എംജി സര്‍വകലാശാലയും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും ധാരണാപത്രം ഒപ്പിട്ടു

പൈതൃക സംരക്ഷണ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കാളിത്തം

New Update
MGU MoU
കൊച്ചി: പൈതൃക സംരക്ഷണത്തിലും അനുബന്ധ മേഖലകളിലും അക്കാദമിക് പരിപാടികള്‍, ഗവേഷണം, ഗവേഷണാനുബന്ധ തുടര്‍സംരംഭങ്ങള്‍ എന്നിവയില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയും (എംജിയു) മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ലിമിറ്റഡും (എംപിഎല്‍) ഒപ്പുവച്ചു.
Advertisment

അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ എംജിയു വൈസ് ചാന്‍സലര്‍ ഡോ. സി. ടി അരവിന്ദകുമാറും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാരോണ്‍ വി യും ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി.

കരാര്‍ പ്രകാരം പൈതൃക സംരക്ഷണം, സാംസ്കാരിക ചരിത്രം, പൈതൃക ഇടപെടല്‍ എന്നിവയിലെ ഗവേഷണവിഷയങ്ങള്‍, പ്രശ്നങ്ങള്‍, ശ്രദ്ധാകേന്ദ്രങ്ങള്‍ എന്നിവ എംജിയുവും എംപിഎല്ലും സംയുക്തമായി തിരിച്ചറിയും.

മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് നടത്തുന്ന ഹെറിറ്റേജ് ഇന്‍റര്‍പ്രെട്ടേഷന്‍, മ്യൂസിയം മാനേജ്മെന്‍റ്, ആര്‍ട്ട് ആന്‍റ് കമ്മ്യൂണിറ്റി-ഓറിയന്‍റഡ് ടൂറിസം, സസ്റ്റെയ്നബിലിറ്റി ആന്‍റ് ഹെറിറ്റേജ് സ്റ്റഡീസ് എന്നിവയില്‍ എംജി സര്‍വകലാശാലയുടെ സര്‍ട്ടിഫൈഡ് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് ധാരണാപത്രം വഴിയൊരുക്കുന്നു.

പൈതൃക കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, ആര്‍ക്കൈവുകള്‍, പ്രാദേശിക സമൂഹങ്ങള്‍, സംയുക്ത ഗവേഷണത്തിനുള്ള മേഖലകള്‍ എന്നിവ തിരിച്ചറിയുന്നതിനൊപ്പം ഇക്കാര്യത്തില്‍ സ്ഥാപനങ്ങള്‍ക്കിടയിലെ പങ്കാളിത്തം സുഗമമാക്കുന്നതും സഹകരണം ഉറപ്പുവരുത്തും.

എംപിഎല്ലിന്‍റെ ഗവേഷണ കണ്ടെത്തലുകള്‍, നൂതനാശയങ്ങള്‍, അനുഭവജ്ഞാനം എന്നിവ പൈതൃക വ്യാഖ്യാനം, മ്യൂസിയം പ്രോഗ്രാമിംഗ്, പൊതുജന സമ്പര്‍ക്കം തുടങ്ങിയവയ്ക്കായി ഉപയോഗിക്കും. പാഠ്യപദ്ധതി വികസനം, ഗവേഷണ രൂപകല്‍പ്പന, മറ്റ് അക്കാദമിക് വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയില്‍ എംജിയു അക്കാദമിക് പിന്തുണ നല്‍കും.

സംയുക്ത സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി  മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ് (എസ്ജിറ്റിഡിഎസ്) പ്രവര്‍ത്തിക്കും. ഇതുമായി ബന്ധപ്പെട്ട് മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ഒരു ഉപകേന്ദ്രവും സ്ഥാപിക്കും.

വിദ്യാഭ്യാസ ടൂറിസത്തിന്‍റെ ഒരു ഹബ്ബായി കേരളത്തെ വികസിപ്പിക്കുക എന്ന മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് എംജി സര്‍വകലാശാലയുമായുള്ള ധാരണാപത്രം ഒപ്പുവച്ചത്. ചരിത്രം, സംസ്കാരം, വിനോദം എന്നിവ സമന്വയിപ്പിക്കുന്ന അതുല്യമായ പഠന കേന്ദ്രമായി മുസിരിസിനെ വികസിപ്പിക്കുക, അറിവും സൃഷ്ടിപരവുമായ സമ്പദ് വ്യവസ്ഥയായി മാറുക തുടങ്ങിയ കേരളത്തിന്‍റെ കാഴ്ചപ്പാടുകളെ ശക്തിപ്പെടുത്താനും എംജി സര്‍വകലാശാലയുമായുള്ള ധാരണാപത്രം സഹായകമാകും.
Advertisment