/sathyam/media/media_files/2025/11/11/img39-2025-11-11-07-26-49.jpg)
പുരൈട്ചി തലൈവര്‍ മരത്തൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന സാക്ഷാല്‍ 'എംജിആര്‍', തമിഴ് മക്കളുടെ ഒരേയൊരു നേതാവ്! തമിഴ്ജനതയുടെ മനസില്‍ അത്രത്തോളം ഇടം നേടിയ നടനുമില്ല, പൊതുപ്രവര്‍ത്തകനുമില്ല.
ദൈവത്തെ പോലെ തമിഴ് ജനത എംജിആറിനെ ആരാധിക്കുന്നു. വെള്ളിത്തിരയിലെ ഇതിഹാസനായകനു തമിഴ്നാട്ടില്‍ ക്ഷേത്രങ്ങള്‍ വരെയുണ്ട്.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം സാധാരണക്കാര്‍ക്കു വേണ്ടി പോരാടുന്നു വീരപുരുഷനായിരുന്നു.
അദ്ദേഹം ഒരു മലയാളിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈ തലമുറയിലെ യുവാക്കള്‍ക്കും അദ്ദേഹത്തിന്റെ ജീവിത കഥകള്‍ സുപരിചിതമാണ്.
അദ്ദേഹത്തിന്റെ ജീവിതം പാഠപുസ്തകമാണ്, പ്രചോദനമാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ നിയന്ത്രിച്ച, തമിഴ്നാടിന്റെ മുഖ്യമന്ത്രിവരെയായ എംജിആറിന്റെ ജീവിതപാതകള്‍ പച്ചപ്പരവതാനി വിരിച്ചതായിരുന്നില്ല, കല്ലും മുള്ളും നിറഞ്ഞതായിരുന്നു.
ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മരുത്തൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന എംജിആറിന്റെ ജനനം. അച്ഛന്‍ ഗോപാല മേനോന്‍, അമ്മ സത്യഭാമ.
പാലക്കാട് ആണ് അവരുടെ കുടുംബവീട്. എംജിആറിനു രണ്ടര വയസുള്ളപ്പോള്‍ ഗോപാലന്‍ മേനോന്‍ മരിച്ചു. പിതാവിന്റെ മരണശേഷം, സഹോദരിയും അനാരോഗ്യത്തെതുടര്‍ന്ന് മരിച്ചു. രാമചന്ദ്രനെയും സഹോദരനെയും ഒരുപാടു കഷ്ടപ്പെട്ടാണ് അമ്മ വളര്‍ത്തിയത്.
സ്‌കൂളില്‍ വച്ചാണ് എംജിആര്‍ അഭിനയം ആരംഭിക്കുന്നത്. ബോയ്സ് കമ്പനി നാടക സംഘത്തില്‍ ചേര്‍ന്ന എംജിആര്‍ പാട്ട്, നൃത്തം, വാള്‍പ്പയറ്റ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടി.
കുട്ടിക്കാലത്ത് എംജിആര്‍ നേരിട്ട പ്രതികൂലസാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തെയും രാഷ്ട്രീയ ജീവിതത്തെയും രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്കു വഹിച്ചു.
മഹാനായ എംജിആര്‍ കുട്ടിക്കാലം ചെലവഴിച്ച പാലക്കാട്ടെ വീട് സന്ദര്‍ശിക്കാന്‍ നിരവധി പേരാണ് നിത്യവും എത്തുന്നത്. കൊല്ലംകോടിനടുത്തുള്ള ഗ്രാമത്തിലാണ് ആ കുടുംബവീട് സ്ഥിതി ചെയ്യുന്നത്.
പഴയ തറവാടുവീട് എംജിആറിന്റെ സ്മാരകമായി തമിഴ്നാട് സര്‍ക്കാര്‍ സംരക്ഷിക്കുന്നു. പാലക്കാട്ടുനിന്ന് കൊടുവായൂര്‍ കൊല്ലംകോട് വഴി ഇവിടെയെത്താം.
തമിഴ് ചുവയുള്ള ഒരു കൊച്ചു മലയാളഗ്രാമം. അവിടെയുള്ള മാരിയമ്മന്‍ കോവിലിനു സമീപമായി ഇതിഹാസനായകന്റെ കുടുംബവീട് കാണാം.
ഗൃഹത്തില്‍ ആര്‍ട് ഗാലറി, മ്യൂസിയം തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. എംജിആറിന്റെ ജീവിതത്തിലെ ചില അപൂര്‍വചിത്രങ്ങളും ഇവിടെയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us