ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി സംശയാസ്പദവും അപലപനീയം. കളരിപ്പയറ്റ് മത്സരയിനമാക്കാനാകില്ലെന്ന് ഐഒഎ അധ്യക്ഷ പറഞ്ഞത് അമ്പരിപ്പിച്ചു: മന്ത്രി വി അബ്ദുറഹിമാന്‍

ദില്ലി ഹൈക്കോടതി വിധിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ ഇനം ഉള്‍പ്പെടുത്തുന്നത് പ്രയാസമാണെന്നുമാണ് ഉഷ പ്രതികരിച്ചത്.

New Update
vabdurahman-

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഈ ജനുവരി 28 മുതല്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ) നടപടി സംശയാസ്പദവും അപലപനീയവുമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. 

Advertisment

കളരിപ്പയറ്റ് മത്സരയിനമാക്കി ഒരാഴ്ചയ്ക്കകം പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഐഒഎയ്ക്കും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാനാകില്ലെന്ന് ഐഒഎ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞത് അമ്പരിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു.


ദില്ലി ഹൈക്കോടതി വിധിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ ഇനം ഉള്‍പ്പെടുത്തുന്നത് പ്രയാസമാണെന്നുമാണ് ഉഷ പ്രതികരിച്ചത്.


ഇത് തികച്ചും നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപ്പരിശോധിക്കണമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ദേശീയ ഗെയിംസിനുള്ള മത്സര ഇനങ്ങള്‍ തീരുമാനിക്കുന്നത് ഐഒഎ ആണ്.


 

മലയാളിയായ പി.ടി. ഉഷ അധ്യക്ഷയായിരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ഒഴിവാക്കലുണ്ടായത് ഞെട്ടിക്കുന്നതാണെന്നും കളരിപ്പയറ്റ് ഒഴിവാക്കിയെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ, ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയത്തിനും ഐഒഎയ്ക്കും കത്തെഴുതിയിരുന്നെന്നും എന്നാല്‍, ഒരു പ്രതികരണവും ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

Advertisment