ആരോഗ്യ ഇൻഷ്വറൻസായ മെഡിസെപ്പിൽ സർക്കാരിനെതിരേ തിരിഞ്ഞ് ജീവനക്കാർ. മെഡിസെപ്പല്ല, മേടിക്കൽ സെപ്പെന്ന് ആരോപണം. 500 രൂപയായിരുന്ന പ്രീമിയം 810 ആക്കി. ദമ്പതിമാരുണ്ടെങ്കിൽ രണ്ടുപേരും പ്രീമിയം അടയ്ക്കണം. നല്ല ആശുപത്രികളിൽ പ്രധാന വിഭാഗങ്ങളെ ഒഴിവാക്കി. യഥാർത്ഥ ബില്ലിന്റെ പത്തിലൊന്നുപോലും കിട്ടില്ല. മെഡിസെപ്പ് ജീവനക്കാർക്കും പെൻഷൻകാർക്കും കുരുക്കായി മാറുമ്പോൾ

ലഭ്യമാവുന്ന ചികിത്സയെ കുറിച്ച് മിണ്ടാട്ടമില്ല. ഒരു വീട്ടിൽ ഒന്നിലേറെ സർക്കാരുദ്യോഗസ്ഥരോ പെൻഷൻകാരോ ഉണ്ടെങ്കിലും ഒരാൾക്ക് മാത്രമല്ല, ദമ്പതിമാരെങ്കിൽ രണ്ട് പേരും 810 രൂപ വീതം നൽകണമെന്ന സർക്കാർ വ്യവസ്ഥയിലും എതിർപ്പ് പുകയുകയാണ്.  

New Update
medisep
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ പ്രീമിയം കൂട്ടിയതിൽ ജീവനക്കാർ കടുത്ത എതിർപ്പിൽ. 

Advertisment

രണ്ടാം ഘട്ടം ജനുവരി ഒന്നുമുതൽ ആരംഭിക്കുമ്പോൾ 8237രൂപയും ജി.എസ്.ടി.യുമായിരിക്കും വാർഷിക പ്രീമിയം. ജീവനക്കാരിലും പെൻഷൻകാരിലും നിന്ന് 810 രൂപ വീതം പ്രതിമാസം പിടിക്കും. 


സർക്കാരും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ധാരണാ വ്യവസ്ഥകൾക്ക് അനുസരിച്ചായിരിക്കും ആനുകൂല്യങ്ങൾ ലഭിക്കുക. ആദ്യവർഷത്തെ പ്രീമിയം മാത്രമാണ് ഉത്തരവിൽ കാണിച്ചിട്ടുള്ളത്.

മെഡിസെപ്പിനെക്കുറിച്ച് നേരത്തേ തന്നെ ജീവനക്കാർക്കിടയിൽ പരാതി വ്യാപകമായിരുന്നു. മെഡിസെപ്പ് അല്ല മേടിക്കൽസെപ്പ് ആണെന്നാണ് ആക്ഷേപം. 


പ്രീമിയം 500 ൽ നിന്ന് 810 ലേക്ക് കൂട്ടിയതിലും സർക്കാർ വിഹിതം നൽകാത്തതിലും ജീവനക്കാർക്ക് പ്രതിഷേധമുണ്ട്. പ്രീമിയം കൂട്ടിയെങ്കിലും ചികിത്സ നൽകുന്ന ആശുപത്രികളുടെ ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 


ലഭ്യമാവുന്ന ചികിത്സയെ കുറിച്ച് മിണ്ടാട്ടമില്ല. ഒരു വീട്ടിൽ ഒന്നിലേറെ സർക്കാരുദ്യോഗസ്ഥരോ പെൻഷൻകാരോ ഉണ്ടെങ്കിലും ഒരാൾക്ക് മാത്രമല്ല, ദമ്പതിമാരെങ്കിൽ രണ്ട് പേരും 810 രൂപ വീതം നൽകണമെന്ന സർക്കാർ വ്യവസ്ഥയിലും എതിർപ്പ് പുകയുകയാണ്.  

അച്ഛനമ്മമാർ പെൻഷണറെങ്കിൽ അവരും നൽകണം 810 വീതം. ഈ പോളിസിയിൽ ചേരണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ജീവനക്കാർക്കും പെൻഷൻകാർക്കും കഴിയില്ല. പദ്ധതിയിൽ 18 ശതമാനം ജി.എസ്.ടിയുണ്ട്. ഇതിൽ 9 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വീതിച്ചെടുക്കും. ഇതിലാണ് സർക്കാരിന്റെ നേട്ടം. 


ആരോഗ്യ ഇൻഷ്വറൻസിന് ജി.എസ്.ടി പൂർണമായി കേന്ദ്രം ഒഴിവാക്കിയിരുന്നു. എന്നാൽ ജീവനക്കാരെയുെം പെൻഷൻകാരെയും ഗ്രൂപ്പായി ഇൻഷ്വറൻസിൽ ചേർക്കുന്നതായതിനാൽ ജി.എസ്.ടി നൽകേണ്ടി വരുമെന്നതാണ് സ്ഥിതി. 


