മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം: ഗോപാല്‍ രത്ന പുരസ്കാരം മില്‍മ മലബാര്‍ യൂണിയന്‍റെ രണ്ട് അംഗസംഘങ്ങള്‍ക്ക് വയനാട് മീനങ്ങാടി, പാലക്കാട് കുന്നങ്കാട്ടുപതി ക്ഷീരോല്പാദക സംഘങ്ങള്‍ക്ക് പുരസ്കാരം

New Update
milma hjgkbj
തിരുവനന്തപുരം: ക്ഷീരമേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാല്‍ രത്ന പുരസ്കാരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍റെ അംഗസംഘങ്ങള്‍ക്ക് ലഭിച്ചു. മികച്ച ക്ഷീര സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ കേരളത്തിന് ഇത് അഭിമാനകരമായ നേട്ടമാണ്.

വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിനാണ് ഒന്നാം സ്ഥാനം. പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 5 ലക്ഷം രൂപയും 3 ലക്ഷം രൂപയും പുരസ്കാര തുകയായി ലഭിക്കും. ക്ഷീരമേഖലയിലെ മികച്ച സംഭാവനകള്‍ക്ക് രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതികളില്‍ ഒന്നാണിത്. ഈ വര്‍ഷം ലഭിച്ച 2,081 അപേക്ഷകളില്‍ നിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളിലും മലബാര്‍ മില്‍മയുടെ അംഗ സംഘങ്ങള്‍ക്ക് ദേശീയ ഗോപാല്‍ രത്ന പുരസ്കാരം ലഭിച്ചിരുന്നു. മലബാര്‍ മേഖലാ യൂണിയന്‍റെ അംഗ സംഘങ്ങളായ വയനാട് ജില്ലയിലെ ദീപ്തിഗിരി ക്ഷീര സംഘത്തിന് 2021-ല്‍ രണ്ടാം സ്ഥാനവും, മാനന്തവാടി, പുല്‍പ്പള്ളി ക്ഷീര സംഘങ്ങള്‍ക്ക് യഥാക്രമം 2022, 2023 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു.

കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ ഈ മേഖലയിലെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ക്ഷീരമേഖലയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം കൂടുതല്‍ ഊര്‍ജസ്വലതയോടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പുരസ്കാരം പ്രചോദനമാണ്. ഈ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ കരസ്ഥമാക്കിയത് മലബാര്‍ മേഖലാ യൂണിയന്‍റെ ഭാഗമായ അംഗസംഘങ്ങളാണെന്നതില്‍ അഭിമാനമുണ്ട്. മില്‍മയുടെ പ്രശസ്തി വാനോളമുയര്‍ത്തിയ ക്ഷീരസംഘങ്ങളുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നതായി മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 26 ന് നടക്കുന്ന ദേശീയ ക്ഷീരദിനാചരണത്തിന്‍റെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് (ലാലന്‍ സിംഗ് )പുരസ്കാരങ്ങള്‍ സമ്മാനിക്കും. സഹമന്ത്രിമാരായ പ്രൊഫ. എസ് പി സിംഗ് ബാഗേല്‍, ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ സന്നിഹിതരാകും.

പ്രതിദിനം 17,500 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്‍റെ ഭാരവാഹികള്‍ ജയന്‍ പി പി (പ്രസിഡന്‍റ് ), മാത്യു കെ ബി (സെക്രട്ടറി) എന്നിവരാണ്. പ്രതിദിനം 28,500 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോല്പാദക സഹകരണ സംഘത്തിന്‍റെ ഭാരവാഹികള്‍ ആനന്ദ് സി (പ്രസിഡന്‍റ), ജയപ്രകാശ് (സെക്രട്ടറി) എന്നിവരാണ്.
Advertisment
Advertisment