14 ലക്ഷം യാത്രക്കാർ: നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോ ഫീഡർ ബസ് സർവീസിന് ഒരു വയസ്; നഗര ജീവിതത്തിലെ ഒഴിച്ചുകൂടാനവാത്ത സേവനമായി മാറി ഇലക്ട്രിക് ബസ് സർവ്വീസ്

New Update
7513ba66-99cb-44d4-b6c1-824814de142d

ആലുവ: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് മെട്രോ കണക്ടിന് ഒരു വയസ്. കൊച്ചി മെട്രോയിലേക്കും വാട്ടർ മെട്രോയിലേക്കും ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ഇലക്ട്രിക് ബസ് സർവ്വീസ് നഗര ജീവിതത്തിലെ ഒഴിച്ചുകൂടാനവാത്ത സേവനമായി ഒരു വർഷം കൊണ്ട് മാറുകയായിരുന്നു.

Advertisment

2025 ജനുവരി 15-ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അർബൻ ഫീഡർ സർവീസിന്റെ പ്രവർത്തനം ജനുവരി 16-നാണ് ആരംഭിച്ചത്.

മെട്രോ റെയിലും വാട്ടർ മെട്രോയും പൂർണ ശേഷിയിൽ ഉപയോഗിക്കപ്പെടുന്നതിന് യാത്രക്കാർക്ക് തടസ്സമായിരുന്ന കണക്ടിവിറ്റി ഗ്യാപ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തത് എങ്കിലും കാര്യക്ഷമമായ സേവനം, സുഖകരമായ യാത്രാനുഭവം, സുരക്ഷിതത്വം എന്നിവയിലൂടെ ഇലക്ട്രിക് ഫീഡർ ബസ് മികച്ച ബദൽ റോഡ് ഗതാഗത ശ്രംഖലയായി വളരുകയായിരുന്നു.

സംസ്ഥാന ഗവൺമെന്റിന്റെ സഹകരണത്തോടെ ഫ്രഞ്ച് കമ്പനിയായ എ എഫ് ഡിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ആദ്യ വർഷം തന്നെ ആറ് പ്രധാന റൂട്ടുകളിലായി സർവീസ് വ്യാപിപ്പിക്കുകയും 15 ഇലക്ട്രിക് ബസുകൾ, ഏഴ് ചാർജിങ് യൂണിറ്റുകൾ, ഒരു ഡിപ്പോ എന്നിവയടങ്ങിയ സംവിധാനമായി ഫീഡർ ബസ് സർവ്വീസ് വളരുകയും ചെയ്തു.

പ്രതിദിനം ശരാശരി 2,300 കിലോമീറ്റർ സർവീസ് നടത്തുന്ന ഈ സംവിധാനം, ഒരു വർഷത്തിനുള്ളിൽ ഏകദേശം 7 ലക്ഷം കിലോമീറ്റർ പിന്നിട്ടു.

ഈ കാലയളവിൽ 14 ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസിന്റെ ഗുണഭോക്താക്കളായത്. ആലുവ–സിയാൽ എയർപോർട്ട് റൂട്ട് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. മെഡിക്കൽ കോളേജ്, കടവന്ത്ര–പനമ്പിള്ളി നഗർ, ഹൈക്കോർട്ട് സർക്കുലർ,  റൂട്ടുകളും മികച്ച പ്രതികരണമാണ് നേടിയത്.

“കൊച്ചി മെട്രോയുടെ സമഗ്ര ഗതാഗത ദർശനത്തിലെ സുപ്രധാന ഘടകമാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസ്. ആദ്യ വർഷത്തിലെ വിജയം, നല്ല രീതിയിൽ ആസൂത്രണം ചെയ്ത ഇലക്ട്രിക് ഫീഡർ സംവിധാനങ്ങൾ അവസാന മൈൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതു ഗതാഗത ഉപയോഗം വർധിപ്പിക്കാനും സുസ്ഥിര നഗരവികസനത്തിന് പിന്തുണ നൽകാനും കഴിയുമെന്ന് തെളിയിക്കുന്നു.

അതോടൊപ്പം തന്നെ, കൊച്ചി മെട്രോ റെയിലിന്റേയും വാട്ടർ മെട്രോയുടെയും യാത്രക്കാരുടെയും വരുമാനത്തിന്റെയും വർധനവിലും ഫീഡർ സർവീസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.” കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു

ആദ്യ വർഷത്തിലെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് ഡാറ്റ അനാലിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തന ക്രമീകരണം. സർവീസും ചാർജിംഗും ഒപ്റ്റിമൈസ് ചെയ്തതിലൂടെ യാത്രക്കാരിലും വരുമാനത്തിലും 15 ശതമാനം വളർച്ച കൈവരിച്ചു.