അതിനായി ജീവനക്കാർ വ്യക്തിപരമായി നൽകുന്ന തുക ഗ്രൂപ്പായി ഇൻഷ്വർ ചെയ്ത് ജി.എസ്.ടി പിടിച്ചുവാങ്ങുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം. ഇതിനെതിരേ കടുത്ത പ്രതിഷേധം നടത്തുമെന്നാണ് ജീവനക്കാരുടെ സംഘടനകൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിനെ തകർക്കാൻ സ്വകാര്യ ആശുപത്രി ലോബി ശ്രമിക്കുകയാണെന്നും കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യാൻ സർക്കാർ ശ്രമിക്കുകയാണെന്നുമാണ് സർക്കാർ പറയുന്നത്. 

സർക്കാർ ജീവനക്കാർ മാത്രമല്ല, സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ആശ്രിതരും അടങ്ങുന്ന 40 ലക്ഷത്തോളം പേർക്ക് ഗുണകരമായ പദ്ധതിയാണിത്. 


1920 ചികിത്സകൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുമടക്കം പരിരക്ഷ ലഭിക്കും. 394 ആശുപത്രികളാണ് പദ്ധതിയിലുള്ളത്. ഇതിനുപുറമെ അപകടം, അടിയന്തര സാഹചര്യം, ജീവന് ഭീഷണി തുടങ്ങിയ ഘട്ടങ്ങളിൽ മറ്റ് ആശുപത്രികളിൽ നടത്തുന്ന ചികിത്സകൾക്കും പരിരക്ഷ ലഭിക്കും. 


പരാതി പരിഹാരത്തിന് ത്രിതല സംവിധാനവുമുണ്ട്. പദ്ധതി ആരംഭിച്ച് ഒരാഴ്ചയ്ക്കകം 902പേർക്കായി 1,89,56,000 രൂപ ക്ലെയിം നൽകാനായിരുന്നു. മുൻപ് ലഭിച്ചിരുന്ന റീ ഇംപേഴ്സ്മെന്റ് ഒ.പി ചികിത്സയ്ക്ക് തുടർന്നും ലഭിക്കും. 

പലിശരഹിത മെഡിക്കൽ അഡ്വാൻസും നിലനിറുത്തിയിട്ടുണ്ട്. കൂടാതെ പെൻഷൻകാർക്ക് നിലവിൽ നൽകുന്ന മെഡിക്കൽ അഡ്വാൻസ് തുടർന്നും ലഭ്യമാക്കുമെന്നും സർക്കാർ പറയുന്നു.


അതേസമയം, മുന്നൊരുക്കമില്ലാതെ തിടുക്കത്തിൽ നടപ്പാക്കിയ പദ്ധതിയിലൂടെ ആയിരത്തിലേറെ കോടി രൂപ ഇൻഷ്വറൻസ് കമ്പനികളുടെ കൈയിലെത്തുമെന്നാണ് പ്രതിപക്ഷ ആരോപണം. 


പ്രശസ്തമായ ഒരു ആശുപത്രി പോലും പദ്ധതിയിലില്ല. ഒരു രൂപ പോലും മുടക്കാതെ ജീവനക്കാർക്ക് കിട്ടിയിരുന്ന പരിരക്ഷയ്ക്ക് ഇപ്പോൾ 8237 രൂപ നൽകണം. 

ജീവനക്കാരുടെ വിഹിതത്തിന് തുല്യമായ തുക സർക്കാരും അടയ്ക്കണമെന്നും മെഡിസെപ്പ് എന്നല്ല, മേടിക്കൽ സെപ്പ് എന്നാണ് പദ്ധതിയെ വിളിക്കേണ്ടതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.  


ചികിത്സ ലഭ്യമായ ആശുപത്രികളിൽ നാലിലൊന്നും കണ്ണാശുപത്രികളാണ്. പട്ടികയിലുള്ള നല്ല ആശുപത്രികളിൽ പ്രധാന വിഭാഗങ്ങളെ ഒഴിവാക്കി. യഥാർത്ഥ ബില്ലിന്റെ പത്തിലൊന്നുപോലും മെഡിസെപ്പിൽ നിന്ന് ലഭിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.


 എന്നാൽ മെഡിസെപ്പ് കൂടുതൽ നന്നായി നടപ്പാക്കുമെന്നും  പോരായ്മകൾ പരിഹരിക്കുമെന്നുമാണ് സർക്കാർ പറയുന്നത്. 

500കോടിയാണ് വിഹിതം കമ്പനിക്ക് നൽകുന്നത്. 2000കോടി വരെ ക്ലെയിം ലഭിക്കുന്നുണ്ട്. 101 വയസായ പെൻഷൻകാരനും പദ്ധതിയിൽ ചേരാനായെന്നും സർക്കാർ പറയുന്നു.

Advertisment