കോട്ടയം: എസ്.എഫ്.ഐ പ്രവര്‍ത്തകരിലും കഞ്ചാവ് ഉള്‍പ്പെടുള്ള ലഹരിക്ക് അടിമകളാകുന്നവരുണ്ടെന്ന് സി.പി.എം കോട്ടയം ജില്ലാ സമ്മേളത്തില്‍ പ്രതിനിധികള്‍.
കാമ്പസുകളില്‍ ലഹരി ഉപയോഗം കൂടിയിട്ടും എസ്.എഫ്.ഐ.യ്ക്ക് തടയാനാകുന്നില്ല. ഡി.വൈ.എഫ്.ഐ യുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം. പലയിടത്തും ആശുപത്രികളില്‍ പൊതിച്ചോര്‍ നല്‍കുന്നതില്‍ മാത്രം പ്രവര്‍ത്തനം ഒതുങ്ങി.
900 ഗ്രാം കഞ്ചാവ് കൈവശം വെച്ചാല്‍ മാത്രമേ കേസെടുക്കാവൂ എന്ന ചട്ടം കഞ്ചാവ് മാഫിയയ്ക്ക് തുണയാകുന്നു. മയക്കുമരുന്ന് മാഫിയ തഴച്ചു വളര്‍ന്നിട്ടും എക്സൈസ് വകുപ്പ് നടപടിയെടുക്കുന്നില്ല. പ്ലാസ്റ്റിക് കണ്ടാല്‍ ഉറഞ്ഞു തുള്ളുന്ന മന്ത്രി ഇത് കാണാതിരിക്കുന്നു
കാഞ്ഞിരപ്പള്ളിയില്‍ ആദിവാസി മേഖലയില്‍ ഒരു ചടങ്ങിനെത്തിയ മന്ത്രി എം.ബി.രാജേഷ് വേറേ പരിപാടി ഉണ്ടെന്ന് പറഞ്ഞ് പെട്ടെന്ന് പോയത് അവമതിപ്പുണ്ടാക്കിയതായി കാഞ്ഞിരപ്പള്ളിയില്‍നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധി പറഞ്ഞു.
വനം- വന്യജീവി പ്രശ്നത്തിലും തോട്ടം-പുരയിടം വിഷയത്തിലും ശബരി റെയില്‍ വികസന കാര്യത്തിലും വേണ്ട ശരിയായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി കമ്മിറ്റികള്‍ വിമര്‍ശിച്ചു
വെള്ളൂര്‍ കെ.പി.പി.എല്‍. ഏറ്റെടുത്തെങ്കിലും വ്യവസായ വകുപ്പും മന്ത്രിയും കൂടുതല്‍ ക്രിയാത്മക സമീപനം സ്വീകരിക്കുന്നില്ല.
കോട്ടയം ടെക്സ്‌റ്റൈല്‍സ്, നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സ് എന്നിവയുടെ കാര്യത്തിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഏറ്റുമാനൂര്‍, കോട്ടയം കമ്മിറ്റിയിലെ പ്രതിനിധികള്‍ പറഞ്ഞു. റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് മന്ത്രി മുഹമ്മദ് റിയാസിനെതിരേ വിമര്‍ശനം ഉണ്ടായത്.
വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ പ്രതിനിധികളാണ് മന്ത്രിക്കെതിരെ വിമര്‍ശനവുമായി വന്നത്. പാലായിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ലാലിച്ചന്‍ ജോര്‍ജിനെതിരേ പാലായിലെ പ്രതിനിധി വിമര്‍ശനം ഉന്നയിച്ചു. ഇദ്ദേഹത്തിനെതിരേ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു
പരമ്പരാഗത വ്യവസായ മേഖല തകര്‍ക്കുന്നതിനെതിരേ വൈക്കം, തലയോലപ്പറമ്പ് പ്രതിനിധികള്‍ വിമര്‍ശിച്ചു. വൈക്കം എം.എല്‍.എ. സി.കെ.ആശയ്ക്കെതിരേ റോഡ് തകര്‍ന്നുകിടക്കുന്ന വിഷയത്തില്‍ വൈക്കത്തുനിന്ന് വിമര്‍ശനം ഉയര്‍ന്നു.
പുതുപ്പള്ളിയില്‍ ജെയ്ക് സി.തോമസ് പരാജയപ്പെടാന്‍ കാരണം സി.പി.ഐ വോട്ട് മറിച്ചതാണെന്ന് പുതുപ്പള്ളി പ്രതിനിധി ആരോപിച്ചു.