തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും ഹരിത ചട്ടങ്ങള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു. പൊങ്കാല ഇടാനെത്തുന്നവര്‍ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കണം, പകരം സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്നവര്‍ക്കും ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം സന്നദ്ധസംഘടനകള്‍ക്ക് കോര്‍പറേഷന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ കോര്‍പറേഷന്റെ പ്രത്യേക സ്‌ക്വാഡും പരിശോധന നടത്തും.
മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തെ വൃത്തിയായി സൂക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. കോര്‍പറേഷന്‍ ഒരുക്കിയ സജ്ജീകരണങ്ങളോട് സഹകരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
3204 ശുചീകരണ തൊഴിലാളികളെയാണ് പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനത്തിന് കോര്‍പറേഷന്‍ നിയോഗിക്കുന്നത്. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ഇഷ്ടികകള്‍ അതിദരിദ്ര വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനായി നല്‍കാനുള്ള കോര്‍പറേഷന്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.