കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് മെര്‍പ് സിസ്റ്റംസ്; എഐ മികവിന്റെ കേന്ദ്രവും ഉടന്‍

New Update
dfghjkl;'

കൊച്ചി: വാണിജ്യരംഗത്തെ സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന മെര്‍പ് സിസ്റ്റംസ് ഇന്‍ഫോപാര്‍ക്കിലെ കാര്‍ണിവല്‍ ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രധാനമായും യുഎസ്എ കേന്ദ്രീകരിച്ച് സേവനങ്ങള്‍ നല്‍കി വരുന്ന മെര്‍പ് സിസ്റ്റംസ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

കമ്പനിയുടെ യുഎസ് പ്രവര്‍ത്തനങ്ങള്‍ കൂടുതലായുംം ചേര്‍ത്തല കാമ്പസില്‍ നിന്നാണ് നടത്തുന്നതെന്ന് മെര്‍പ് ഡയറക്ടര്‍ രോഹിത് കുമാര്‍ പറഞ്ഞു. യുഎസിന് പുറത്തേക്കും ഗള്‍ഫ് മേഖലയിലേക്കും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലേക്ക് ഓഫീസ് സംവിധാനം വ്യാപിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് അടിസ്ഥാനമാക്കിയ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനാണ് മെര്‍പ് നല്‍കുന്ന സേവനങ്ങള്‍. മൈക്രോസോഫ്റ്റ് പവര്‍, ഡൈനാമിക് 365, മൈക്രോസോഫ്റ്റ് എഐ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്ക് മാത്രമായി കൊച്ചിയില്‍ മികവിന്റെ കേന്ദ്രം(സെന്റര്‍ ഓഫ് എക്സലൻസ്) സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് കമ്പനിയുടെ നിര്‍മ്മിത ബുദ്ധി വിഭാഗം മേധാവി ഡോ. ഗോപകുമാര്‍ പറഞ്ഞു. മികച്ച നൈപുണ്യ ശേഷിയുള്ള ജീവനക്കാരെ ഇതിനായി റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. താമസിയാതെ കേരളത്തിന് വെളിയിലും ഓഫീസ് തുറക്കുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേര്‍ത്തല ഇൻഫോപാര്‍ക്കില്‍ 4000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസ് ഇടമാണ് മെര്‍പ് സിസ്റ്റത്തിനുള്ളതെന്ന് ഫിനാന്‍സ് കണ്‍ട്രോളര്‍ രാജലക്ഷ്മി പറഞ്ഞു. 85 ജീവനക്കാരാണ് മെര്‍പില്‍ പ്രവര്‍ത്തിക്കുന്നത്. എട്ടുമാസം മുമ്പ് ഇൻഫോപാര്‍ക്ക് കാര്‍ണിവല്‍ ക്യാമ്പസില്‍ തന്നെ ചെറിയതോതില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നവംബര്‍ മുതല്‍ 50 സീറ്റുകള്‍ കൂടി ഉള്‍പ്പെടുന്ന ഓഫീസ് സ്പേസിലാണ് പ്രവര്‍ത്തനം തുടങ്ങിയിത്.

2010 ല്‍ പ്രവര്‍ത്തനമാരംഭിച്ച മെര്‍പ് സിസ്റ്റംസ് യുഎസിലെ പ്രശസ്തമായ നിരവധി സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിഎസ്), കാലിഫോര്‍ണിയ ഡിപാര്‍ട്ട്മന്റ് ഓഫ് പെസ്റ്റിസൈഡ് റെഗുലേഷന്‍(ഡിപിആര്‍), കാലിഫോര്‍ണിയ ഡിപാര്‍ട്ട്മന്റ് ഓഫ് ഇന്‍ഷുറന്‍സ്(സിഡിഐ), സ്മാള്‍ ബിസിനസ് അഡ്മിനിസ്ട്രേഷൻ(എസ് ബിഎ), നാഷണല്‍ പാര്‍ക്ക് സര്‍വീസ്(എൻപിഎസ്) കെന്റൺ കൗണ്ടി എയര്‍പോര്‍ട്ട് ബോര്‍ഡ്, വാഷിംഗ്ടൺ സ്റ്റേറ്റ് ഗാംബ്ലിംഗ് അസോസിയേഷന്‍ തുടങ്ങിയവ മെര്‍പിന്റെ പ്രധാന ഉപഭോക്താക്കളാണ്.

ഒമാന്‍ സര്‍ക്കാരിന്റെ ടെലികോം കമ്പനിയായ ഒമാന്‍ടെല്‍ ഡിജിറ്റല്‍-എഐ ട്രാന്‍ഫോര്‍മേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം മെര്‍പ് സിസ്റ്റംസുമായി കരാറൊപ്പിട്ടിരുന്നു.

 നിവേദ ഗണേശന്‍, പ്രേംനായര്‍ എന്നിവര്‍ ചേര്‍ന്നാണ് മെര്‍പ് സിസ്റ്റംസ് ആരംഭിച്ചത്.

Advertisment
Advertisment