/sathyam/media/media_files/2025/06/18/uzmJ63wBrUSy0UOi5p90.jpg)
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'പെട്രോകെമിക്കല്‍ ആന്‍ഡ് അലൈഡ് സെക്ടേഴ്‌സ്' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് വ്യവസായ, നിയമ, കയര്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളിയിലെ ഹോട്ടല്‍ ലുലു മാരിയറ്റില്‍ തിങ്കളാഴ്ച (ജനുവരി 5) ആണ് പരിപാടി. കേരളത്തിന്റെ പെട്രോകെമിക്കല്‍ മേഖലയിലെ നിക്ഷേപ അവസരങ്ങള്‍ കണ്ടെത്തുന്നതിനായി പ്രധാന വ്യവസായ പങ്കാളികളെ കോണ്‍ക്ലേവ് ഒരുമിച്ച് കൊണ്ടുവരും.
കിന്‍ഫ്ര (കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍), ബിപിസിഎല്‍ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) എന്നിവയുമായി സഹകരിച്ച് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ്‌ഐഡിസി) ആണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ പുരോഗമന നയങ്ങള്‍, നിക്ഷേപക സൗഹൃദ സംരംഭങ്ങള്‍, പെട്രോകെമിക്കല്‍ പാര്‍ക്കിലെ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം അനുബന്ധ മേഖലകളിലും കോണ്‍ക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കും. പെട്രോകെമിക്കല്‍ അസോസിയേഷന്‍ മേധാവിയും ബിപിആര്‍ഇപി എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീറാം എ എന്‍ മുഖ്യപ്രഭാഷണം നടത്തും.
വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, 'സംസ്ഥാനത്തെ പെട്രോകെമിക്കല്‍ പരിസ്ഥിതിയും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തില്‍ അവതരണം നടത്തും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് ടെക്‌നോളജി (ഐപിടി) ഡയറക്ടറും തലവനുമായ ഡോ. കെ. എ. രാജേഷ്, ബിപിസിഎല്‍ (പെറ്റ്‌കെം ടാസ്‌ക് ഫോഴ്സ്) മേധാവി അതുല്‍ ഖാന്‍വാള്‍ക്കര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളക്കാരന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിക്കും.
കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും ഡിഐസി ഡയറക്ടറുമായ വിഷ്ണുരാജ് പി ഐഎഎസ് ചടങ്ങില്‍ സ്വാഗതം ആശംസിക്കും. വ്യവസായ വകുപ്പ് ഒഎസ്ഡി ആനി ജൂല തോമസ് ഐഎഎസ് നന്ദി രേഖപ്പെടുത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us