മീനാങ്കൽ കുമാറിന്റെ പരസ്യ പ്രതികരണത്തിൽ സി.പി.ഐയിൽ വിവാദം. സംസ്ഥാന കൗൺസിൽ ഒഴിവാക്കലിന് പിന്നാലെ വിശദീകരണം തേടിയതോടെ നടപടി സാധ്യത ചർച്ചാവിഷയമാകുന്നു. അച്ചടക്ക നടപടി സ്വീകരിച്ചാൽ നേതൃത്വത്തിനെതിരെ മീനാങ്കൽ കുമാർ വാളെടുക്കുമെന്ന് ഉറപ്പ്. സി.പി.ഐയെ പിടിച്ചുലക്കുന്ന നിരവധി വജ്രായുധങ്ങൾ മീനാങ്കൽ കുമാറിൻെറ ആവനാഴിയിലുണ്ടെന്ന് സൂചന

New Update
MEENANKAL KUMAR

തിരുവനന്തപുരം: സംസ്ഥാന കൗൺസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരസ്യമായി പ്രതികരിച്ച ‍തൊഴിലാളി നേതാവ് മീനാങ്കൽ കുമാറിനോട് വിശദീകരണം തേടാൻ സി.പി.ഐ തീരുമാനിച്ചു.

Advertisment

മന്ത്രി ജി.ആർ.അനിലിൻെറ മുൻകൈയ്യിൽ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാല പരസ്യ പ്രതികരണം നടത്തിയതിൻെറ പേരിലും മീനാങ്കൽ കുമാറിനെ വേട്ടയാടാൻ തീരുമാനം എടുത്തിരിക്കുന്നത്.


നടപടി എടുക്കാതിരിക്കാൻ കാരണം വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടാകും വിശദീകരണം തേടുക.വിശദീകരണം തൃപ്തികരമല്ലെങ്കിൽ വീണ്ടും തരംതാഴ്ത്താനോ പുറത്താക്കാനോ ആണ് തലസ്ഥാന ജില്ലയിലെ സി.പി.ഐ -യെ ഉളളംകൈയ്യിൽ ഒതുക്കിയിരിക്കുന്ന മന്ത്രി ജി.ആർ.അനിലിൻെറ നീക്കം.


തിരുവനന്തപുരം ജില്ലയിലെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് പരസ്യ പ്രതികരണത്തിൻെറ പേരിൽ മീനാങ്കൽ കുമാറിനോട് വിശദീകരണം തേടാൻ തീരുമാനമായത്.

സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പരസ്യ പ്രതികരണം നടത്തിയത് വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് മന്ത്രി ജി.ആർ.അനിൽ തന്നെയാണ് നടപടി ആവശ്യപ്പെട്ടത്.

അച്ചടക്ക നടപടിക്ക് മുന്നോടിയായി വിശദീകരണം ആവശ്യപ്പെടണമെന്നും മന്ത്രി തന്നെയാണ് നിർദ്ദേശിച്ചത്. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അത് ശിരസാവഹിക്കുകയാണ് ഉണ്ടായത്.


സി.പി.ഐയുടെ വിദ്യാർത്ഥി,യുവജന പ്രസ്ഥാനങ്ങളുടെ തലസ്ഥാന ജില്ലയിലെ പ്രധാന പ്രവർത്തകനായ മീനാങ്കൽ കുമാറിനോട് വിശദീകരണം തേടുന്നതിനെ രണ്ട് സംസ്ഥാന കൗൺസിൽ അംഗങ്ങൾ എതിർ‍ത്തു.


മീനാങ്കലിന് ഒപ്പം തിരുവനന്തപുരം ജില്ലയിലെ എ.ഐ.വൈ.എഫിൻെറ ഭാരവാഹിയായിരുന്ന മനോജ്.ബി.ഇടമനയും ആലപ്പുഴ സംസ്ഥാന സമ്മേളനം സംസ്ഥാനകൗൺസിലിലെ കാൻഡിഡേറ്റ് അംഗമായി തിരഞ്ഞെടുത്ത എം.എസ്.റൈസുമാണ് നടപടി നീക്കത്തെ ശക്തമായി എതിർത്തത്.

ജില്ലയിലെ പാർട്ടിയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായ മീനാങ്കൽ കുമാറിനെതിരെ നടപടി എടുക്കുന്നത് ഗുണം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർത്തത്. എന്നാൽ വിശദീകരണ നോട്ടീസിന് മറുപടി ലഭിച്ച ശേഷം ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യാമെന്നും ഇപ്പോൾ അത്തരം ചർച്ചകൾ വേണ്ടെന്നുമായിരുന്നു ജി.ആർ.അനിലിൻെറ മറുപടി.

