടികൾ നഗരസഭാ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്  എത്തിച്ചുവെന്നും  പാർട്ടി ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ആവശ്യം. 

Advertisment

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നഗരസഭാ പരിധിയിൽ ബി.ജെ.പിയുടെ വോട്ട് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഈ ആശങ്കയ്ക്കൊപ്പം നഗരസഭാ ഭരണത്തിനെതിരായ വികാരം കൂടി ചേരുമ്പോൾ പതിറ്റാണ്ടുകളായി കുത്തകയാക്കി വെച്ചിരിക്കുന്ന തലസ്ഥാന നഗരസഭാ ഭരണം നഷ്ടമാകുമോ എന്ന ഭയപ്പാടിലാണ് ജില്ലാ കമ്മിറ്റിയിലെ വിമർശനങ്ങൾ. മേയറെ തിരുത്തിയില്ലെങ്കിൽ ഇനി മുന്നോട്ട് പോകാനാവില്ലെന്ന് ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഒരുപോലെ ആവശ്യം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ നേതൃത്വം എന്തുചെയ്യുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


 മേയറെ മാറ്റണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ ആര്യാ രാജേന്ദ്രനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റുകയാണ്  ജില്ലാ നേതൃത്വത്തിന് മുന്നിലുളള ഒരു വഴി. അല്ലെങ്കിൽ മേയറെ തിരുത്താൻ ജില്ലാ നേതൃത്വം മുന്നിട്ടിറങ്ങണം.


 ഇതിൽ ഏത് വഴിയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വം സ്വീകരിക്കുക എന്നാണ് അറിയാനുളളത്. ജില്ലാ നേതൃത്വവും കടന്ന് സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുടെ കുടുംബവുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് മേയർ ആര്യാ രാജേന്ദ്രൻ. ഭർത്താവും ബാലുശേരി എം.എൽ.എയുമായ സച്ചിൻദേവ് മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിൻെറ അടുപ്പക്കാരനുമാണ്. അതുകൊണ്ടുതന്നെ മേയറെ മാറ്റുന്ന കാര്യത്തിലും തിരുത്തി മുന്നോട്ട് കൊണ്ടു പോകുന്ന കാര്യത്തിലും സംസ്ഥാന നേതൃത്വത്തിൻെറ അഭിപ്രായം തേടേണ്ടി വരും.

അല്ലെങ്കിൽ  ഉന്നത നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുന്ന മേയറെ തിരുത്താൻ ജില്ലാ നേതൃത്വം സ്വയം മുന്നിട്ടിറങ്ങുമോ എന്ന ചോദ്യവും പ്രസക്തമാണ്. മുൻ മേയറും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ സി. ജയൻ ബാബുവിനാണ് നഗരസഭയുടെ പാർട്ടി ചുമതല. നഗരസഭാ ഭരണത്തിലെ വീഴ്ചകൾക്കും മേയറുടെ പെരുമാറ്റശൈലിയെപ്പറ്റിയും ഉയരുന്ന വിമർശനങ്ങൾ ജയൻബാബുവിന് നേർക്ക് കൂടിയാണ്.

മേയറെ തിരുത്തി ഭരണത്തെ ശരിയായ ദിശയിൽ നയിക്കുന്നതിൽ ജയൻ ബാബുവിനും വീഴ്ചയുണ്ടെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ തിരുത്താനുളള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അതൊന്നും ഫലം കണ്ടില്ലെന്നുമാണ് ജയൻ ബാബു പാർട്ടി നേതൃത്വത്തെ അറിയിച്ചത്. 

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണവുമായി നഗരഭരണത്തിലെത്തിയ ആര്യാ രാജേന്ദ്രന്‌ തുടക്കം മുതൽ തന്നെ വിവാദങ്ങളാണ് നേരിടേണ്ടി വന്നത്‌. പട്ടിക ജാതി പട്ടികവർഗ ഫണ്ട് വെട്ടിപ്പ്, നഗരസഭാ സോണൽ ഓഫീസുകൾ കേന്ദ്രീകരിച്ച് നടന്ന നികുതി വെട്ടിപ്പ്, നഗരസഭാ നിയമനത്തിന് പട്ടിക ആവശ്യപ്പട്ട് ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയത് തുടങ്ങി വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കുളള യാത്രയായിരുന്നു കഴിഞ്ഞ നാല് വർഷത്തെ നഗരസഭാ ഭരണം.

ഇതെല്ലാം ചൂണ്ടിക്കാട്ടി കൊണ്ടാണ് ആര്യാ രാജേന്ദ്രനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വിമർശനം നടന്നത്. നഗരഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മേയർ കാര്യങ്ങൾ എത്തിച്ചു, പാർട്ടി ഉചിതമായ  തീരുമാനം എടുക്കണമെന്നാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ആവശ്യം. കെ.എസ്.ആർ.ടി.സി ബസ്  തടഞ്ഞ സംഭവത്തിലും മേയർക്കെതിരെ
രൂക്ഷ വിമ‍ർശനം നടന്നു.

ബസ് തടഞ്ഞ മേയറുടെയും ഭർത്താവിൻെറയും നടപടി ‌അപക്വമായിപ്പോയി, ഡ്രൈവറുമായുളള ത‍ർക്കം  നാണക്കേടായി ഇങ്ങനെ പോയി മേയർ ആര്യാ രാജേന്ദ്രനെതിരായ വിമർശനങ്ങൾ. പാർട്ടി ഉന്നത നേതൃത്വത്തിൻെറ പിന്തുണയിലാണ് മേയറുടെ നീക്കങ്ങളെന്നും ജില്ലാ കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Advertisment