/sathyam/media/media_files/2025/01/24/1PhjUqyzflILNGOhJaVK.jpg)
കേരള വനം വികസന കോര്‍പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കെ.എഫ്.ഡി.സി. ചെയര്‍ പേഴ്‌സണ്‍ ലതിക സുഭാഷ്, മാനേജിങ് ഡറക്ടര്‍ ജോര്‍ജി പി. മാത്തച്ചന്‍ തുടങ്ങിയവര്‍ സമീപം
കോട്ടയം: അന്‍പതു വര്‍ഷത്തെ പ്രവര്‍ത്തനമികവുമായി കെ.എഫ്.ഡി.സി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാകെ മാതൃകയായി മാറിയെന്നു വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കേരള വനം വികസന കോര്‍പറേഷ(കെ.എഫ്.ഡി.സി.)ന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍പുണ്ടായിരുന്ന പ്രവര്‍ത്തനരീതികളില്‍നിന്നു മാറി കോര്‍പറേഷന്‍ വൈവിധ്യവത്കരണത്തിന്റെ പാത സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇക്കോ ടൂറിസം അടക്കമുള്ള മേഖലകളില്‍ ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ പ്രവര്‍ത്തനസാധ്യതയാണുള്ളത്.
വന്യമൃഗശല്യമുള്‍പ്പെടെ വനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചുകൊണ്ടുള്ള പരിഹാരങ്ങള്‍ക്കാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്കായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു.
കാരാപ്പുഴയിലെ കെ.എഫ്.ഡി.സി. മുഖ്യകാര്യാലയത്തില്‍ നടന്ന യോഗത്തില്‍ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു. ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കോര്‍പറേഷനുണ്ടായ നേട്ടങ്ങളെന്ന് അവര്‍ പറഞ്ഞു.
കോര്‍പറേഷന്‍ പുറത്തിറക്കിയ ടൂറിസം ഗൈഡ് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പ്രകാശനം ചെയ്തു. കോര്‍പറേഷന്റെ പുതുക്കിയ വെബ്‌സൈറ്റ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
വനം മേധാവി ഗംഗാ സിംഗ്, കെ.എഫ്.ഡി.സി. ഡയറക്ടര്‍മാരായ കെ.എസ്. ജ്യോതി, പി.ആര്‍. ഗോപിനാഥന്‍, അബ്ദുല്‍ റസാഖ് മൗലവി, ആര്‍.എസ്. അരുണ്‍, വി.ആര്‍. പ്രമോദ്, കെ.എഫ്.ഡി.സി. മാനേജിങ് ഡയറക്ടര്‍ ജോര്‍ജി പി. മാത്തച്ചന്‍, നഗരസഭാംഗം എന്‍.എന്‍. വിനോദ്, കെ.എഫ്.ഡി.സി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.എസ്. കിരണ്‍ ജോണ്‍സ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. കെ. അനില്‍കുമാര്‍, അഡ്വ. വി.ബി. ബിനു, അഡ്വ. ജെയ്‌സണ്‍ ജോസഫ്, എം.ടി. കുര്യന്‍, ടോമി വേദഗിരി, എന്നിവര്‍ പ്രസംഗിച്ചു.
മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. സുവര്‍ണ ജൂബിലി സ്മാരകമായി കാരാപ്പുഴ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒരു കമ്പ്യൂട്ടറും ജവഹര്‍ ബാലഭവനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ലൈബ്രറിയിലേക്ക് അയ്യായിരം രൂപയുടെ പുസ്തകങ്ങളും കൈമാറി.
വനം വികസന കോര്‍പറേഷന്റെ ആറു ഡിവിഷനുകളിലുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us