മുൻ സി.പി.ഐ നേതാവ് മീനാങ്കല്‍ കുമാറും നൂറോളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു; സി.പി.എമ്മിന്‍റെ വല്യേട്ടന്‍ മനോഭാവത്തിനും ഭീഷണിക്കും മുന്നില്‍ സി.പി.ഐക്ക് നിലപാടുകള്‍ വിഴുങ്ങേണ്ട അവസ്ഥയെന്ന് സണ്ണി ജോസഫ്

New Update
2711203-meenangal-kumar-congress

തിരുവനന്തപുരം: സി.പി.ഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കല്‍ കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം സി.പി.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

Advertisment

സി.പി.ഐ അംഗത്വം രാജി പ്രഖ്യാപിച്ച ശേഷം കെ.പി.സി.സി ആസ്ഥാനത്തെത്തിയ മീനാങ്കല്‍ കുമാറിനേയും പ്രവര്‍ത്തകരെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.

എ.ഐ.ടി.യു.സി ജില്ലാ ജോ. സെക്രട്ടറി വട്ടിയൂര്‍ക്കാവ് ബി. ജയകുമാര്‍, സംസ്ഥാന ജോയിന്റ് കൗണ്‍സില്‍ അംഗം ബിനു സുഗതന്‍, അരുവിക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കളത്തറ വാര്‍ഡ് മെമ്പറുമായ മധു കളത്തറ, സി.പി.ഐ ചിറയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറി പുളുന്തുരുത്തി ഗോപന്‍, 

റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി മീനാങ്കല്‍ സന്തോഷ്, സി.പി.ഐ വര്‍ക്കല മുന്‍ മണ്ഡലം കമ്മിറ്റി അംഗം ബിജു വര്‍ക്കല തുടങ്ങിയവരെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തു.

സി.പി.ഐ രാഷ്ട്രീയപരമായി എൽ.ഡി.എഫില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും വരും ദിവസങ്ങളില്‍ കൂടതല്‍ പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. 

സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനും ഭീഷണിക്കും വഴങ്ങി സി.പി.ഐക്ക് അവരുടെ നിലപാടുകള്‍ പോലും വിഴുങ്ങേണ്ട അവസ്ഥയാണ്. അത്തരമൊരു അവസ്ഥയില്‍ മീനാങ്കല്‍ കുമാറും സഹപ്രവര്‍ത്തകരും സി.പി.ഐ വിട്ടത് ഏറെ സന്തോഷകരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. 

Advertisment