ഡൽഹി: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിലെ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ.
പഹൽഗാമിനു ശേഷം പ്രതിപക്ഷം പോലും സർക്കാരിന്റെ കൂടെ നിൽക്കുന്ന സമയത്ത് മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു പവൻ ഖേരയുടെ വിമർശനം.
രാജ്യത്തിൻറെ ശത്രുക്കൾ ഇതുകണ്ട് ചിരിക്കുന്നുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞത്ത് മന്ത്രി വാസവന്റെ പ്രസംഗത്തിന്റെ ചുവട് പിടിച്ച് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നുവെന്ന് എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയും അദ്ദേഹം വിമർശനമുന്നയിച്ചു. പ്രധാനമന്ത്രി ഈ നിലയിൽ രാഷ്ട്രീയ പ്രസംഗം നടത്തുമ്പോൾ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് മറുപടി നൽകാനായില്ലെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും മൈക്കെടുക്കാം, ഈ ചടങ്ങ് തടസപ്പെടുത്താതെ വേദി രാഷ്ട്രീയ പ്രസംഗത്തിനുപയോഗിച്ചതിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അദാനിയെ എതിർക്കുന്ന രാഹുൽ ഗാന്ധിയെ മോദി എങ്ങനെ വിമർശിക്കാതിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഉറക്കം കെടാൻ പോകുന്നത് മോദിയുടേതാണ്. വിഴിഞ്ഞം പോലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്ന വേദിയിൽ രാഷ്ട്രീയ പ്രസംഗം നടത്തേണ്ടതില്ലായിരുന്നു. ഇന്ത്യാ മുന്നണിയുടേതല്ല പാകിസ്ഥാന്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. സ്ഥലം എം.പി ശശി തരൂരും എം.എൽ.എ എം. വിൻസെന്റും തങ്ങളുടെ നിയോജക മണ്ഡലത്തിലെ പരിപാടിയിൽ പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.