പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ക്ഷീര സംഘങ്ങളുടെ ശാക്തീകരണത്തിനുമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് മില്‍മ വാര്‍ഷിക പൊതുയോഗം

യോഗത്തില്‍ പാസ്സാക്കിയ എട്ട് പ്രമേയങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും

New Update
milma
തിരുവനന്തപുരം:പാല്‍ ഉല്‍പ്പാദനം കൂട്ടുന്നതിനും പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ ശാക്തീകരണത്തിനുമായി വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് മില്‍മയുടെ 52-ാമത് വാര്‍ഷിക പൊതുയോഗം.

മില്‍മയുടെ മൂന്ന് യൂണിയനുകളിലെയും ശരാശരി പാല്‍സംഭരണം വര്‍ധിച്ചതായി യോഗം വിലയിരുത്തി. പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.

ഫെഡറേഷന്‍റെ വിഹിതമായി 100 രൂപ കാലിത്തീറ്റ സബ്സിഡി നല്‍കുന്നത് ഒക്ടോബര്‍ മാസവും തുടരും. മൂന്ന് മേഖലാ യൂണിയനുകളും സാധ്യമായ വിധത്തില്‍ സബ്സിഡി നല്‍കി ക്ഷീരകര്‍ഷകരെ സഹായിക്കുന്ന നിലപാട് തുടരണമെന്ന് ചെയര്‍പേഴ്സണ്‍ അഭ്യര്‍ഥിച്ചു.

സെന്‍സസില്‍ കന്നുകാലികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടും പാല്‍ സംഭരണത്തില്‍ മികച്ച നേട്ടമാണ് കേരളത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ പാല്‍ സംഭരണത്തില്‍ ശരാശരി 13.91 വര്‍ധനവ് ഉണ്ടായി. ഈ കാലയളവില്‍ തിരുവനന്തപുരം മേഖലയില്‍ പാല്‍ സംഭരണത്തില്‍ 12.9 ശതമാനവും എറണാകുളം മേഖലയില്‍ 18.58 ശതമാനവും മലബാര്‍ മേഖലയില്‍ 12.43 ശതമാനവും വര്‍ധനവാണ് ഉണ്ടായത്.

ഫെഡറേഷന്‍റെ അടുത്ത വര്‍ഷത്തേക്കുളള റവന്യൂ ബജറ്റ് ആയ 597.97 കോടിയും കാപിറ്റല്‍ ബജറ്റ് ആയ 67.33 കോടിയും വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.

ക്ഷീരകര്‍ഷകരുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനായുള്ള നടപടികള്‍ യോഗം ചര്‍ച്ചചെയ്തു. കര്‍ഷകരെ പരമാവധി മില്‍മ കാലിത്തീറ്റ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കാനും മില്‍മ കാലിത്തീറ്റയുടെ ഗുണമേന്‍മയെക്കുറിച്ച് ക്ഷീരകര്‍ഷകരെ ബോധവല്‍ക്കരിക്കാനും നടപടി സ്വീകരിക്കും. ക്ഷീര സംഘങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്കായി മില്‍മ ഉല്‍പ്പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കുന്നതിനും സംഘങ്ങളെ ശാക്തീകരിക്കുന്നതിനും പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ഉത്പാദന ചെലവ് കുറയ്ക്കുന്നതിനായി കാലിത്തീറ്റ സബ്സിഡി കൊടുക്കുന്നതിനൊപ്പം സൈലേജ്, ചോളത്തണ്ട് എന്നിവയ്ക്കും സബ്സിഡി നല്‍കണം.
Advertisment

പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ ശാക്തീകരണം പ്രധാനമാണെന്ന് യോഗം വിലയിരുത്തി. കര്‍ഷക ക്ഷേമത്തിനും പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമായുള്ള നിരവധി പദ്ധതികള്‍ കേരള ബാങ്കും സര്‍ക്കാരുമായി ചേര്‍ന്ന് ഫെഡറേഷന്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് സംഘങ്ങള്‍ പ്രയോജനപ്പെടുത്തണം. സംഘങ്ങള്‍ പാലിന്‍റെ സംഭരണ വര്‍ധനവും ഗുണനിലവാരവും വര്‍ധിപ്പിക്കണം. ഇതിലൂടെ കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനാകും. സംഘങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി മില്‍മ ഉല്‍പ്പന്നങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് പ്രോത്സാഹിപ്പിക്കണം.

എല്ലാ അംഗങ്ങളും മില്‍മ ഉല്‍പ്പന്നങ്ങളും കാലിത്തീറ്റയും തന്നെ ഉപയോഗിക്കണമെന്നും ഇത് മറ്റുള്ളവരില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. എട്ട് പ്രമേയങ്ങള്‍ പാസ്സാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ച യോഗം 2024-25 കാലത്ത് ക്ഷീരകര്‍ഷകര്‍ക്കായി നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പ്പാദന ചെലവ് കുറയ്ക്കുന്നതിനും സഹായകമായെന്നും വിലയിരുത്തി.

ക്ഷീരകര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് മേഖലാ യൂണിയനുകളുടെ സ്ഥിരനിയമനങ്ങളില്‍ വെയിറ്റേജ് നല്‍കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു.

പാല്‍വില വര്‍ധിപ്പിക്കുന്നതിനോട് എല്ലാ അംഗങ്ങളും യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാല്‍വില തല്‍ക്കാലം വര്‍ധിപ്പിക്കേണ്ടെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചുവെന്ന് ഇതുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി ചെയര്‍പേഴ്സണ്‍ കെ.എസ് മണി പറഞ്ഞു. ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞ പശ്ചാത്തലത്തില്‍ പാല്‍വില ഇപ്പോള്‍ വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന നിലപാടാണുള്ളതെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ പാല്‍വില വര്‍ധന വരുത്തുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല ക്ഷേത്രത്തിലേക്ക് 2 ലക്ഷം ലിറ്റര്‍ നെയ്യ് വിതരണം ചെയ്യുന്നതിനുള്ള അനുമതി തിരുവനന്തപുരം മേഖല യൂണിയന് നല്‍കുന്നതിന് നടപടി സ്വീകരിച്ച ദേവസ്വം മന്ത്രിക്ക് യോഗം നന്ദി അറിയിച്ചു.

2025 ഏപ്രിലില്‍ കെഎസ്ഇബി നടപ്പിലാക്കിയ താരിഫ് പരിഷ്കരണ പ്രകാരം സംഭരണ, ശീതീകരണ സൗകര്യങ്ങളുള്ള ഡെയറി ഫാമുകളെയും ക്ഷീര സഹകരണ സംഘങ്ങളെയും വാണിജ്യ താരിഫ് വിഭാഗത്തില്‍ നിന്ന് മാറ്റി കാര്‍ഷിക താരിഫ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മില്‍മയുടെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതിനെ അഭിനന്ദിച്ചതിനൊപ്പം വൈദ്യുതി മന്ത്രിക്കും നന്ദി അറിയിച്ചു.

മില്‍മ എംഡി ആസിഫ് കെ യൂസഫ് യോഗത്തിന് സ്വാഗതവും മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍പേഴ്സണ്‍ മാണി വിശ്വനാഥ് നന്ദിയും പറഞ്ഞു. മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണ്‍ വത്സലന്‍ പിള്ള സി.എന്‍, ഭരണസമിതി അംഗങ്ങള്‍, ക്ഷീരവികസന വകുപ്പ് രജിസ്ട്രാര്‍, ഫെഡറേഷനിലെ മേഖല യൂണിയനിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Advertisment