കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെ ഫോണില്‍ വിളിച്ചു മന്ത്രി വീണാ ജോര്‍ജ്. ബിന്ദുവിന്റെ മരണത്തെ തുടര്‍ന്ന് 10 ലക്ഷം രൂപ ധനസഹായവും, മകനു ദേവസ്വം ബോര്‍ഡില്‍ ജോലിയും നല്‍കുമെന്ന മന്ത്രിസഭാ യോഗ തീരുമാനത്തിനു ശേഷമായിരുന്നു മന്ത്രി വിളിച്ചത്.
ബിന്ദുവിന്റെ മകള്‍ നവമിയുട ശസ്ത്രക്രിയ ഇന്നലെ നടന്നിരുന്നു. 8 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണു നടന്നത്. നവമിയുടെ വിവരങ്ങള്‍ മന്ത്രി ആരായുകയും കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നു ഉറപ്പും നല്‍കി.
സര്‍ക്കാര്‍ ചെയ്യുമെന്നു പറഞ്ഞ കാര്യങ്ങളെല്ലാം ഇതുവരെ ചെയ്തു തരുന്നുണ്ടെന്നു വിശ്രുതന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മകളുടെ ചികിത്സാ കാര്യത്തിലും എല്ലാം ചെയ്തു നല്‍കുന്നുണ്ട്. മകള്‍ നവമിയുടെ സര്‍ജറി പൂര്‍ത്തിയായി ഇപ്പോള്‍ ഐ.സി.യുവിലാണ്. മകളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. മറ്റൊന്നിനും പിന്നാലെ ഇപ്പോള്‍ പോകാനില്ലെന്നും വിശ്രുതന്‍ പറഞ്ഞു.