കേരള ടൂറിസത്തിന്‍റെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ചിത്രരചനാ മത്സര പുരസ്കാരങ്ങള്‍ മന്ത്രി മുഹമ്മദ് റിയാസ് വിതരണം ചെയ്തു

ടൂറിസം പ്രചാരണത്തിനായി കേരളം നൂതന ആശയങ്ങള്‍ ആവിഷ്കരിക്കുന്നതിന് ശ്രദ്ധ നല്‍കും: ടൂറിസം മന്ത്രി

New Update
tourisam  dro
തിരുവനന്തപുരം: ടൂറിസം വിപണനത്തില്‍ കേരളത്തെ ബ്രാന്‍ഡായി നിലനിര്‍ത്തുന്നതിനായി നടപ്പാക്കിവരുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി കേരള ടൂറിസം സംഘടിപ്പിച്ച കുട്ടികളുടെ മൂന്നാമത് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. 'കേരളത്തിന്‍റെ ഗ്രാമജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ 132 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള 4 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്.
Advertisment


ടൂറിസം പ്രചാരണത്തിനായി കേരളം നൂതന ആശയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് എപ്പോഴും പ്രോത്സാഹനം നല്‍കാറുണ്ടെന്നും ഇതിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ചിത്രരചനാ മത്സരം കേരളത്തിന്‍റെ ടൂറിസം സവിശേഷതകള്‍ വിവിധ രാജ്യങ്ങളില്‍ എത്തിക്കാന്‍ സഹായിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, വിദേശം എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തിയത്. വിദേശ വിഭാഗത്തില്‍ നിന്ന് സ്റ്റീവന്‍ ഡേവിഡ് (ബംഗ്ലാദേശ്), കേരളത്തില്‍ നിന്ന് വര്‍ണന രതീഷ് എന്നിവര്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

നിക്ക ഹ്രിസ്റ്റിക് (സെര്‍ബിയ), മാര്‍ട്ടിന്‍ ലാംബേവ് (ബള്‍ഗേറിയ), ഐറിന ബരാബനോവ (റഷ്യ), മാക്സെറ്റോവ അല്‍മിറ (ഉസ്ബെസ്ക്കിസ്ഥാന്‍), സിനാലി പെയ്റിസ്, കാര്യവാസം ഇടിപാലഗേ സെനുദി (ശ്രീലങ്ക), അലക്സാണ്ടര്‍ മെറ്റിസ്ഗര്‍ (ജര്‍മനി), ക്ളോയി മാര്‍ഷ് (യു.കെ) എന്നിവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച രചനകള്‍ക്കുള്ള സമ്മാനം സ്വീകരിച്ചു.

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡോള്‍ബി റാണി പരിദ (ഒറീസ), കൃതിക കുശ്വാഹ (മഹാരാഷ്ട്ര), സ്കന്ദ ആര്‍, എസ്.ബി ശ്രാവന്തിക, ദിയ എച്ച് (തമിഴ് നാട്) എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി.

മൂന്ന് വിഭാഗങ്ങളിലെയും വിജയികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം കേരളത്തില്‍ അഞ്ചുദിവസം താമസിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അവസരമുണ്ട്. ടൂറിസം അഡീഷണല്‍ സെക്രട്ടറി ഡി. ജഗദീഷ് ചടങ്ങിന് സ്വാഗതവും ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലിം നന്ദിയും പറഞ്ഞു.

ആകെ 46,066 കുട്ടികള്‍ മത്സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തു. 57,308 രചനകളാണ് ലഭിച്ചത്. ഇതില്‍ വിദേശത്ത് നിന്നും 4,620 രചനകളും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 46,464 രചനകളും, കേരളത്തില്‍ നിന്നും 6,224 രചനകളുമാണ് ലഭിച്ചത്. മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ചിത്രകലാരംഗത്തെ പ്രഗത്ഭര്‍ ഉള്‍പ്പെട്ട സ്ക്രീനിംഗ് കമ്മിറ്റിയും ജഡ്ജിംഗ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത 2000 ചിത്രങ്ങളുടെ സൂക്ഷ്മ പരിശോധനയിലൂടെയാണ് അവസാനഘട്ട വിജയികളെ തെരഞ്ഞെടുത്തത്. മൂന്ന് വിഭാഗങ്ങളിലായി പ്രോത്സാഹന സമ്മാനങ്ങളടക്കം ആകെ 103 വിജയികളാണുള്ളത്.

കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ക്കു പുറമേ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച വ്യക്തികള്‍ക്ക് പ്രമോട്ടര്‍മാരെന്ന നിലയില്‍ സമ്മാനങ്ങള്‍ നല്‍കി. ഇതിന്‍റെ ഭാഗമായി 5 വിദേശികള്‍ക്കും, 5 ഇന്ത്യക്കാര്‍ക്കും 5 ദിവസം കേരളം സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.

10 ഇന്ത്യന്‍ ഭാഷകളിലും 14 വിദേശ ഭാഷകളിലുമായി മത്സരത്തിന്‍റെ പ്രചാരണം നടത്തി. 70 ലക്ഷത്തോളം ആളുകളില്‍ മത്സരത്തിന്‍റെ വിവരങ്ങള്‍ എത്തിയതായി കണക്കാക്കുന്നു. മത്സര കാലയളവില്‍ കേരള ടൂറിസം വെബ്സൈറ്റായ www.keralatourism.org -യില്‍ ഏകദേശം ഒരു കോടിയോളം സന്ദര്‍ശകര്‍ എത്തി. കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലിലെ സന്ദര്‍ശകരുടെ എണ്ണവും സബ്സ്ക്രിപ്ഷനും ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചു. ഈ കാലയളവില്‍ കേരളത്തിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണവും കൂടിയിട്ടുണ്ട്.

Advertisment