കൊച്ചിയിൽ എൻഡിഡിബി സഹകരണത്തിൽ അത്യാധുനിക ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയുമായി മിൽമ

New Update
PHOTO 2

കൊച്ചി: മിൽമ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) ദേശീയ ക്ഷീരവികസന ബോര്‍ഡുമായി(എന്‍ഡിഡിബി) സഹകരിച്ച് കൊച്ചിയിൽ  ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കുന്നു. മിൽമ എറണാകുളം മേഖല യൂണിയന്റെ ഇടപ്പള്ളി ഓഫീസിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന എന്‍ഡിഡിബി കാഫ്(സെന്റര്‍ ഫോര്‍ അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക് ആന്‍ഡ് ഫുഡ്- സിഎഎല്‍എഫ്) ലാബിന്റെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11.30 മണിക്ക് ബഹു. കേന്ദ്ര മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ നിർവ്വഹിക്കും.

സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി  ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡന്‍ എംപി, എന്‍ഡിഡിബി ചെയര്‍മാന്‍ മീനേഷ് ഷാ, മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി തുടങ്ങിയവര്‍ സംബന്ധിക്കും.

ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയാണ് എന്‍പിഡിഡി പ്രൊജക്ടിന്റെ ധനസഹായത്തോടെ മില്‍മ സ്റ്റേറ്റ് സെന്‍ട്രല്‍ ലബോറട്ടറി ഇടപ്പള്ളി കാമ്പസില്‍ നിര്‍മ്മിച്ചതെന്ന് ഇ.ആർ.സി.എം.പി.യു ചെയർമാൻ സി.എൻ. വത്സലൻ പിള്ള പറഞ്ഞു. 2023 ല്‍ ഈ ലാബിന്റെ പ്രവര്‍ത്തനം എന്‍ഡിഡിബി കാഫിന് കൈമാറി.

തുടക്കത്തില്‍ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പിക്കുന്നതിനുള്ള പരിശോധനകളാണ് നടത്തുന്നത്. ഘട്ടം ഘട്ടമായി സേവനങ്ങൾ വിപുലീകരിച്ച് പഴം-പച്ചക്കറി, മസാലകൾ, ബേക്കറി ഉല്പന്നങ്ങൾ റെഡി ടു ഈറ്റ് ഭക്ഷണം, മത്സ്യം, മറ്റ് ഭക്ഷ്യോത്ല്പന്നങ്ങളുടെയും പരിശോധനാ സംവിധാനങ്ങളും ആരംഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍എബിഎല്‍(നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ്) അംഗീകാരം കാഫ് ലാബിന് ലഭിച്ചിട്ടുണ്ടെന്ന് എൻ.ഡി.ഡി.ബി. കാഫ് മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് നായർ പറഞ്ഞു. കൂടാതെ എഫ്എസ്എസ്എഐയുടെ(ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ) പ്രാഥമിക ഭക്ഷ്യപരിശോധനാ ലബോറട്ടറിയായും ഇതിനെ അംഗീകരിച്ചിട്ടു കണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അത്യാധുനിക പരിശോധനാ ഉപകരണങ്ങളും മികച്ച സൗകര്യങ്ങളുമാണ് ലാബില്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾക്കും, അനുബന്ധ സ്ഥാപനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതുമായ ബന്ധപ്പെട്ട പരിശോധനകള്‍ക്ക് മുന്‍ഗണന നല്‍കും.

ഇ.ആർ.സി.എം.പി.യു മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ടും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Advertisment
Advertisment