/sathyam/media/media_files/5UCzsRoffVtPQDpfKnRe.jpg)
കോട്ടയം: മെമുവിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ യു.ഡി.എഫില്‍ എം.പിമാരുടെ പോര്. യു.ഡി.എഫ് എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഹൈബി ഈഡന്‍ എന്നിവാണു മൈമുവില്‍ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.
ഇവരുടെ അവകാശ വാദങ്ങള്‍ തള്ളി ബിജെപി നേതാക്കള്‍ തള്ളി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിലൂടെയാണു ട്രെയിന്‍ അനുവദിച്ചതെന്നാണ് അവരുടെ അവകാശവാദം.
ഉദ്ഘാടനത്തിനു മുന്‍പു തന്നെ മെമുവിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ നിറഞ്ഞിരുന്നു. ട്രെയിന്‍ പ്രഖ്യാപിച്ചതു കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പരിശ്രമം കൊണ്ടാണെന്നു ഒരു വിഭാഗവും അല്ല എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ പരിശ്രമത്തിന്റെ ഫലമാണെന്നു മറ്റൊരു കൂട്ടരും രംഗത്തു വന്നിരുന്നു. ഇരു നേതാക്കളും പരസ്യമായ അവകാശ വാദങ്ങളും ഉന്നയിച്ചു.
ഇതോടെ ആദ്യ യാത്രയില്‍ കൊടിക്കുന്നിലും പങ്കാളിയാകുമെന്ന് അറയിക്കുകയും ചെയ്തു. ട്രെയിനു വേണ്ടി ഒരു ചെറുവിരല്‍ അനക്കാത്തയാളാണു ട്രെയിന്‍ പ്രഖ്യാപിച്ചതോടെ പുതിയ അവകാശവാദവുമായി എത്തിയതെന്നു കൊടിക്കുന്നില്‍ ആരാധകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു.
അതേ സമയം ട്രെയിനു കൊല്ലത്തു നല്‍കിയ സ്വീകരണത്തില്‍ ഇരുവരും ഒന്നിച്ചാണ് എത്തിയത്. പക്ഷേ, മെമുവിൻ്റെ പിതൃത്വം ഏറ്റടുക്കാൻ ശ്രമിച്ച എന്‍.കെ പ്രേമചന്ദ്രനെതിരെ സ്വീകരണ ചടങ്ങില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളകള്‍ നടത്തുകയും ചെയ്തു.
എന്നാല്‍, ഇവര്‍ക്കൊപ്പം മെമുവിന്റെ പിതൃത്വം ഫ്രാന്‍സിസ് ജോര്‍ജും ഏറ്റെടുത്തു. കേരളാ കോണ്‍ഗ്രസ് അണികള്‍ എം.പിയുടെ ചിത്രം വെച്ചു ആശംസകളും പ്രചരിപ്പിച്ചു. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ആന്റോ ആന്റണി, ഹൈബി ഈഡന്‍ എന്നിവരും അവകാശ വാദങ്ങള്‍ ഉന്നയിച്ചു രംഗത്തു വന്നതോടെ യു.ഡി.എഫിലെ പോര് ശക്തമായി.
ഇതോടെ മെമു അനുവദിച്ചത് യു.ഡി.എഫ് എം.പിമാരുടെ മിടുക്കുകൊണ്ടല്ല, മറിച്ചു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണെന്നും പറഞ്ഞു ബി.ജെ.പി നേതാക്കളും രംഗത്തുവന്നു.ബി.ജെ.പി ലക്ഷ്യം വെക്കുന്നതു ഫ്രാന്‍സിസ് ജോര്‍ജിനെയും കൊടിക്കുന്നിലിനെയുമാണ്.
ഒരു ലജ്ജയും ഉളുപ്പുമില്ലാതെയാണ് എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും ഫ്രാന്‍സിസ് ജോര്‍ജും റെയില്‍വേ പദ്ധതികള്‍ സ്വന്തം പേരില്‍ ആക്കി പ്രസ്താവന ഇറക്കുന്നതെന്നാണു ബി.ജെ.പി വാദം.
കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നേരിട്ട് ഇടപെട്ടപ്പോഴാണു കോട്ടയത്തെ റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തിനും യാത്ര സുഗമമാക്കുന്നതിനും വഴിതുറന്നത്. കേന്ദ്ര മന്ത്രിയുടെ ഇടപെടലാണു പ്രശ്‌നം പരിഹരിക്കാന്‍ ഇടയാക്കിയതെന്ന ബോധ്യം പൊതു സമൂഹത്തിനുണ്ട്.
എന്നിട്ടും വികസന നായകരായി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന കൊടിക്കുന്നിലിനെയും ഫ്രാന്‍സിസ് ജോര്‍ജിനെയും കാണുമ്പോള്‍ അയലത്തെ ഗര്‍ഭം ചുമക്കേണ്ടി വന്ന നിര്‍ലജ്ജരെയാണ് ഓര്‍മ്മ വരുന്നത്. ഇനിയെങ്കിലും ഈ നാണംകെട്ട നാടകം അവസാനിപ്പിക്കാന്‍ ഇരു എം.പിമാരും തയ്യാറാവണമെന്നു ബിജെപി മധ്യ മേഖല പ്രസിഡന്റ് എന്‍. ഹരി പറയുന്നു.
അതേസമയം പിതൃത്വം ആരുടേതാണെങ്കലും യാത്രാ ദുരിതം പരിഹരിച്ചതിനും അതിനുവേണ്ടി പ്രയത്‌നിച്ചതിനും നന്ദിയെന്നും ട്രെയിന്‍ നവംബറിനു ശേഷവും നിലനിര്‍ത്താന്‍ എല്ലാവരുടേയും ഇടപെടല്‍ ഉണ്ടാവണമെന്നും യാത്രക്കാര്‍ പറയുന്നു.