/sathyam/media/media_files/2025/01/20/lks3rahVkH4K0UiR3utG.jpg)
തിരുവനന്തപുരം: സാമ്പത്തിക ആസൂത്രണ വിദഗ്ധരുടെയും സാമ്പത്തിക ശാസ്ത്രജ്ഞരുടെയും പരിഗണനാ വിഷയങ്ങള്‍ക്കുപരി, അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമവും കരുതലും സര്‍ക്കാര്‍ ബഡ്ജറ്റുകളുടെ മുന്‍ഗണനാ വിഷയങ്ങളാക്കിയതാണ് ഭരണാധികാരി എന്ന നിലയില്‍ കെഎം മാണിയെ വേര്‍തിരിച്ചു നിര്‍ത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
ഫെബ്രുവരി 14,15,16 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന യൂത്ത് കോണ്‍ക്ലേവിന് മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന മാണിസവും സംസ്ഥാന ബഡ്ജറ്റുകളുമെന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിന്‍.
നിരാലംബരായ ആളുകള്‍ക്ക് ക്ഷേമപെന്‍ഷന്‍ എന്ന ആശയം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത ധനകാര്യ മന്ത്രിയായിരുന്നു കെഎം മാണി.
തലമുറകളായി കൈവശം വെച്ചുകൊണ്ടിരുന്ന ഭൂമിയില്‍ ഉടമസ്ഥാവകാശം ഇല്ലാതിരുന്ന പതിനായിര കണക്കിന് കുടുംബങ്ങളെയാണ് പട്ടയമേളകളിലൂടെ കെഎം മാണി ഭൂ ഉടമകളാക്കി മാറ്റിയത്. വെളിച്ച വിപ്ലവം എന്ന ആശയത്തിലൂടെ പാവപ്പെട്ടവന്റെ കൂരകളിലേക്ക് എത്തിച്ച വൈദ്യുതി മന്ത്രിയായിരുന്നു അദ്ദേഹമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കോണ്‍ക്ലേവിന്റെ ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ഉദ്ഘാടനം ഗവ: ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വഹിച്ചു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ അധ്യക്ഷത വഹിച്ച എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, പ്രമോദ് നാരായണ്‍ കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാര്‍, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മന്‍ മത്തായി, റോണി വലിയപറമ്പില്‍, ആല്‍വിന്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് കെ ജെ എം അഖില്‍ബാബു, സി ആര്‍ സുനു, ഹഫീസ് എ എച്ച്, ജസ്റ്റിന്‍ ജോസഫ്,ജെസ്സല്‍ വര്‍ഗീസ്, ഉജജയ്ന്‍ ജെ ജി, സനല്‍ ആമച്ചല്‍, മുഹമ്മദ് ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.