കോട്ടയം: കോട്ടയം റൂട്ടില്‍ ഓടുന്ന കൊല്ലം- എറണാകുളംകൊല്ലം സ്‌പെഷല്‍ മെമു സര്‍വീസിന്റെ കാലാവധി 2025 മേയ് 30 വരെ നീട്ടി. പക്ഷേ, മറ്റെല്ലാ മെമു സര്‍വീസുകളേയും പോലെ ശനിയാഴ്ചയും ട്രെയിന്‍ ഓടിക്കണമെന്ന ആവശ്യത്തോട് റെയില്‍വേ മുഖം തിരിച്ചു.
ഇതോടൊപ്പം ചിങ്ങവനം ഉള്‍പ്പടെയുള്ളിടത്ത് അധിക സ്‌റ്റേപ്പ് വേണമെന്ന ആവശ്യം പരിഗണിച്ചില്ല. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും വൈകരുന്നേരങ്ങളില്‍ സര്‍വീസ് നടത്തണമെന്ന ആവശ്യത്തോടും റെയില്‍വേ താല്‍പര്യം കാട്ടിയില്ല.
വൈകുന്നേരം കോട്ടയം റൂട്ടിലെ ട്രെയിനുകളുടെ കുറവ് കാരണം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാകുമായിരുന്നു വൈകുന്നേരം സര്‍വീസ് പ്രഖ്യാപിച്ചിരുന്നെങ്കില്‍.
റെയില്‍വേക്ക് ട്രിപ്പ് ലാഭകരവുമായേനെ. നിലവില്‍ രാവിലത്തെ രണ്ടു സര്‍വീസ് കഴിഞ്ഞാല്‍ ട്രെയിന്‍ കൊല്ലത്തെ യാര്‍ഡില്‍ വിശ്രമത്തിലാണ്.നിലവിൽ സർവീസ് കാലാവധി നീട്ടിയ മെമു പഴയ സമയം പോലെ രാവിലെ 6.15നു കൊല്ലത്തു നിന്നു പുറപ്പെട്ട് 9.35ന് എറണാകുളത്ത് എത്തുംവിധമാണു സര്‍വീസ്.
കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളത്.
രാവിലെ 6.59ന് കായംകുളം ജങ്ഷനിലെത്തുന്ന ട്രെയിന്‍ ഒരു മിനിറ്റിനു ശേഷം പുറപ്പെടും. 7.56നാണ് കോട്ടയത്ത് എത്തുന്നത്. ഇവിടെ നിന്ന് 7.58ന് പുറപ്പെടുന്ന ട്രെയിന്‍ ഏറ്റുമാനൂരില്‍ 8.08ന് എത്തി ഒരു മിനിറ്റിനു ശേഷം പുറപ്പെടും. 8.55ന് തൃപ്പൂണിത്തുറയില്‍ എത്തുന്ന ട്രെയിന്‍ ഒരു മിനിറ്റിനു ശേഷം എറണാകുളം സൗത്തിലേക്ക് പോകും. ഇവിടെ 9.35ന് എത്തും. ഇവിടെ നിന്ന് 9.50ന് പുറപ്പെടുന്ന ട്രെയിന്‍ 11.10ന് കോട്ടയത്തും ഉച്ച കഴിഞ്ഞ് 1.30ന് കൊല്ലത്തും എത്തും.
ഇതോടൊപ്പം രാവിലത്തെ ആലപ്പുഴ എറണാകുളം മെമു 16 കോച്ച് ആക്കണമെന്ന് ആവശ്യവും റെയില്‍വേ തള്ളിയിരുന്നു.
16 കോച്ച് മെമു അറ്റകുറ്റ പണി ചെയ്യാനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് 16 കോച്ച് മെമു പ്രായോഗികം അല്ല എന്നാണ് ദക്ഷിണ റെയില്‍വേ പറയുന്നത്.
പാലക്കാട് 16 കോച്ച് കൈകാര്യം ചെയ്യുന്ന മെമു ഷെഡ് ഉണ്ടെങ്കിലും അത് രണ്ട് എട്ടു കോച്ച് മെമു മെയിന്റനന്‍സ് ചെയ്യാനുള്ള സൗകര്യവും ജീവനക്കാരും മാത്രമേ ഇവിടെ ഉള്ളൂ എന്നും റെയില്‍വേ പറയുന്നു. ഇതോടെ ആലപ്പുഴ എറണാകുളം റൂട്ടിലെ യാത്രാ ദുരിതം ഉടനെങ്ങും അവസാനിക്കില്ലെന്നുറപ്പായി.