വെള്ളത്തിനും വൈദ്യുതിക്കും പിന്നാലെ പാലിനും വില കൂട്ടുന്നു. ലിറ്ററിന് മൂന്നു രൂപയെങ്കിലും കൂടും. മിൽമയുടെ ആവശ്യം 5രൂപ കൂട്ടാൻ. മറ്റ് സംസ്ഥാനങ്ങളിലേക്കാൾ പാൽവില കൂടുതൽ കേരളത്തിൽ. ഇനിയും കൂട്ടിയാൽ ചായയ്ക്ക് 15 രൂപയാവും. പാൽവില കൂട്ടുന്നത് ക്ഷീരകർഷകരുടെ ക്ഷേമം പറഞ്ഞ്. ജി.എസ്.ടി ഒഴിവാക്കിയിട്ടും പാൽവില കൂട്ടുന്നത് ജനദ്രോഹം. തിരഞ്ഞെടുപ്പ് കാലത്തെ പാൽവില കൂട്ടൽ തിരിച്ചടിയാവുമെന്നുറപ്പ്

ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയില്‍ പാല്‍വില ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഇന്ന് രാവിലെ നിയമസഭയിലാണ് വ്യക്തമാക്കിയത്.  

New Update
milk

തിരുവനന്തപുരം: കുടിവെള്ളത്തിനും വൈദ്യുതിക്കും പിന്നാലെ സംസ്ഥാനത്ത് പാലിനും വില കൂടുകയാണ്. ലിറ്ററിന് 5രൂപ വരെ കൂട്ടണമെന്നാണ് ആവശ്യമുയരുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയില്‍ പാല്‍വില ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഇന്ന് രാവിലെ നിയമസഭയിലാണ് വ്യക്തമാക്കിയത്.  


Advertisment

വിലകൂട്ടാനായി നിയോഗിച്ച അഞ്ചംഗ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. പാല്‍വില കൂട്ടാനുള്ള അധികാരം മില്‍മയ്ക്കാണെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് രാജ്യത്ത് ഏറ്റവുമധികം പാല്‍വില നല്‍കുന്നത് കേരളത്തിലാണ്. തമിഴ്‌നാട്ടില്‍ 34.72, കര്‍ണാടകത്തില്‍ 35.2, കേരളത്തില്‍ 43.17 എന്നിങ്ങനെയാണ് നല്‍കുന്നത്. 


അന്യസംസ്ഥാനങ്ങളില്‍ അധികമുള്ള പാല്‍ കേരളത്തിലെത്തിക്കുന്നുണ്ട്. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്നും ക്ഷീരകര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുമെന്നും തോമസ് കെ തോമസിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പാല്‍വില കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമോയെന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പാല്‍വില അഞ്ചു രൂപ വരെയെങ്കിലും കൂട്ടണം എന്നുള്ളതാണ് പൊതുവായ ആവശ്യം. ഇതില്‍ 3രൂപ വരെ വര്‍ദ്ധനയാവും നടപ്പാക്കുകയെന്നാണ് വിവരം. മില്‍മ ബോര്‍ഡ് യോഗത്തിലാവും തീരുമാനം. 

എങ്കിലും വില കൂട്ടല്‍ സര്‍ക്കാര്‍ അനുമതിയോടെ നടപ്പാക്കുന്നതാണ് കീഴ്വഴക്കം. നേരത്തേ മില്‍മ തിരുവനന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല നിലപാടിലായിരുന്നു. എന്നാല്‍ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണു മലബാര്‍ യൂണിയനെന്നാണ് വിവരം.


ഉല്‍പാദന ചെലവിന് ആനുപാതിക വര്‍ധന തിരുവനന്തപുരം യൂണിയന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും തുക എത്രയെന്ന് പറഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ ലിറ്ററിന് 5രൂപ വരെ കൂട്ടണമെന്നാണ് എറണാകുളം മേഖല ആവശ്യപ്പെട്ടത്.


നിലവില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പാല്‍വില കൂടുതല്‍ കേരളത്തിലാണ്. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കാനെന്ന പേരിലാണ് ഇത്തവണ പാല്‍വില കൂട്ടുന്നത്. പാലിന് 2019 സെപ്റ്റംബറില്‍ ലീറ്ററിന് 4 രൂപയും 2022 ഡിസംബറില്‍ ലീറ്ററിന് 6 രൂപയും മില്‍മ കൂട്ടിയിരുന്നു.

നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്) ലീറ്ററിന് 52 രൂപയാണ്. പ്രതിദിനം 17 ലക്ഷം ലീറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍ വില്‍ക്കുന്നത്. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല്‍ ഉല്‍പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉല്‍പാദകരും വില കൂട്ടും.


അതേസമയം, പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കിയ സാഹചര്യത്തില്‍ പാല്‍വില വര്‍ദ്ധിപ്പിക്കാനാവില്ലെന്നും വാദമുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വില വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്ന നിലപാടാണ് സര്‍ക്കാരിനും.


വിലവര്‍ദ്ധനവ് ഉടന്‍ വേണ്ടെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാല്‍വില കൂട്ടാനാണ് ശുപാര്‍ശ. എന്നാല്‍ ഉടന്‍ വിലവര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് മന്ത്രി ഇന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചത്.

Advertisment