മീനാങ്കൽ കുമാറിനെതിരെ നടപടി എടുത്തേ അടങ്ങു എന്ന വികാരമാണ് ഇതിൻെറ പിന്നിലെന്ന് വ്യക്തമാണ്. വിശദീകരണം തേടാൻ തീരുമാനമായെങ്കിലും മീനങ്കൽ കുമാറിന് ഇതുവരെ നോട്ടീസ് നൽകിയതായി അറിവില്ല.


സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിതിൽ സംസ്ഥാന നേതൃത്വം മറുപടി പറയണമെന്ന് ആയിരുന്നു മീനാങ്കൽ കുമാറിന്റെ പരസ്യ പ്രതികരണം. നേതൃത്വം ഇടപെട്ടില്ലെങ്കിൽ പലകാര്യങ്ങളും തുറന്ന് പറയേണ്ടി വരുമെന്നും മീനാങ്കൽ കുമാർ ആലപ്പുഴയിലെ സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ഇതോടെ പരിഭ്രാന്തരായ മന്ത്രി ജി.ആർ‍.അനിലും ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും മീനാങ്കൽ കുമാറിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ബോധപൂർവം സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കാൻ ചരട് വലിച്ച മന്ത്രി ജി.ആർ.അനിലിനോട് സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നാണ് വിവരം.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുൻപ് ജില്ലയിലെ സി.പി.ഐക്കാർക്കിടയിൽ പ്രചരിച്ച ലഘുലേഖക്ക് പിന്നിൽ മീനാങ്കൽ കുമാർ ഉണ്ടെന്ന സംശയത്തിലാണ് രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുളള മീനാങ്കൽ കുമാറിനെ സംസ്ഥാന കൗൺസിലിൽ നിന്ന് വെട്ടിനിരത്തിയത്.

ജില്ലയിലെ പാ‍ർ‍ട്ടി നായർ കരയോഗമാണെന്ന് ആരോപിക്കുന്നതായിരുന്നു ലഘുലേഖ.ജില്ലാ നേതൃത്വത്തിലും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന നേതൃത്വത്തിലുളളവരുമായ നേതാക്കൾ എല്ലാം മുന്നോക്ക ജാതിക്കാരാണെന്ന് കണക്കുകൾ സഹിതം സമർത്ഥിക്കുന്ന ലഘുലേഖ ജില്ലാ സമ്മേളനത്തിലും ചർച്ചയായിരുന്നു.


പ്രായപരിധി മാനദണ്ഡത്തിൽ കഴിഞ്ഞ സമ്മേളനത്തിൽ നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞ മുതിർന്ന നേതാവാണ് ലഘുലേഖക്ക് പിന്നിലെന്നാണ് മന്ത്രി ജി.ആർ.അനിലിൻെറ സംശയം.


ട്രേഡ് യൂണിയൻ നേതാവ് കൂടിയായ മുതിർന്ന നേതാവുമായി അടുപ്പമുളളയാൾ എന്ന നിലയിലാണ് മീനാങ്കൽ കുമാറിനെയും സംശയിച്ചത്.

അച്ചടക്ക നടപടി സ്വീകരിച്ചാൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി മീനാങ്കൽ കുമാർ രംഗത്ത് വന്നേക്കുമെന്നാണ് അദ്ദേഹത്തോട് അടുപ്പമുളളവർ നൽകുന്ന സൂചന.

ജില്ലയിലെ പാർട്ടി നേതൃത്വം ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, മെമ്പർഷിപ്പ് സ്ക്രൂട്ടിനിയിലെ ക്രമക്കേടുകൾ, പാർട്ടി മന്ത്രിമാർ ഭരിക്കുന്ന ചില വകുപ്പുകളിലെ അനധികൃത നിയമനങ്ങൾ എന്നിങ്ങനെ തിരഞ്ഞെടുപ്പ് കാലത്ത് തലസ്ഥാന ജില്ലയിലെ സി.പി.ഐയെ പിടിച്ചുലക്കുന്ന നിരവധി വജ്രായുധങ്ങൾ മീനാങ്കൽ കുമാറിൻെറ ആവനാഴിയിലുണ്ടെന്നും സൂചനയുണ്ട്.

മൃഗസംരക്ഷണ -ക്ഷീര വികസന വകുപ്പിലെ പിൻവാതിൽ നിയമനങ്ങളിൽ വൻതോതിൽ പണം മറിഞ്ഞിട്ടുണ്ടെന്ന ആക്ഷേപം സമ്മേളനകാലത്ത് തന്നെ സജീവമാണ്.

ഈമാസം 21 മുതൽ 4 ദിവസം ചണ്ഡിഗഡിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് ശേഷം ജില്ലാ എക്സിക്യൂട്ടിവിനെയും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരെയും തിരഞ്ഞെടുക്കാൻ ജില്ലാ കൗൺസിൽ ചേരുമ്പോൾ പരസ്യ പ്രതികരണവും നടപടി നീക്കവും ചർച്ചാവിഷയമാകും.

Advertisment