മികച്ച ബ്രാന്‍ഡിനുള്ള മെട്രോ ഫുഡ് അവാര്‍ഡ് മില്‍മയ്ക്ക്; അവാര്‍ഡ് വിതരണം ചെയ്തു

New Update
Photo
തിരുവനന്തപുരം: മികച്ച ബ്രാന്‍ഡിനുള്ള മെട്രോ ഫുഡ് അവാര്‍ഡ് മില്‍മയ്ക്ക് ലഭിച്ചു. മെട്രോ മാര്‍ട്ടും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രിയും സംയുക്തമായി സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്തു. വേള്‍ഡ് ഫുഡ് ഡേ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് മെട്രോ ഫുഡ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.
Advertisment


അവാര്‍ഡ് ദാന ചടങ്ങിന്‍റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ യില്‍ നിന്ന് മില്‍മ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം അസിസ്റ്റന്‍റ് മാനേജര്‍ ബാലസുബ്രഹ്മണ്യന്‍ പി വി അവാര്‍ഡ് ഏറ്റുവാങ്ങി.

ചടങ്ങില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെലിബ്രിറ്റി ഷെഫ് ഡോ.ലക്ഷ്മി നായര്‍, എം.എഫ്.എ അവാര്‍ഡ് കമ്മിറ്റി ജൂറി ചെയര്‍മാന്‍ പ്രസാദ് മഞ്ഞാലി, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, കേരള ടൂറിസം ഡെവലപ്പ്മെന്‍റ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രി  വൈസ് പ്രസിഡന്‍റ് സുരേഷ് മാത്യു നിലമേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

മുന്നൂറോളം അപേക്ഷകരില്‍ നിന്നാണ് വിവിധ വിഭാഗങ്ങളിലെ മെട്രോ ഫുഡ് അവാര്‍ഡുകള്‍ക്കുള്ള വിജയികളെ തിരഞ്ഞെടുത്തത്.

Advertisment