/sathyam/media/media_files/YfXzvfa7QdZH07Q9lFEP.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ വിശ്വകര്‍മ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്‌കില്‍ ബാങ്ക് രൂപീകരിക്കുമെന്ന് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആര്‍ കേളു നിയമസഭയെ അറിയിച്ചു. കരകൗശല വികസന കോര്‍പറേഷന്‍ മുഖേന ഇതിനായി ക്രാഫ്റ്റ് വില്ലേജും രൂപീകരിക്കുമെന്നും ഡോ. മാത്യു കുഴല്‍നാടന്റെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞു.
23 ഉപവിഭാഗങ്ങള്‍ അടങ്ങിയ പാരമ്പര്യ തൊഴില്‍ സമുദായമാണ് വിശ്വകര്‍മ്മജര്‍. ഇവരുടെ ഉന്നമനത്തിനായി പിന്നാക്ക വിഭാഗ വികസന വകുപ്പു മുഖേന നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. വിശ്വകര്‍മ്മ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ രണ്ടും, ഇതര തസ്തികകളില്‍ മൂന്നും ശതമാനം സംവരണം അനുവദിക്കുന്നുണ്ട്.
ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ കമ്മീഷന്റെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഉദ്യോഗം അവര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകകയും ഒരു വിഭാഗത്തിന് മാറ്റി വെച്ച തസ്തികകളില്‍ അതേ വിഭാഗത്തെ തെരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലും, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്സുകളിലും M.Tech കോഴ്സുകളിലും 2 ശതമാനം സംവരണം അനുവദിക്കുന്നുണ്ട്. മറ്റു കോഴ്സുകളില്‍ OBH (മറ്റ് പിന്നാക്ക ഹിന്ദു) വിഭാഗത്തിന്റെ 7%ത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കുന്നു.
ഒരു ലക്ഷത്തില്‍ അധികരിക്കാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകള്‍ക്ക് കെ.പി.സി.ആര്‍.പ്രകാരം ഫീസ് അടക്കമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്. ഇതേ ആനുകൂല്യങ്ങള്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും ലഭ്യമാണ്. സംസ്ഥാനത്തിന് പുറത്തെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാനത്തിനകത്ത് സിഎ. സിഎംഎ, കമ്പനി സെക്രട്ടറി കോഴ്‌സുകള്‍ പഠിക്കുന്നതിനും 2.5 ലക്ഷം രൂപ കുടുംബ വാര്‍ഷിക വരുമാന പരിധിക്കു വിധേയമായി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്.
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മത്സര പരീക്ഷാ പരിശീലനം, ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്, അഡ്വക്കറ്റ് ഗ്രാന്റ്, പ്രൊഫഷണലുകള്‍ക്കുള്ള സ്റ്റാര്‍ട്ട് അപ് സബ് സിഡി, വിവിധ സ്വയംതൊഴില്‍ വായ്പകള്‍ എന്നിവയും അര്‍ഹരായ വിശ്വകര്‍മ്മജര്‍ക്ക് ലഭിക്കുന്നുണ്ട്. പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍, ആര്‍ട്ടിസാന്‍സ് വികസന കോര്‍പറേഷന്‍ എന്നിവ നടപ്പിലാക്കുന്ന വിവിധ വായ്പ പദ്ധതികളും വിശ്വകര്‍മ്മജര്‍ക്ക് ലഭ്യമാണ്. 60 വയസ്സു കഴിഞ്ഞ, ഒരു ലക്ഷത്തില്‍ അധികരിക്കാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള വിശ്വകര്‍മ്മജരുടെ 1400/- രൂപയായിരുന്ന പ്രതിമാസ പെന്‍ഷന്‍ 1600/- രൂപയായി വര്‍ധിപ്പിച്ചത് ഈ സര്‍ക്കാരാണ്.
വിശ്വകര്‍മ്മ വിഭാഗത്തിന്റെ തൊഴില്‍ശേഷിയും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ടൂള്‍കിറ്റ് ഗ്രാന്റ് പദ്ധതിയിലൂടെ ആധുനിക പണിയായുധങ്ങള്‍ വാങ്ങുന്നതിന് 20000/- രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നുണ്ട്. പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിന്നാക്ക സമുദായത്തില്‍പ്പെട്ട വിശ്വകര്‍മ്മജരുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വിപണിയില്‍ നേരിടുന്ന പ്രശനങ്ങള്‍ പരിഹരിക്കുന്നതിനായി ന്യായവില ഉറപ്പാക്കുന്നതിനുമായി നഗര കേന്ദ്രങ്ങളില്‍ ഉല്‍പന്ന പ്രദര്‍ശനത്തിനും വിപണനത്തിനും സ്ഥിരം സംവിധാനമടക്കം ഏര്‍പ്പെടുത്തുന്നതിന് സംവിധാനമൊരുക്കാന്‍ വകുപ്പ് പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.
വിശ്വകര്‍മ്മ വിഭാഗത്തിന്റെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കവസ്ഥ പഠിക്കുന്നതിനായി നിയോഗിച്ച ഡോ. പി.എന്‍. ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.