/sathyam/media/media_files/2025/09/29/podcast-rajeec-2025-09-29-22-49-23.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ ഡിജിറ്റൽ പ്ളാറ്റ് ഫോമുകളിലൂടെ പ്രതിഛായ വർദ്ധിപ്പിക്കാനുളള തിരക്കിലാണ് മന്ത്രിമാരും നേതാക്കളും.
വ്യക്തിത്വവും നിലപാടുകളും വിശദമാക്കുന്ന അഭിമുഖങ്ങളിലൂടെയും റീൽസിലൂടെയുമാണ് മന്ത്രിമാരും നേതാക്കളും ഡിജിറ്റൽ പ്ളാറ്റഫോമുകളെ പ്രതിഛായാ സംവർദ്ധിനിയാക്കി മാറ്റിയിരിക്കുന്നത്.
യൂ ട്യൂബിലും ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും സാന്നിധ്യമുളള മലയാളത്തിലെ പ്രമുഖ ഡിജിറ്റൽ പ്ളാറ്റ് ഫോമുകളിലെല്ലാം ഭരണ-പ്രതിപക്ഷ നേതൃ നിരയിലുളള നേതാക്കളുടെ അഭിമുഖങ്ങളും റീൽസും ഷോട്സുമാണ്.
ഒരു ഡിജിറ്റൽചാനലിൽ തന്നെ വ്യവസായ മന്ത്രി പി.രാജീവിൻെറയും മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെയും അഭിമുഖങ്ങൾ കാണാം. മറ്റ് ചില ഡിജിറ്റൽ ചാനലുകളിലും പ്ളാറ്റ് ഫോമുകളിലും നിറയെ മന്ത്രിമാരുടെ അഭിമുഖങ്ങളാണ്.
ഇതിൽ പലതും മാധ്യമ പ്രവർത്തനത്തിൽ എംബഡഡ് അല്ലെങ്കിൽ പ്ളാന്റഡ് എന്ന് വിളിക്കുന്ന സ്വഭാവത്തിലുളള അഭിമുഖങ്ങളാണ്. റേഡിയോ ജോക്കിക്കളായും അവതാരകരായും ടെലിവിഷൽ മാധ്യമ പ്രവർത്തകരുമായി പേരെടുത്തവരെ കൊണ്ടാണ് മന്ത്രിമാരും നേതാക്കളും അഭിമുഖങ്ങൾ നടത്തിക്കുന്നത്.
ദീർഘമായ അഭിമുഖങ്ങൾ ചിത്രീകരിച്ച ശേഷം അതിലെ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്ന ഭാഗങ്ങൾ കട്ട് ചെയ്ത് എടുത്ത ശേഷം യൂട്യൂബിലും ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചരിപ്പിക്കുകയാണ് തന്ത്രം.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് സജ്ജമാക്കിയിരിക്കുന്ന പി.ആർ.ടീമിൻെറയും പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുകളുടെയും ഉപദേശങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് മന്ത്രിമാരും നേതാക്കളും ഡിജിറ്റൽ പ്ളാറ്റ് ഫോമുകളിൽ നിറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ വല്ലാത്തൊരു കഥ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ബാബു രാമചന്ദ്രൻെറ യൂട്യൂബ് ചാനലിനെ കൊണ്ട് അഭിമുഖം നടത്തിച്ചാണ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിൻെറ ഡിജിറ്റൽ മാധ്യമങ്ങളിലെ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
സെൽഫ് പ്രൊമോഷനായി നടത്തുന്ന 'ഡിജിറ്റൽ പുഷിങ്ങിന്' ഒപ്പം പബ്ളിക് റിലേഷൻസ് വകുപ്പും ഡിജിറ്റൽ പ്ളാറ്റ് ഫാേമുകളിലേക്കായി അഭിമുഖങ്ങളും മറ്റും തയാറാക്കുന്നുണ്ട്.
ചലച്ചിത്ര നടി സരയൂ മോഹനെ കൊണ്ട് മന്ത്രി എം.ബി.രാജേഷിനെ കൊണ്ട് ഇൻറർവ്യു ചെയ്യിച്ചാണ് പി.ആർ.ഡിയും ഡിജിറ്റൽ പ്രൊമോഷനിലേക്ക് ഇറങ്ങിയിരിക്കുന്നത്.
നിർണായകമായ തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാനൊരുങ്ങി സർക്കാർ. തിരഞ്ഞെടുപ്പ് കാലത്ത് ജനവികാരം അനുകൂലമാക്കുന്നതിനായി ഉൽഘാടന മാമാങ്കം നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ ഒന്നൊന്നായി ഉൽഘാടനം ചെയ്യപ്പെടുമ്പോൾ സർക്കാരിൻെറ വികസന നേട്ടം ജനങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ ഉൽഘാടന പരമ്പരക്ക് ഒരുങ്ങുന്നത്.
മണ്ഡലാടിസ്ഥാനത്തിലാണ് ഉൽഘാടനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒരോ മണ്ഡലത്തിലും ഒരു പ്രധാന പദ്ധതിയെങ്കിലും ഉയർത്തിക്കാട്ടുന്നതിന് വേണ്ടിയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഉൽഘാടനങ്ങൾ ക്രമീകരിക്കുന്നത്.
മന്ത്രിമാരുടെ മണ്ഡലങ്ങളിൽ വാർഡുകൾ തോറും ജനസമ്പർക്ക പരിപാടികളും പരാതികൾ കേൾക്കുന്നതിനും വേണ്ടിയുളള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
കടുത്ത മത്സരം നേരിടേണ്ടി വരുന്ന നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരുടെ മണ്ഡലങ്ങളിലാണ് ഇത്തരം പരിപാടികൾ നടത്തുന്നത്.
വ്യവസായ മന്ത്രി പി. രാജീവിൻെറ മണ്ഡലമായ കളമശേരിയിലും ധനമന്ത്രി കെ.എൻ.ബാലഗോപാലിൻെറ മണ്ഡലമായ കൊട്ടാരക്കരയിലും തദ്ദേശ ഭരണമന്ത്രി എം.ബി.രാജേഷിൻെറ നിയോജ മണ്ഡലമായ തൃത്താലയിലും രണ്ട് വീതം വാർഡുകൾക്കായി പരാതി പരിഹാരത്തിനും ജനസമ്പർക്കത്തിനുമുളള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.