ഫെയർ സിസ്റ്റം, ബസ് ടെലിമാറ്റിക്സ്, ചാർജിങ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഏകീകരിച്ചുള്ള ഒരു ആധുനിക ഡാറ്റ അനാലിറ്റിക്സ് പ്ലാറ്റ്‌ഫോമും കെഎംആർഎൽ സജ്ജമാക്കിയിട്ടുണ്ട്. ഗിസ് ഇന്ത്യയും കേന്ദ്ര നഗരവികസന മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന സസ്റ്റെയിനബിൾ മൊബിലിറ്റി ആൻഡ് ക്ലൈമറ്റ് ആക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത് നടപ്പാക്കിയത്.

സേവന നിലവാരവും യാത്രക്കാരുടെ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി, എസ് സി എം എസ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ സഹകരണത്തോടെ ഫീഡർ ബസ് ജീവനക്കാർക്കായി ബിഹേവിയറൽ ചെയ്ഞ്ച്, റോഡ് സേഫ്റ്റി  എന്നിവയിലുള്ള പരിശീലനവും പുരോഗമിക്കുകയാണ്.

“പരിസ്ഥിതി അപകടസാധ്യത കൂടുതലുള്ള ഒരു നഗരത്തിൽ പോലും, കാര്യക്ഷമവും സാമ്പത്തികമായി സുസ്ഥിരവുമായ ഇലക്ട്രിക് ബസ് സംവിധാനം നഷ്ടമില്ലാതെ നടത്താൻ കഴിയുമെന്ന് ഇലക്ട്രിക് ഫീഡർ സർവീസ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

കൃത്യമായ ആസൂത്രണവും മികച്ച പ്രവർത്തനവും ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുന്ന സമീപനവും ഉണ്ടെങ്കിൽ, യാത്രക്കാർക്കായി മികച്ച പൊതു ഗതാഗതം സാദ്ധ്യമാണെന്ന് ഇലക്ട്രിക് ഫീഡർ സർവ്വീസായ മെട്രോ കണക്ടിന്റെ വിജയം വ്യക്തമാക്കുന്നു.” കെഎംആർഎൽ അർബൻ ട്രാൻസ്പോർട്ട് അഡീഷണൽ ജനറൽ മാനേജർ ഗോകുൽ റ്റി ജി പറഞ്ഞു.

യാത്രക്കാരുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി സർവീസ് സമയം, റൂട്ടുകളുടെ വിപുലീകരണം, സേവനം ലഭിക്കാത്ത പ്രദേശങ്ങളിലേക്കുള്ള സർവ്വീസ് എന്നിവ കെ.എം.ആർ.എൽ നടപ്പാക്കി വരികയാണ്.

രണ്ടാം വർഷത്തിൽ, ലൈവ് GTFS (ജനറൽ ട്രാൻസിറ്റ് ഫീഡ് സ്പെസിഫിക്കേഷൻ) അടിസ്ഥാനമാക്കിയുള്ള റിയൽടൈം വാഹന ട്രാക്കിംഗ് സംവിധാനം നടപ്പാക്കാനും കെഎംആർഎൽ പദ്ധതിയിടുന്നു.

ഇതിലൂടെ യാത്രക്കാർക്ക് ബസുകളുടെ തത്സമയ വിവരം ലഭിക്കുകയും കാത്തിരിപ്പ് സമയം കുറയുകയും ചെയ്യും. ലൈവ് ന്യൂസോടുകൂടിയ ഇൻ-വെഹിക്കിൾ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ഉടൻ അവതരിപ്പിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ട പദ്ധതിയോടൊപ്പം ഇലക്ട്രിക് ഫീഡർ നെറ്റ്‌വർക്കും കൂടുതൽ ശക്തിപ്പെടുത്തും.

ഒരു വർഷത്തിനുള്ളിൽ കൈവരിച്ച ഈ നേട്ടങ്ങളോടെ, ഇന്റഗ്രേറ്റഡ്, ഇലക്ട്രിക്, ഡാറ്റ അധിഷ്ഠിത നഗര ഗതാഗതത്തിന്റെ ദേശീയ മാതൃകയായി കൊച്ചി മെട്രോയുടെ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് മാറിക്കൊണ്ടിരിക്കുകയാണ്.

Advertisment