വിദ്യാര്‍ത്ഥികള്‍ക്കായി 'ടോപ് ടീന്‍ 2025' ജില്ലാതല മത്സരം സംഘടിപ്പിച്ച് മില്‍മയും ഒയിസ്കയും

New Update
MILMA GH
തിരുവനന്തപുരം: മില്‍മയും അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇന്‍റര്‍നാഷണലും (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍, സ്പിരിച്ച്വല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഡ്വാന്‍സ്മെന്‍റ്) ചേര്‍ന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മത്സരമായ 'ടോപ് ടീന്‍-2025' പരിപാടിയുടെ ജില്ലാതല മത്സരം തിരുവനന്തപുരം മില്‍മ ഡയറിയില്‍ നടന്നു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേതൃത്വം, സര്‍ഗ്ഗാത്മകത, പരിസ്ഥിതിബോധം എന്നിവ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന മത്സരത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തിയ പ്രാഥമിക റൗണ്ടുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് മാറ്റുരച്ചത്. ഒയിസ്കയുടെ വ്യാവസായിക ഇടപെടലിന്‍റെ ഭാഗമായാണ് മില്‍മയുമായി ചേര്‍ന്ന് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്.

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ്, മില്‍മ തിരുവനന്തപുരം ഡയറി യൂണിറ്റ് ഹെഡ് ജെസി ആര്‍ എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും പരിസ്ഥിതി ഉത്തരവാദിത്തവും വളര്‍ത്തിയെടുക്കാന്‍ മില്‍മയും ഒയിസ്കയും കൈകോര്‍ത്ത് നടത്തുന്ന പരിശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു.

ഒയിസ്ക തിരുവനന്തപുരം പ്രസിഡന്‍റ് ആര്‍ അജയന്‍, സെക്രട്ടറി ഡോ. റുബീന ബഷീര്‍ എന്നിവര്‍ സുസ്ഥിര വികസനത്തില്‍ യുവാക്കളുടെ പ്രാധാന്യം വിശദമാക്കി സംസാരിച്ചു.

ഒയിസ്കയുടെ മൂന്ന് യൂണിറ്റുകളായ തിരുവനന്തപുരം ചാപ്റ്റര്‍, വനിതാ ചാപ്റ്റര്‍, കഴക്കൂട്ടം ചാപ്റ്റര്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് ഒയിസ്ക ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കി.

സമ്മാനങ്ങള്‍ക്ക് പുറമേ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മില്‍മ പ്രത്യേക ഉപഹാരം നല്‍കി.

മത്സരത്തിന്‍റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 8 ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല ഫൈനലില്‍ ശ്രീകാര്യം ലയോള സ്കൂളിലെ മാര്‍ട്ടിന്‍ ജോണി, വഴുതക്കാട് കാര്‍മ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാര്‍ത്താ മേരി ചാക്കോ എന്നിവര്‍ ജില്ലയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടി. വിദ്യാര്‍ത്ഥികളെ പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉത്തരവാദിത്തവുമുള്ള പൗരന്‍മാരാക്കി വാര്‍ത്തെടുക്കുന്നതിനുള്ള മില്‍മയുടെയും ഒയിസ്കയുടെയും പരിശ്രമം പ്രകടമാക്കുന്നതായിരുന്നു ഈ പരിപാടി.
Advertisment
Advertisment