/sathyam/media/media_files/2025/07/03/untitledmalivee-2025-07-03-16-03-46.jpg)
കോട്ടയം : കോട്ടയം മെഡിക്കല്‍ മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു രോഗിയുടെ അമ്മ മരിച്ച സംഭവം, രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കാന്‍ സാഹചര്യം സൃഷ്ടിച്ചുവെന്ന് ആരോപണം നേരിട്ടു മന്ത്രി വി.എന്‍. വാസവനും വീണാ ജോര്‍ജും. മന്ത്രിമാര്‍ക്ക് വിനയായതു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലത്തുള്ള സമയം ഉണ്ടായ അപകടം വീഴ്ചയല്ലെന്നു വരുത്തിതീര്‍ക്കാന്‍ കാട്ടിയ തിടുക്കം.
ഇരുവരും രാജിവെക്കണമെന്നു ബി.ജെ.പിയും കുറ്റകരമായ അനാസ്ഥയാണ് ഇരുവരുടെയും ഭാഗത്തു നിന്നു ഉണ്ടായതെന്നു യു.ഡി.എഫും ആരോപിക്കുന്നു. അപകടം നടക്കുമ്പോള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രി അധ്യക്ഷനായ ജില്ലാ അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.
അപകടം അറിഞ്ഞ ഉടന്‍ തന്നെ ഇരുവരും സംഭവ സ്ഥലത്ത് എത്തി. കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് ചോദിച്ച മന്ത്രിമാര്‍ക്കു ലഭിച്ചതു ബലക്ഷയത്തെ തുടര്‍ന്ന് അടച്ചിട്ട കെട്ടിടത്തിന്റെ ഒരു ഭാഗമാണു തകര്‍ന്നു വീണതെന്നും രണ്ടുപേര്‍ക്കും പരുക്കുണ്ട്. ഇവിടേക്ക് ആളുകള്‍ അങ്ങനെ എത്താറില്ലെന്നുമായിരുന്നു.
അപകടം മാധ്യമങ്ങളും പൊതുജനങ്ങളും സര്‍ക്കാരിന്റെ വീഴ്ചയായി ചൂണ്ടിക്കാട്ടാതിരിക്കാന്‍ ഇവര്‍ തിടുക്കം കാട്ടുകായിരുന്നു. ചെറിയ അപകടമാണ് ഉണ്ടായതെന്നും ആരും കുടുങ്ങിക്കിടപ്പില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗത കുറഞ്ഞു. ഈ സമയം കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഒരു സ്ത്രീ കുടിങ്ങിക്കിടന്നത് ആരും അറിഞ്ഞില്ല.
കെട്ടിടത്തിനു ബലക്ഷയം ഉണ്ടായി അടച്ചിട്ടുവെങ്കിലും ശൗചാലയം ആളുകള്‍ ഉപയോഗിച്ചിരുന്നു. തിരിക്കുകൂടുമ്പോള്‍ ഈ ശൗചലായമാണു രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഉപയോഗിച്ചിരുന്നത്. അപകട സമയം തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു(54) ഇവിടെ കുളിക്കാന്‍ എത്തിയിരുന്നു.
ഇതിനിടെയാണു കെട്ടിടം തകര്‍ന്നു വീണത്. ഇതോടെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടു ബിന്ദു കിടന്നതു രണ്ടു മണിക്കൂറിലധികമാണ്. ഇതിനു കാരണം ആരും കുടുങ്ങിക്കിടപ്പല്ല എന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാക്കുകള്‍.
അപകടം നടന്നതോടെ ശൗചാലയത്തിലേക്കു പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണു രണ്ടു ജെ.സി.ബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്.
തുടര്‍ന്നാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ഇവരെ കണ്ടെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണു വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയത്.
അമ്മയുടെ അപ്രതീക്ഷിത വിയോഗം താങ്ങാന്‍ ഇനിയും മകള്‍ക്കായിട്ടില്ല. അതേസമയം മന്ത്രിമാരുടെ വീഴില്‍ നടപടി വേണമെന്നാണു പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെടുന്നു. സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. രണ്ടു മന്ത്രിമാര്‍ സ്ഥലത്ത് എത്തി സംഭവത്തെ നിസാരവല്‍ക്കരിച്ചതാണു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. മരണമടഞ്ഞ ബിന്ദുവിനെ കാണാനില്ലായെന്നു ബന്ധുക്കള്‍ പറഞ്ഞു എങ്കിലും ആദ്യം അധികൃതര്‍ ചെവിക്കൊണ്ടില്ല.
ഉപയോഗിക്കാത്ത കെട്ടിടവും, ശൗചാലയവുമാണെന്നു എന്ന് പറഞ്ഞു ഇവരുടെ ആവശ്യത്തെ നിരാകരിച്ചു. തുടര്‍ന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍ ആവശ്യപ്പെടുകയും, മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണു ജെസിബികള്‍ സ്ഥലത്ത് എത്തിച്ചത്.
അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നേല്‍ ഒരു സാധു സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നു എന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. നിലവില്‍ ആ കെട്ടിടത്തിലുള്ള രോഗികളെ എല്ലാം ഡിസ്ചാര്‍ജ് ചെയ്യാനാണ് അധികൃതര്‍ ശ്രമിക്കുന്നതെങ്കില്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ സമരം ആരംഭിക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, മാണി സി കാപ്പന്‍ ,മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നത്.
ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥയുടെയും അഴിമതിയുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിട തകര്‍ച്ചയിലൂടെയും രോഗിയുടെ മരണത്തിലൂടെയും പുറത്തുവന്നിരിക്കുന്നതു ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍ ആരോപിച്ചു.
പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമായ മെഡിക്കല്‍ കോളജുകള്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാത്ത അവസ്ഥ വിവാദമായിരിക്കുകയാണു പുതിയ സംഭവമെന്നും ലിജിന്‍ലാല്‍ ആരോപിച്ചു.