വയനാട് ഭക്ഷണവിതരണത്തിന്റെ പേരില്‍ ചിലര്‍ പണപ്പിരിവ് നടത്തുന്നതായി പരാതിയെന്ന് മന്ത്രി റിയാസ്

ഇതുവരെ ഭക്ഷണം നൽകിയ ആളുകളുടെ സേവനം വളരെ വലുതാണ്. എന്നാൽ, രക്ഷാദൗത്യം നടത്തുന്നവർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ നിയന്ത്രണം വേണം.

New Update
muhd riyass

കൽപറ്റ: വയനാട്ടിലെ ദുരന്ത മേഖലകളിലേക്കുള്ള ഭക്ഷണ വിതരണത്തിന്റെ പേരിൽ ചിലർ വ്യാപക പണപ്പിരിവ് നടത്തുന്നെന്ന അഭിപ്രായവും പരാതികളും വന്നിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഭൂരിപക്ഷം ആത്മാർഥമായി ഇടപെടുമ്പോൾ ചെറുന്യൂനപക്ഷം ഇത്തരമൊരു പോരായ്മ വരുത്തുന്നത് പ്രയാസകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisment

ഇത്തരം രക്ഷാ ദൗത്യത്തിൽ ഭക്ഷണം നൽകുന്നതിനൊരു സംവിധാനമുണ്ട്. എന്നാൽ, കേരളത്തിൽ എല്ലാ കാര്യവും ജനകീയമാണ്. ഭക്ഷണത്തിന്റെ നിലവാരം ഉറപ്പുവരുത്തണം. അതിനുവേണ്ടി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടത്തുന്നുണ്ട്. എവിടെയെങ്കിലും ഭക്ഷണം കിട്ടിയില്ലെന്ന പരാതിയുണ്ടെങ്കിൽ അവിടെ എത്തിക്കാനുള്ള സംവിധാനമുണ്ട്. സോണൽ ഹെഡുമാർ വഴിയാണത് നൽകുന്നത്. ഇതുവരെ ഭക്ഷണം നൽകിയ ആളുകളുടെ സേവനം വളരെ വലുതാണ്. എന്നാൽ, രക്ഷാദൗത്യം നടത്തുന്നവർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ നിയന്ത്രണം വേണം.

വളണ്ടിയർമാർ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും നിയന്ത്രണം ആവശ്യമാണ്. ഭക്ഷണം വളരെ മാന്യമായി പാകം ചെയ്ത് നൽകുന്നുണ്ട്. എന്നാൽ രക്ഷാദൗത്യത്തിലുള്ള ചില ആളുകൾക്ക് ഭക്ഷണം കഴിച്ച് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇത് ശ്രദ്ധയിൽപ്പെടുത്തി. അതിനാൽ ഭക്ഷണത്തിന്റെ ​ഗുണമേന്മ ഉറപ്പ് വരുത്തണം. ഭക്ഷ്യവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്.

നിലവിൽ പോളി ടെക്നിക്കിൽ അതിന്റെ കേന്ദ്രം വെച്ചാണ് ഇത് നടത്തുന്നത്. അതിൽ ഇതുവരെ പരാതി വന്നിട്ടില്ല. ഇതുവരെ ഭക്ഷണം നൽകിയവരെല്ലാം നല്ല അർഥത്തിലാണ് നൽകിയിട്ടുള്ളത്. എന്നാൽ, ഇതിന്റെ പേരിൽ ചിലർ വ്യാപക പണപ്പിരിവ് നടത്തുന്നെന്ന അഭിപ്രായവും പരാതികളും വന്നിരിക്കുകയാണ്. മഹാഭൂരിപക്ഷവും വളരെ ആത്മാർഥമായി ഇടപെടുമ്പോൾ ഒരു ചെറുന്യൂനപക്ഷം പോരായ്മ വരുത്തുകയാണെങ്കിൽ അത് പ്രയാസമാണ്. അതിനാൽ അതിലൊരു ശ്രദ്ധവേണം. എന്നാൽ, ഇതുവരെ സേവനം നടത്തിയവരെല്ലാം, ഭക്ഷണം വിതരണം ചെയ്തവർ ഉൾപ്പെടെ വലിയ കാര്യങ്ങളാണ് ചെയ്തത്. അതേ അർഥത്തിലാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisment