/sathyam/media/media_files/2025/07/06/untitledmuskfirecracker-2025-07-06-14-10-01.jpg)
കോട്ടയം: മെഡിക്കല്‍ കോളജ് അപകടത്തെ തുടര്‍ന്ന് രോഗിയുടെ അമ്മ മരിക്കാനിടയായ സാഹചര്യത്തില്‍ ഉയര്‍ന്ന ആരോപണങ്ങളെ മറികടക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ വാദങ്ങളില്‍ ഒന്ന് ആരോഗ്യ വകുപ്പില്‍ നാലായിരം അധിക തസ്തിക സൃഷ്ടിച്ചുവെന്നാണ്. മുന്‍ മന്ത്രി തോമസ് ഐസക്കും മന്ത്രി എം.ബി രാജേഷുമെല്ലാം ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ലാതെ ജനങ്ങളും ജീവനക്കാരും ബുദ്ധിമുട്ടുകയാണെന്നത് സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. ജീവനക്കാരുടെ ക്ഷാമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരും ചര്‍ച്ചയാക്കുന്നില്ലെന്നാണു ജീവനക്കാരുടെ പരാതി.
ദിവസേന ആയിരക്കണക്കിനു രോഗികളും കൂട്ടിരിപ്പുകാരും വന്നു പോകുന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നു ജീവനക്കാര്‍ സമ്മതിക്കുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തുന്ന ഒരോ രോഗിക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെ പരിഹരിക്കേണ്ടത് അനിവാര്യമല്ലേയെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നു.
പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍സുമാരും ഇല്ലെങ്കില്‍ താളം തെറ്റുന്നതാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ത്വക്ക്, ന്യൂറോ, ജനറല്‍ മെജിസിന്‍ ,സര്‍ജറി, ഓര്‍ത്തോ വിഭാഗങ്ങളിലൊന്നും ആവശ്യത്തിനു ഡോക്ടര്‍മാരില്ല. ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരുന്നവരുടെ ഒരു ബാച്ചിന്റെ കാലാവധി കഴിഞ്ഞതിനാല്‍ എണ്ണം പകുതിയിലേക്കു താഴ്ന്നു. അസിസ്റ്റന്റ് പ്രഫസര്‍മാരുടെയും സര്‍ജന്‍മാരുടേയും ഒഴിവ് നികത്തിയിട്ടില്ല.
സ്ഥിര ഡോക്ടര്‍മാരുടെ അഭാവത്തില്‍ ചിലവിഭാഗങ്ങളില്‍ മറ്റ് ആശുപത്രികളില്‍ നിന്നു വര്‍ക്ക് അറേഞ്ചിന്റെ ഭാഗമായി ഡോക്ടര്‍മാരെ എത്തിക്കുകയാണ്.
വിവിധ വിഭാഗങ്ങളിലായി അസിസ്റ്റന്റ് പ്രഫസറുടെ 50 ഓളം ഒഴിവുകളും അസോസിയേറ്റ് പ്രഫസര്‍മാരുടെ 10 ഒഴിവുകളും പ്രഫസര്‍മാരുടെ രണ്ട് ഒഴിവുകളും നികത്തണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെയും നടപ്പാക്കിയിട്ടില്ല. 80 പേരുടെ ഹൗസ് സര്‍ജന്‍സി ബാച്ച് പരിശീലനം പൂര്‍ത്തിയാക്കിയതോടെ ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം പകുതിയായി കുറഞ്ഞു.
ഭക്ഷണമൊക്കെ വീട്ടില്‍ നിന്നു കൊണ്ടുവരും പക്ഷേ മിക്ക ദിവസങ്ങളില്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷമാകും കഴിക്കേണ്ടി വരിക, മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന ഒരു സീനിയര്‍ നഴ്‌സിന്റെ വാക്കുകളാണിത്. ഡ്യൂട്ടിക്കു കയറിയാല്‍ പിന്നെ ഒരു മിനിറ്റ് പോലും ഇരിക്കാനോ വിശ്രമിക്കാനോ പല സമയങ്ങളിലും നഴ്‌സുമാര്‍ക്കു സമയം ലഭിക്കാറില്ല.
വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കാണ് ദുരിതമേറെ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ഒരു രോഗിയ്ക്ക് ഒരു നഴ്‌സ് എന്നതാണ് ചട്ടപ്രകാരമുള്ള അനുപാതം. എന്നാല്‍, പലപ്പോഴും 1:10 എന്ന അനുപാതത്തിനും മുകളിലാണ്. വാര്‍ഡുകളില്‍ 4-6 രോഗികള്‍ക്ക് ഒരു നഴ്‌സ് എന്നാണ് അനുപാതമെങ്കിലും പല വാര്‍ഡുകളിലും 1:50 എന്നതാണു നിലവിലെ അനുപാതം.
രോഗികള്‍ക്കു മരുന്നു വിതരണവും കുത്തിവയ്പ്പും നല്‍കുന്നതിനൊപ്പം വിശദമായ റെക്കോര്‍ഡുകള്‍ തയാറാക്കേണ്ടി വരും. കേസ് ഷീറ്റ് തയാറാക്കണം. പല ഡോക്ടര്‍മാര്‍ ഒരു വാര്‍ഡില്‍ വരുമെന്നതിനാല്‍ ഇവര്‍ക്കൊപ്പം റൗണ്ട്‌സിനു പോകണം. രോഗികള്‍ പല സ്വഭാവമുള്ളവരായതിനാല്‍ ഇവരെ മെരുക്കുകയെന്നതും ശ്രമകരമായ ജോലിയാണെന്നും നഴ്‌സുമാര്‍ പറയുന്നു.
രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രതികരണത്തിനും പ്രതിഷേധത്തിനും വിധേരാകേണ്ടിവരുന്നതും നഴ്‌സുമാരാണ്. നഴ്‌സുമാരെയാണ് രോഗികള്‍ കൂടുതല്‍ സമയവും കാണേണ്ടി വരുന്നതെന്നതിനാല്‍ പലപ്പോഴും മറ്റു ജീവനക്കാരുടെ വീഴ്ചകള്‍ക്കും നഴ്‌സുമാര്‍ മറുപടി പറയേണ്ടി വരും. വാര്‍ഡ് സംബന്ധമായ അന്വേഷണങ്ങള്‍ക്കായും രോഗികള്‍ എത്തുന്നത് നഴ്‌സുമാരുടെ മുന്നിലാണ്. ഇതിനൊപ്പമാണ് അധിക ചുമതലകള്‍.
കഴിഞ്ഞ ദിവസം ഇടിഞ്ഞു കെട്ടിട ഭാഗത്തിന്റെ ചുമതല നല്‍കിയിരുന്നതു പോലും നഴ്‌സിങ്ങ് സൂപ്രണ്ടുമാര്‍ക്കായിരുന്നു. ഇത്തരത്തിലുള്ള ജോലി ഭാരത്തിനിടെ, ആരോടെങ്കിലും മുഖം കറുത്ത് സംസാരിച്ചാല്‍ അതു വിവാദമാകുമെന്നും നഴ്‌സുമാര്‍ പറയുന്നു.
ഫലത്തില്‍, നിശ്ചിത സമയ ഡ്യൂട്ടി കഴിയുമ്പോഴേയ്ക്കും നഴ്‌സുമാരില്‍ പലരും തളര്‍ന്ന അവസ്ഥയിലായിരിക്കും. ആശുപത്രിയില്‍ പുതിയ ബ്ലോക്കുകള്‍ വരുമ്പോള്‍ ആനുപാതികമായി നഴ്സുമാരെ നിയമിച്ചില്ലെങ്കില്‍ ജോലിഭാഗം പിന്നെയും കൂടുമെന്നു ഭയയ്ക്കുകയാണ് നഴ്‌സുമാര്‍.