/sathyam/media/media_files/YLRYNa6HkihGEOGBiuMg.jpg)
തിരുവനന്തപുരം: അതിദരിദ്രര്‍ക്ക് പട്ടയം വിതരണം നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കന്‍ മേഖലാ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
അതിദരിദ്രരായ മുഴുവന്‍ പേരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 2025 നവംബര്‍ ഒന്നിന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയിടുന്നത്.
ഈ സാഹചര്യത്തില്‍ അതി ദരിദ്രരില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും മാര്‍ച്ച് മാസത്തിനകം പട്ടയം നല്‍കണം. അയ്യായിരത്തോളം പേരാണ് അതിദാരിദ്ര്യരുടെ പട്ടികയില്‍ പട്ടയം ലഭിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.
അപേക്ഷ പരിഗണിക്കുമ്പോള്‍ ഭൂമിയുടെ ഇനം മാറ്റം ഒരു പ്രക്രിയയായി ഏറ്റെടുക്കണം. ചട്ടങ്ങളും നിയമവും സാധാരണക്കാര്‍ക്ക് അനുകൂലമായി വായിക്കാന്‍ ശ്രമിക്കണം.
ഇതോടൊപ്പം ലാന്‍ഡ് ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ കേസുകളും 2026 ജനുവരി ഒന്നിന് മുമ്പ് തീര്‍പ്പാക്കണമെന്നും ലാന്‍ഡ് അസൈന്‍മെന്റ് പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹാരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
31 ന് എറണാകുളത്ത് നടക്കുന്ന കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന മധ്യമേഖലാ യോഗവും ഫെബ്രുവരി മൂന്നിന് കോഴിക്കോട് നടക്കുന്ന തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നിവയുടെ വടക്കന്‍ മേഖലാ യോഗവും പൂര്‍ത്തിയായാല്‍ ജില്ലാ കളക്ടര്‍മാര്‍ വില്ലേജ് ഓഫീസര്‍മാരെ വിളിച്ചു കൂട്ടി നടപടികള്‍ വിശദീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
ഭൂമി തരംമാറ്റം ചെയ്തു കൊടുക്കും എന്ന് ബോര്‍ഡും ബാനറും വച്ച് നിയമത്തെ വെല്ലുവിളിക്കുന്ന ഇടനിലക്കാര്‍ ഇപ്പോഴും ഉണ്ട്. ഇത് അംഗീകരിക്കാനാവില്ല. കര്‍ശനമായ പരിശോധന നടത്തി ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണം എന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
പുറമ്പോക്ക്, വനഭൂമി പട്ടയങ്ങളുടെ വിതരണം, ഡിജിറ്റല്‍ റീ സര്‍വ്വെ പ്രകാരമുള്ള അധിക ഭൂമിയുടെ നികുതി സ്വീകരിക്കല്‍, വില്ലേജ് ഓഫീസുകളുടെ ശാക്തീകരണം എന്നിവ സംബന്ധിച്ച വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.