Advertisment

അക്ഷരം മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പാകും അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി

സംസ്ഥാന സഹകരണ വകുപ്പ് നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ 'അക്ഷരം' കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

New Update
AKSAHRAM MUSEUM NEW 26.11.24

രാജ്യത്തെ ആദ്യ ഭാഷാ മ്യൂസിയമായ അക്ഷരം കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ടി. പദ്മനാഭന്‍, എം. കെ. സാനു, എം. മുകുന്ദന്‍, വി. മധുസൂദനന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എം. ആര്‍. രാഘവവാരിയര്‍, തോമസ് ജേക്കബ്, മുരുകന്‍ കാട്ടാക്കട, ഡോ. റിച്ച നെഗി, മൗമിത ധര്‍, മിനി ആന്റണി, ഡോ. വീണ എന്‍. മാധവന്‍, ഫാ. ജോര്‍ജ് കുടിലില്‍, പി. കെ. ജയചന്ദ്രന്‍ എന്നിവര്‍ സമീപം.

കോട്ടയം: ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാന്‍ ചിലര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍, അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. സംസ്ഥാന സഹകരണ വകുപ്പ് നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ 'അക്ഷരം' കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment


മലയാളമടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഘട്ടമാണിത്. ഭാഷയ്ക്കും സാഹിത്യത്തിനുമായി മ്യൂസിയം എന്ന ആശയം നൂതനമാണ്. മിക്കവാറും മ്യൂസിയങ്ങള്‍ ചരിത്രവസ്തുക്കളെ സംരക്ഷിക്കാനോ  കലകളുടെയും കലാപ്രകടനങ്ങളുടെയും ചരിത്രം പ്രചരിപ്പിക്കുന്നതിനോ മഹദ് വ്യക്തികളുടെ ജീവിതം പ്രദര്‍ശിപ്പിക്കുന്നതിനോ ആയിരിക്കും.
അതില്‍നിന്നെല്ലാം വ്യത്യസ്തമായ ആശയമാണ് അക്ഷരം മ്യൂസിയത്തിന്റെ സ്ഥാപനത്തിലൂടെ മുന്നോട്ടുവെക്കുന്നത്. 

നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിച്ചുകൊണ്ട്  വൈവിധ്യങ്ങളെ നിലനിര്‍ത്തണം എന്ന സന്ദേശമാണ്  ഈ മ്യൂസിയത്തിലൂടെ ലോകത്തിന് പകര്‍ന്നു നല്‍കുന്നത്. 15,000 ചതുരശ്രയടിയില്‍ ഒരുക്കുന്ന മ്യൂസിയം പൂര്‍ണമാകുന്നതോടെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രവും ഭാഷാ ചരിത്രവും സാഹിത്യചരിത്രവും എല്ലാം അടയാളപ്പെടുത്തപ്പെടും.

 ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭാഷകളുടെ ചരിത്രവും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടും. അങ്ങനെ ലോകംതന്നെ ശ്രദ്ധിക്കുന്ന  വിജ്ഞാനകേന്ദ്രമായി മ്യൂസിയം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനം ചെയ്യപ്പെടുന്ന ഒന്നാം ഘട്ടത്തില്‍ പ്രധാനമായും നാല് ഗ്യാലറികളാണ് ഒരുക്കിയിരിക്കുന്നത്. 


ആദ്യ ഗ്യാലറിയില്‍ ഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ടാം ഗ്യാലറിയില്‍ ഇന്ത്യന്‍ ലിപികളുടെ പരിണാമചരിത്രത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അധിനിവേശവും വിവേചനങ്ങളും നമ്മുടെ ചില ഭാഷകളെ തകര്‍ക്കുകയും മറ്റു ചിലതിനെ വളര്‍ത്തുകയും ചെയ്തിട്ടുണ്ട്.  


ഹിന്ദിക്ക് ഉറുദുവുമായി ഉണ്ടായിരുന്ന ഇഴപിരിയാത്ത ബന്ധം ഇന്ത്യാചരിത്രത്തില്‍ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയും ഉറുദുവും ചേര്‍ന്ന ഹിന്ദുസ്ഥാനി എന്ന മൊഴി തന്നെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഉറുദുവിന്റെ പേര്‍ഷ്യന്‍ അറബിക് ലിപിയില്‍ നിന്ന് സംസ്‌കൃതത്തിന്റെ ദേവനാഗരി ലിപിയിലേക്ക് ഹിന്ദി മാറ്റപ്പെട്ടു. 

അധിനിവേശ ശക്തികള്‍ ആവിഷ്‌ക്കരിച്ചതും രാജ്യത്തിനകത്ത് പ്രചാരം നേടിയതുമായ വര്‍ഗീയ ചിന്തകളാണ് ഇത്തരം മാറ്റങ്ങള്‍ക്ക് കാരണമായത്. നമ്മുടെ ലിപികളുടെ ചരിത്രം പഠിക്കുമ്പോള്‍ ഇത്തരം ചരിത്രവസ്തുതകളെ കൂടി മനസ്സിലാക്കാന്‍ സഹായകരമാകുന്ന ഒന്നാകും രണ്ടാം ഗ്യാലറി.


മൂന്നാം ഗ്യാലറി ആധുനികതയുടെ കടന്നുവരവിനു ശേഷമുള്ള അച്ചടിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.  കേരളത്തിലെ ആദ്യത്തെ അച്ചടിശാല ആരംഭിക്കപ്പെട്ടത് കോട്ടയത്താണ്.ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചതും കോട്ടയത്തു നിന്നാണ്. 

ആ കോട്ടയത്തു തന്നെ അച്ചടിയുടെ ചരിത്രം പ്രതിപാദിക്കുന്ന ഗ്യാലറി ഒരുങ്ങുന്നതില്‍ ഔചിത്യഭംഗിയുണ്ട്. നാലാം ഗ്യാലറി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതാണ്.
മലയാളത്തിന്റെ പുസ്തക പ്രസിദ്ധീകരണ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിക്കാന്‍ എസ്പിസിഎസിന് കഴിഞ്ഞിട്ടുണ്ട്. 

പ്രസാധകര്‍ക്കു വിധേയരാകേണ്ടവരല്ല എഴുത്തുകാര്‍ എന്ന ബോധം മലയാളത്തിലെ ഓരോ എഴുത്തുകാരനും പകര്‍ന്നുനല്‍കിയതില്‍ എസ്പിസിഎസ് വഹിച്ച പങ്ക് വളരെ വലുതാണ്.  പ്രസാധന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനു കഴിഞ്ഞു. 

ആ ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാകും ഇവിടെ ഒരുങ്ങിയിരിക്കുന്ന ഗ്യാലറി. ഇതിനെല്ലാം പുറമെ ആറായിരത്തോളം ലോകഭാഷകളെ അടയാളപ്പെടുത്തുന്ന ലോക ഭാഷാ ഗ്യാലറിയും തീയറ്റര്‍ സംവിധാനവും ഡിജിറ്റല്‍ മ്യൂസിയവും സാഹിത്യ പ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്പിസിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ - അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടുന്ന നിലയിലേക്ക് വളരണം. മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ വിദേശങ്ങളിലും വിദേശങ്ങളിലെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ മലയാളക്കരയിലുമെത്തിക്കാന്‍  കഴിയണം.

അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി കോട്ടയത്തെ പ്രധാന സാംസ്‌കാരിക ചരിത്ര പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് അക്ഷരം ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കോളജായ സിഎംഎസ് കോളജ്, സിഎം എസ് പ്രസ്സ്, ആദ്യകാല പത്രസ്ഥാപനങ്ങള്‍, പാഹ്ലവി ഭാഷയിലുള്ള ലിഖിതങ്ങള്‍ കൊത്തിവെച്ച വലിയപള്ളി, ചരിത്ര രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന കുമാരനല്ലൂര്‍ ദേവീക്ഷേത്രം, ദേവലോകം അരമന, ലോകോത്തര മ്യൂറല്‍ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കര ക്ഷേത്രം, ഐതിഹ്യമാലയുടെ രചയിതാവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ സ്മാരകം, താഴത്തങ്ങാടി ജുമാ മസ്ജിദ്, മാന്നാനം സെന്റ് ജോസഫ് പ്രസ് എന്നിവയെല്ലാം ഈ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമാകും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നമ്മുടെ ഭാഷാ സാംസ്‌കാരിക ചരിത്രത്തെക്കുറിച്ച് അവബോധം നല്‍കുന്നതാവും ഈ പദ്ധതി.

അച്ചടിയുമായി ബന്ധപ്പെട്ട നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജില്ലയാണ് കോട്ടയം. നമ്മുടെ നാട്ടിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ഡച്ച് ഭാഷാവിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചത് ഇവിടെനിന്നാണ്. മാതൃഭാഷയെ പോലെതന്നെ മറ്റു ഭാഷകളെയും കൈനീട്ടി സ്വീകരിച്ച മണ്ണാണിത്.


കേരള ചരിത്രത്തിലെ നിര്‍ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങള്‍ ആരംഭം കുറിച്ച ജില്ല കൂടിയാണിത്. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയില്‍നിന്നാണ്. ക്ഷേത്രത്തിനടുത്തു കൂടി വഴിനടക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപിച്ചെടുത്ത വൈക്കം സത്യഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലാണ്.  


അക്ഷരം പഠിക്കാന്‍ പോലും അന്ന് വിലക്കുകളുണ്ടായിരുന്നു.  അതിനെയെല്ലാം തട്ടിമാറ്റി ഇന്നു കാണുന്ന സാമൂഹിക ഐക്യത്തിലേക്ക് നാം മുന്നേറിയത് വൈക്കം സത്യഗ്രഹം പോലെയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി കൂടിയാണ്. ആ സത്യഗ്രഹത്തിന്റെ നൂറാം വര്‍ഷത്തില്‍ നമ്മുടെ ഭാഷയ്ക്ക് ഒരു മ്യൂസിയം ഒരുങ്ങുന്നു എന്നത് ഏറെ ശ്രദ്ധേയം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ അക്ഷര ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനം ബ്രോഷര്‍ പ്രകാശിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി നിര്‍വഹിച്ചു. സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം എം. മുകുന്ദന് മുഖ്യമന്ത്രി സമര്‍പ്പിച്ചു.


  തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബാക്കി മൂന്നു ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമായി അക്ഷരം മ്യൂസിയം മാറുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. വര്‍ത്തമാനകാലത്ത് വായനയിലേക്കു പുതുതലമുറയെ തിരികെക്കൊണ്ടുവരുന്നതിന് എല്ലാവരിലൂടെയും സഹകരണത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാര്‍ ആമുഖപ്രഭാഷണം നടത്തി. സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  
സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍,ടി. പദ്മനാഭന്‍, എം. കെ. സാനു, എം. മുകുന്ദന്‍, വി. മധുസൂദനന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എം. ആര്‍. രാഘവവാരിയര്‍, തോമസ് ജേക്കബ്, മുരുകന്‍ കാട്ടാക്കട, ഡോ. റിച്ച നെഗി, മൗമിത ധര്‍, മിനി ആന്റണി, ഡോ. വീണ എന്‍. മാധവന്‍, ഫാ. ജോര്‍ജ് കുടിലില്‍, പി. കെ. ജയചന്ദ്രന്‍, പിവികെ പനയാല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisment