പുല്‍പ്പള്ളിയില്‍ വന്‍ സംഘര്‍ഷം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി; മന്ത്രിമാര്‍ വയനാട്ടിലേക്ക്‌

പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. പ്രശ്‌നബാധിതമായ, വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമായ സ്ഥലങ്ങളില്‍ 250 ക്യാമറകള്‍ സ്ഥാപിക്കും.

New Update
G

കല്‍പ്പറ്റ: വയനാട്ടിലെ അതിഗുരുതര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, റവന്യൂ വകുപ്പുമന്ത്രി കെ. രാജന്‍, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവര്‍ വയനാട്ടിലെത്താന്‍ യോഗത്തില്‍ തീരുമാനമായി.

Advertisment

മൂന്ന് മന്ത്രിമാരും അടിയന്തിരമായി വയനാട്ടിലെത്തി കളക്ട്രേറ്റില്‍ യോഗം ചേരാനും തീരുമാനിച്ചു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. പ്രശ്‌നബാധിതമായ, വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമായ സ്ഥലങ്ങളില്‍ 250 ക്യാമറകള്‍ സ്ഥാപിക്കും.

വയനാട്ടിൽ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ വനംവകുപ്പ് നടപടിയുണ്ടാകാത്തതിനെതിരെ പുല്‍പ്പള്ളിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.   പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുൽപള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പാക്കം സ്വദേശി പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകൾ പ്രതിഷേധിച്ചു.

ശനിയാഴ്ച രാവിലെ ഒൻപതരയോടെ സമാധാനപരമായി തുടങ്ങിയ സമരം ഒടുവിൽ ലാത്തിച്ചാർജിലേക്കു വരെ എത്തി. ഒരാഴ്ച മുൻപ് പടമല പനച്ചിയിൽ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ മാനന്തവാടിയിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. 

Advertisment