/sathyam/media/media_files/2024/12/06/Rkj0RV4LePaaZKcjeU0d.jpeg)
തിരുവനന്തപുരം: കഴിഞ്ഞ നാല് വര്‍ഷക്കാലമായി മുന്‍ഗണന പട്ടികയുടെ ശുദ്ധീകരണം നടത്തി വരികയാണെന്ന് മന്ത്രി ജിആര്‍ അനില്‍. മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാന തല വിതരണ ഉത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴും 2011 സെന്‍സസ് കണക്ക് അനുസരിച്ചാണ് സംസ്ഥാനത്തിന് കേന്ദ്രം ഭഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം നിരവധി തവണ കേന്ദ്രത്തെ അറിയിച്ചു. കേന്ദ്ര ഭക്ഷ്യ മന്ത്രിയെ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് കണ്ടത്.
പുതിയ സെന്‍സസ് വരും പ്രകാരമേ കണക്കില്‍ മാറ്റം വരുത്താന്‍ കഴിയൂ എന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള മറുപടി. പൊതുവിതരണ രംഗത്ത് 83 ലക്ഷം കുടുംബങ്ങള്‍ സാധനങ്ങള്‍ വാങ്ങി വരികയാണെന്നും മന്ത്രി അറിയിച്ചു. 55157 അന്ത്യോദയ അന്നയോജന കാര്‍ഡ് വിതരണം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭഷ്യധാന്യങ്ങള്‍ കൊണ്ട് വരുന്ന ഗതാഗത ചെലവ് സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കേണ്ടി വരുന്നത്. ഒരു ചെറിയ ഭാഗം മാത്രമാണ് കേന്ദ്രം വഹിക്കുന്നത്. ബാക്കി ബാധ്യത മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ മസ്റ്ററിങ് നല്ല രീതിയില്‍ നടന്നു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. 93 ശതമാനത്തോളം ആളുകള്‍ ഇതുവരെ മസ്റ്ററിങ് നടത്തിയിട്ടുണ്ട്. ബാക്കിയുള്ള 7% ആളുകള്‍ മാര്‍ച്ചിനകം തന്നെ മസ്റ്ററിങ്ങില്‍ പങ്കെടുത്തേ മതിയാകൂ എന്നും മന്ത്രി അറിയിച്ചു.
അല്ലെങ്കില്‍ അവരുടെ വിഹിതം നല്കരുതെന്നാണ് കേന്ദ്ര നിര്‍ദേശമെന്നും മന്ത്രി വ്യക്തമാക്കി. കേരള പൊതുവിതരണം കേന്ദ്രത്തിന് വരെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ കാര്‍ഡ് ശുദ്ധീകരണ പ്രവര്‍ത്തനം ഇവിടെ നിര്‍ത്തില്ലെന്നും ഇനിയും തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.