കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം, ഉണ്ടായത് ഗുരുതര വീഴ്ചയെന്നു ആരോപണം. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കും, മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്. പതിനാലാം വാര്‍ഡിലെ കെട്ടിടമാണ് പൊളിഞ്ഞു വീണത്.
കെട്ടിടത്തിന്റെ ഒരു ഭാഗത്തെ കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇത്. മെഡിക്കല്‍ കോളജിലെ സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചു വന്നിരുന്നത്.
ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശൗചാലയത്തിന്റെ ഒരു ഭാഗമായിരുന്നു തകര്‍ന്ന് വീണത്. എന്നാല്‍, കെട്ടിടത്തയിന്റെ ഭാഗത്തേക്കു ആളുകള്‍ പോകുന്നതിന് ഒരു തടസവും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.
പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില ബലക്ഷയം കണ്ടെത്തിയിരുന്നതിനാല്‍ പൂര്‍ണമായും അടച്ചിട്ടിരുന്നതാണെന്നാണ് സൂപ്രണ്ട് പറയുന്നത്.
എന്നാല്‍, കെട്ടിടം ഇടിഞ്ഞു വീഴാനുള്ള സാധ്യത മുന്നില്‍ കണ്ടു സുരക്ഷാ നടപടികള്‍ ഒരുക്കിയില്ല. ഇതാണ് ഇപ്പോഴത്തെ അപകടത്തിലേക്ക് നയിച്ചത്. എന്നാല്‍, വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നു വരുത്താനാണ് മന്ത്രിമാരും ആശുപത്രി അധികൃതരും ശ്രമിക്കുന്നത്.
കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തെള്ളകം ഡി.എം കണ്‍വന്‍ഷന്‍ സെന്ററില്‍ മേഖല അവലോകന യോഗം നടക്കുന്നതിനിടെയാണ് അപകട വിവരം എത്തുന്നത്.
ഉടന്‍ തന്നെ മന്ത്രിമാരായ വീണാ ജോര്‍ജ്, വി.എന്‍. വാസവന്‍, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ഓടിയെത്തി. ആരോഗ്യ മേഖലയിലെ പോരായ്മകൾ തുറന്നു കാട്ടിയ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിന് തിരിച്ചടി കൂടിയാണ് അപകടം.
അപകടത്തിനു പിന്നാലെ അതിവേഗമാണ് രോഗികളെ മാറ്റുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നത്. അപകടത്തെ തുടര്‍ന്ന് 10 , 11 , 14. വാര്‍ഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ ഒഴിപ്പിച്ചു.
6 വാര്‍ഡുകളിലെ രോഗികളെ പുതുതായി നിര്‍മിച്ച സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റുമെന്നും അപകടം പറ്റിയ വാര്‍ഡ് പൂര്‍ണമായി അടയ്ക്കുമെന്നും മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍ വാസവനും പറഞ്ഞു. അതേസമയം സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.