പാലക്കാട്: വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് 120 മീറ്റര്‍ അകലെ പഞ്ചായത്ത് പാതയ്ക്ക് സമീപമുള്ള തണ്ണീര്‍ത്തടത്തിലേക്ക് സമീപത്തുള്ള കെട്ടിടങ്ങളിലെ ശുചി മുറികളില്‍ നിന്നുള്ള മലിനജലവും അടുക്കള മാലിന്യവും ഒഴുകുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷ്ണത്തിലെ കാലതാമസം ആരോപിച്ച് വടവന്നൂര്‍ സ്വദേശി എ.വിശ്വനാഥനാണ് 'കരുതലും കൈത്താങ്ങും 'പരാതി പരിഹാര അദാലത്തില്‍ പരാതിപ്പെട്ടത്.
പ്രസ്തുത വിഷയത്തില്‍ തുടര്‍നടപടിയെടുത്ത് രണ്ടാഴ്ചക്കുള്ളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ മന്ത്രി എം.ബി രാജേഷ് വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അധികൃതരുടെ ഭാഗത്ത് നിന്ന് പരാതിക്കാരന്‍ 2024 മെയ് മാസത്തില്‍ വടവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തില്‍ ഏഴു മാസത്തോളം കാലതാമസം വന്നതായി പരാതിക്കാരന്‍ കരുതലും കൈതാങ്ങിലും നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
പരാതിയില്‍ 2024 ജൂണില്‍ നടപടി സ്വീകരിച്ചതായും നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മലിനജലം ഒഴുകുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ വേസ്റ്റ് പിറ്റ് സ്ഥാപിക്കാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയതായും വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറയുന്നു.
മലിനജലം ഒഴുകാന്‍ കാരണമായ ഒരു കാന്റീന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് അടച്ചതായും പ്രസ്തുത വിഷയത്തില്‍ ഒരാഴ്ച്ചക്കുള്ളില്‍ പരിഹാരം ഉണ്ടാകുമെന്നും വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കുന്നു.