ആറ്റുകാല്‍ പൊങ്കാല, ദേവിയുടെയും ക്ഷേത്രത്തിന്റെയും പൊങ്കാലയുടെയും പദവിയിലും അടിമുടി മാറ്റം വന്നു. ദേവിക്ക് ഒരു അപ്പര്‍ കാസ്റ്റ് ,അപ്പര്‍ ക്ലാസ് സ്വഭാവം ഉണ്ടായിവന്നു- മന്ത്രി വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍. പാര്‍വതി ദേവി

New Update
ponkala r parvathi devi

തിരുവന്തുപുരം: ആറ്റുകാല്‍ പൊങ്കാല, കാണുന്ന പൊങ്കാലയായി അത് മാറിയത് ഞങ്ങള്‍ തിരുവനന്തപുരത്തുകാരുടെ കണ്മുന്നിലാണ്. ദേവിയുടെയും ക്ഷേത്രത്തിന്റെയും പൊങ്കാലയുടെയും പദവിയിലും അടിമുടി മാറ്റം വന്നു. ദേവിക്ക് ഒരു അപ്പര്‍ കാസ്റ്റ് ,അപ്പര്‍ ക്ലാസ് സ്വഭാവം ഉണ്ടായിവന്നു വിവാദ പരാമര്‍ശവുമായി മന്ത്രി വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍. പാര്‍വതി ദേവിയുടെ ഫേസ്ബുക്ക് കുറിപ്പ്.

Advertisment

ആര്‍. പാര്‍വതി ദേവിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ... 

എന്റെ തിരുവനന്തപുരം ജീവിതത്തിന് 60 വയസ് കഴിഞ്ഞു. മൂന്ന് വയസ്സില്‍ അമ്പലമുക്കില്‍, പിന്നീട് പുളിമൂട്ടിലെ മാമ്പള്ളി മുടുക്കില്‍. ഒടുവില്‍ 1970 ല്‍ സുഭാഷ് നഗറില്‍ സ്വന്തം വീട്ടില്‍.  സുഭാഷ് നഗറില്‍ വന്ന ശേഷമാണ് പൊങ്കാല എന്ന് കേള്‍ക്കുന്നത്. വീട്ടില്‍ സഹായികളായി
മുട്ടത്തറയില്‍ നിന്ന് വരുന്ന സ്ത്രീകളാണ് പൊങ്കാലയേ കുറിച്ചു പറഞ്ഞിരുന്നത്. മിക്കവാറും എല്ലാവരും വര്‍ഗപരമായും ജാതിപരമായും വിവേചനം നേരിടുന്നവര്‍.

പൊങ്കാലക്ക് അമ്മ തേങ്ങ, കൊതുമ്പ്, ചൂട്ട് തുടങ്ങിയ സാധനങ്ങളും 5 രൂപയും കൊടുക്കും.
നഗരത്തില്‍ അന്ന് പ്രത്യേകമായി ഒന്നും സംഭവിക്കാറില്ല.  ഒട്ടും സ്വാദില്ലാത്ത,പുക ചുവയ്ക്കുന്ന പായസം പോലെ എന്തോ ഒന്ന് അവര്‍ പിറ്റേ ദിവസം കൊണ്ടുവരും. ഇത് രുചിയോടെ എന്താ ഉണ്ടാക്കാത്തതെന്നു ഞാന്‍ പിണങ്ങും. അമ്മ എന്തോ ചില ന്യായങ്ങള്‍ ഒക്കെ പറയും.

ഇപ്പോള്‍ മനസിലാകുന്നുണ്ട് അന്നവര്‍ ഒരുപാട് കഷ്ടപെട്ടാണ് ഇത് ഉണ്ടാക്കിയിരുന്നതെന്ന്. തലേ ദിവസം മുതല്‍ ഉപവസിക്കും. എല്ലാം തീരുമ്പോള്‍ അടുത്ത ദിവസം സന്ധ്യയാകും. ഒരു ഘട്ടത്തില്‍ കഥ മാറി. അമ്പലത്തിന്റെ ഭരണനേതൃത്വം ചില നായര്‍ കുടുംബങ്ങള്‍ക്കായി. അവര്‍ ട്രസ്റ്റ് രൂപീകരിച്ചു. ഉത്സവം കേമമാക്കി. ഇപ്പോള്‍ ശ്രീമതി വി ശോഭയാണ് പ്രസിഡന്റ്. ആദ്യമായി ഒരു വനിത നേതൃത്വത്തില്‍.

തണ്ടാര്‍, ആശാരി, ഈഴവര്‍, തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് ഇപ്പോഴും അവിടെ ചില അവകാശങ്ങള്‍ ഉണ്ടെങ്കിലും അധികാരം ട്രസ്റ്റിനായി. ഉച്ചയോടെ പരിപാടി കഴിയും. കഴിക്കാനും കുടിക്കാനും വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ നാട്ടുകാരുടെ മത്സരമാണ്.

ദേവിയുടെയും ക്ഷേത്രത്തിന്റെയും പൊങ്കാലയുടെയും പദവിയിലും അടിമുടി മാറ്റം വന്നു. ദേവിക്ക് ഒരു അപ്പര്‍ കാസ്റ്റ് ,അപ്പര്‍ ക്ലാസ് സ്വഭാവം ഉണ്ടായിവന്നു. ഇതാ ഇന്നു കാണുന്ന പൊങ്കാലയായി അത് മാറിയതു ഞങ്ങള്‍ തിരുവനന്തപുരത്തുകാരുടെ കണ്മുന്നിലാണ്. നിറയെ നെയ്യ് ചേര്‍ത്ത സ്വാദിഷ്ഠമായ പായസവും തിരളി അപ്പവും ആരെങ്കിലും തരാതിരിക്കില്ല എന്ന മോഹവുമായി കാത്തിരിക്കുന്നു... എന്നും പാര്‍വതി ദേവി ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment