എം.ബി.ബി.എസ് സീറ്റ് വർദ്ധന സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് മാത്രം. കാലാവധി തീരും മുൻപ് സർക്കാരിന്റെ വക പ്രത്യേക പാരിതോഷികം. മാനേജ്മെന്റ്കൾക്ക് പ്രതിവർഷം 40 കോടി രൂപ അധിക വരുമാനം. ഗവ മെഡിക്കൽ കോളേജുകളെ തഴഞ്ഞു. പുഷ്പന്റെ ആത്മാവ് പൊറുക്കില്ലെന്ന് വിമർശനം. പിണറായി സർക്കാരിൻ്റെ സ്വാശ്രയ നയം മാറ്റം ഇങ്ങനെ

പുതുതായി പാലക്കാട്‌ ആരംഭിച്ച സ്വകാര്യ മെഡിക്കൽ കോളേജിന് 150 സീറ്റ്  അനുവദിച്ചപ്പോൾ ഒപ്പം സർക്കാർ ഉടമയിൽ ആരംഭിച്ച രണ്ട് മെഡിക്കൽ കോളേജുകളിൽ 50 സീറ്റുകളാണ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
doctor

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിൽ  സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാതെ  സ്വകാര്യ മെഡിക്കൽ കോളേജുകളിൽ മാത്രം  സീറ്റുകൾ വർദ്ധിപ്പിച്ചതിൽ ദുരൂഹതയെന്ന് ആക്ഷേപം. 500 സീറ്റുകളാണ് സ്വകാര്യ  മാനേജ്മെൻറ്കൾക്ക് പൊടുന്നനെ വർധിപ്പിച്ചു നൽകിയത്.

Advertisment

പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ മേഖലയിലാകണം ഭാവിയിൽ കൂടുതൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കേണ്ടതെന്ന  കേന്ദ്ര സർക്കാർ  നിർദ്ദേശം അവഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ അവസാന വർഷത്തിൽ സ്വകാര്യ മേഖലയിൽ  സീറ്റുകളുടെ എണ്ണം വർധിപ്പിച്ചത്.

ഇതിലൂടെ  സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെന്റ് കൾക്ക് പ്രതിവർഷം 40 കോടി രൂപ അധികവരുമാനം ലഭിക്കും.

mbbs

 സ്വകാര്യ മേഖലയ്ക്ക് 500 സീറ്റുകൾ കൂട്ടിനൽകിയപ്പോൾ സർക്കാർ  പുതിയതായി ആരംഭിച്ച കാസർഗോഡ്, വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ  50 സീറ്റുകൾ വീതമാണ് അനുവദിച്ചത്.


കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്, കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ്, തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തിരുവനന്തപുരം  എസ്. യു.ടി മെഡിക്കൽ കോളേജ്, വാണിയംകുളം പി.കെ ദാസ് മെഡിക്കൽ കോളേജ്, എന്നിവിടങ്ങളിൽ 50 സീറ്റുകൾ വീതവും തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിൽ 100 സീറ്റുമാണ് വർധിപ്പിച്ചത്.  


പുതുതായി പാലക്കാട്‌ ആരംഭിച്ച സ്വകാര്യ മെഡിക്കൽ കോളേജിന് 150 സീറ്റ്  അനുവദിച്ചപ്പോൾ ഒപ്പം സർക്കാർ ഉടമയിൽ ആരംഭിച്ച രണ്ട് മെഡിക്കൽ കോളേജുകളിൽ 50 സീറ്റുകളാണ്.

യുഡിഎഫ് കാലത്ത് ആരംഭിക്കാൻ തീരുമാനിച്ച  കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടും  തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ  മെഡിക്കൽ കോളേജ് ആയി ഉയർത്തിയിരുന്നെങ്കിൽ  പ്രവേശന പരീക്ഷയിൽ  ഉയർന്ന റാങ്ക് നേടിയ 250 ഓളം വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള അവസരം ലഭിക്കുമായിരുന്നു.

തമിഴ്നാട്ടിലെ എല്ലാ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും 50% സീറ്റുകളിലും, കർണാടകയിൽ 40% സീറ്റുകളിലും സർക്കാർ ഫീസിൽ പഠിപ്പിക്കാൻ വ്യവസ്ഥയുള്ളപ്പോഴാണ് നമ്മുടെ സംസ്ഥാനത്തെ  സ്വകാര്യ കോളേജുകളിൽ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും ഉയർന്ന ഫീസിൽ പഠിക്കേണ്ടി വരുന്നത്.

തമിഴ് നാടിന്സമാനമായാണ് എകെ.ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ രണ്ട് സ്വാശ്രയ കോളേജുകൾ സമം ഒരു സർക്കാർ കോളേജ് എന്ന വ്യവസ്ഥ കോളേജ് പ്രവേശനത്തിന് നടപ്പാക്കിയിരുന്നത്.

pinarayi


സംസ്ഥാനത്ത്  സർക്കാർ ഉടമയിലുള്ള 14 കോളേജുകൾ ഉൾപ്പടെ 35 മെഡിക്കൽ കോളേജുകളാണുള്ളത്.1855 സീറ്റുകൾ സർക്കാർ കോളേജുകളിലും 3300 സീറ്റുകൾ സ്വകാര്യ മേഖലയിലുമാണ്. സംസ്ഥാനത്തെ ഫീ റെഗുലേറ്ററി അ തോറിറ്റി പ്രതിവർഷ  7.7 ലക്ഷം രൂപ മുതൽ 8.5 ലക്ഷം വരെയാണ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. എൻ.ആർ.ഐ ഫീസ് 21.65 ലക്ഷമാണ്.


സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രതിവർഷ ഫീസ് 23000 രൂപ മുതൽ 31000 വരെ മാത്രമാണ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ സൗകര്യങ്ങൾ വർധിപ്പിച്ച് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുംസേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

സർക്കാർ കോളേജുകളെ പൂർണ്ണമായും ഒഴിവാക്കി സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് മാത്രമായി സീറ്റ് വർധിപ്പിച്ചതിൽ ഏറെ ദുരൂഹതകൾ ഉണ്ടെന്നും, എൽ.ഡി.എഫ് സർക്കാരിന്റെ  നിലപാട് പുഷ്പന്റെ ആത്മാവ് പോലും പൊറുക്കില്ലെന്ന് സർക്കാരിന് നേതൃത്വം നൽകുന്നവർ  ഓർക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  പറഞ്ഞു.

Advertisment