കോട്ടയം: കൊല്ലം-എറണാകുളം റൂട്ടില്‍ തിരക്കൊഴിവാക്കാന്‍ മെമു സര്‍വീസ് എത്തുന്നു. പുതിയ സര്‍വീസ് പാലരുവിക്കും വേണാടിനുമിടയില്‍ ഒക്‌ടോബര്‍ ഏഴു മുതല്‍ ഓടിത്തുടങ്ങും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണു സര്‍വീസ് ഉണ്ടാവുക.
രാവിലെ 6.15ന് കൊല്ലത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ 9.35ന് എറണാകുളത്ത് എത്തുന്ന തരത്തിലാണു പുതിയ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ട്രെയിനില്‍ എട്ടു കോച്ചുകളാകും ഉണ്ടാവുക.
കഴിഞ്ഞ കുറച്ചു നാളുകളായി വന്‍ തിരക്കാണു പാലരുവി വേണാട് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. തിരക്കു കാരണം ശ്വാസം കിട്ടാതെ യാത്രക്കാര്‍ ബോധരഹിതരാവുന്നതും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതും പതിവായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയും ട്രെയിനില്‍ ഉണ്ടായ തിരക്കില്‍ യാത്രക്കാരിക്ക് ദേഹസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. ചങ്ങനാശേരിയില്‍ നിന്നും ആലുവയിലേക്ക് വേണാടില്‍ കയറിയ യുവതിക്കാണു തിരക്കില്‍ ദേഹസ്വാസ്ഥ്യം ഉണ്ടായത്.
ട്രെയിന്‍ കായംകുളം ആയപ്പോഴേക്കും ട്രെയിനില്‍ ഭീകരമായ തിരക്ക് ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച രണ്ടു സ്ത്രീ യാത്രക്കാര്‍ വൈക്കം റോഡ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീണിരുന്നു.
ഇതോടെ ഇരു ട്രെയിനുകള്‍ക്കുമിടയില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യങ്ങള്‍ക്കു ശക്തികൂടി. ദേശീപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ വേണാടിനെ ആശ്രയിക്കുന്നതു തിരക്കു വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
പുലര്‍ച്ചെ 4.50നു പാലരുവി എക്‌സ്പ്രസ് കൊല്ലം വിട്ടാല്‍ 6.40നു മാത്രമാണു വേണാട് കൊല്ലത്തുനിന്ന് എടുക്കുന്നത്. ഇതിനിടെ 6നു വന്ദേഭാരത് എക്‌സ്പ്രസ് കടന്നു പോകും. ഈ ഇടവേളയില്‍ മെമു ട്രെയിന്‍ എന്നായിരുന്നു ആവശ്യം ഉയര്‍ന്നത്.
വേണാട് എറണാകുളം ജങ്ഷന്‍ (സൗത്ത്) സ്‌റ്റേഷന്‍ ഒഴിവാക്കി എറണാകുളം ടൗണ്‍ (നോര്‍ത്ത്) വഴി സര്‍വീസ് നടത്തി തുടങ്ങിയതോടെ സൗത്ത് സ്‌റ്റേഷനിലേക്കു പോകേണ്ട സ്ഥിരം യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരുന്നു. അവരുടെ പരാതിക്കും പുതിയ മെമു വരുന്നതോടെ പരിഹാരമാകും.
മെമു സര്‍വീസ് എത്തുന്നതോടെ കൊല്ലം എറണാകുളം റൂട്ടിലെ യാത്രാ പ്രതിസന്ധിക്കു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണു റെയില്‍വേ പറയുന്നത്.
എന്നാല്‍, വരുന്ന ആഘോഷ ദിവസങ്ങളിലെ തിരക്കൊഴിവാക്കാനായാണു ട്രെയിന്‍ അനുവധിച്ചിരിക്കുന്നതെന്നെന്നാണു റെയില്‍വേയുടെ ഉത്തരവില്‍ പറയുന്നത്. ഒക്‌ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി മൂന്നു വരെ 73 ട്രിപ്പുകളാണു മെമു നടത്തുക.