തലസ്ഥാന വികസനത്തിന് വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കാൻ മോഡി വരുന്നു. എയിംസും കപ്പൽശാലയും വന്ദേഭാരത് സ്ലീപ്പറുകളും അമൃത് ട്രെയിനുകളും പ്രഖ്യാപിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് നേതൃത്വം ഏറ്റെടുത്ത് അമിത്ഷാ. യുപിയും ത്രിപുരയും പിടിച്ചതും ബംഗാളിൽ മുഖ്യ പ്രതിപക്ഷമായതും അമിത്ഷായുടെ തന്ത്രത്തിലൂടെ. നിയമസഭാ തിരഞ്ഞെടുപ്പിൽ അൽഭുതങ്ങൾ കാട്ടാനൊരുങ്ങി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയുടെ ‘മിഷൻ 2026’ പദ്ധതിയും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. വിഴിഞ്ഞം തുറമുഖത്തിന് 10കിലോമീറ്റർ മാത്രമകലെ പൂവാറിൽ കപ്പൽനിർമ്മാണശാലയും തലസ്ഥാനവികസന മാസ്റ്റർപ്ലാനിൽ ബിജെപി ഉൾപ്പെടുത്തിയേക്കാനിടയുണ്ട്. 

New Update
amith shah narendra modi
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഭരണം പിടിച്ച ബിജെപി, ഇവിടെ വൻ വികസന മാതൃകകൾ സൃഷ്ടിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ അൽഭുതം കാട്ടാനൊരുങ്ങുകയാണ്. 

Advertisment

തിരുവനന്തപുരം നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 23ന് എത്തും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനമായി അത് മാറും. 


കോർപറേഷൻ ഭരണം കിട്ടിയാൽ നഗരവികസന രേഖ പ്രഖ്യാപിക്കാൻ മോദി 45 ദിവസത്തിനകം എത്തുമെന്നു തിരഞ്ഞെടുപ്പിനു മുൻപുതന്നെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. 

rajeev chandrasekhar press meet-2

റിപ്പബ്ലിക് ദിനത്തിന് പിന്നാലെ ജനുവരി 28ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദർശനം നീണ്ടുപോകും എന്നതിനാലാണ് 23ന് എത്തുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ പ്രൗഡ ഗംഭീര പരിപാടി സജ്ജമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്.


കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ്, ഹൈക്കോടതി ബഞ്ച് അടക്കം വമ്പൻ പ്രഖ്യാപനങ്ങൾ തിരുവനന്തപുരത്ത് മോഡി നടത്താനിടയുണ്ട്. മാത്രമല്ല കേരളത്തിന് പുതുതായി രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും രണ്ട് ദീർഘദൂര അമൃത് ട്രെയനുകളും അനുവദിക്കുന്നതും മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന ശബരി റെയിൽപ്പാത പുനരുജ്ജീവിപ്പിക്കുന്നതും മോഡി പ്രഖ്യാപിക്കുമെന്നറിയുന്നു.


വിഴിഞ്ഞം തുറമുഖ വികസനത്തിനായും തലസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസനത്തിനായും പ്രത്യേക പാക്കേജും പ്രഖ്യാപിച്ചേക്കും. 

നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയുടെ ‘മിഷൻ 2026’ പദ്ധതിയും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. വിഴിഞ്ഞം തുറമുഖത്തിന് 10കിലോമീറ്റർ മാത്രമകലെ പൂവാറിൽ കപ്പൽനിർമ്മാണശാലയും തലസ്ഥാനവികസന മാസ്റ്റർപ്ലാനിൽ ബിജെപി ഉൾപ്പെടുത്തിയേക്കാനിടയുണ്ട്. 

പൂവാറിൽ, തീരത്തുനിന്ന് അരകിലോമീറ്റർ ദൂരംവരെ 13 മീറ്റർ സ്വാഭാവിക ആഴമുള്ളതാണ് കപ്പല്‍ശാലയ്ക്ക് അനുകൂലം. ഇരുപതിനായിരത്തിലേറെ കണ്ടെയ്നറുകൾ വഹിക്കാനാവുന്ന കൂറ്റൻ കപ്പലുകൾപോലും നിർമ്മിക്കാൻ അനുയോജ്യമാണിവിടം. 


ഇടയ്ക്കിടെയുള്ള ഡ്രജ്ജിംഗ് വേണ്ടിവരില്ല. കപ്പൽശാല വന്നാൽ 15,000ത്തോളം തൊഴിലവസരങ്ങളുണ്ടാവും. അനുബന്ധ വ്യവസായങ്ങൾക്കും മെച്ചമാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും നികുതിയിനത്തിലും നേട്ടമുണ്ടാവും.  


കോർപറേഷൻ ബിജെപി പിടിച്ചത് കേരള രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ തുടക്കമായി മാറും. തലസ്ഥാനം പിടിച്ചാൽ കേരളം പിടിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം കടന്നു എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. 

തലസ്ഥാനത്ത് ഇരട്ട എൻജിൻ സർക്കാരാണ് ഉള്ളതെന്ന വാദം ഉയർത്തി കേരളത്തിലും കേന്ദ്ര പിന്തുണയോടെ ഇരട്ട എൻജിൻ സർക്കാരുണ്ടാവണമെന്ന് മോഡി അഭ്യർത്ഥിക്കും. 


നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റ് പിടിക്കുകയാണ് ലക്ഷ്യം. ഇതിനായി മിഷൻ 40 തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ മണ്ഡലങ്ങളിൽ തീവ്രപ്രചാരണത്തിനാണ് പാർട്ടി ഒരുങ്ങുന്നത്. 


amith shah mission 2026

വോട്ട് കൂട്ടുകയല്ല, സീറ്റുകൾ നേടുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ അമിത് ഷാ നിർദ്ദേശിച്ചിരുന്നു. സംസ്ഥാന പ്രഭാരിമാരാണ് ഇലക്ഷന് നേതൃത്വം നൽകുക പതിവെങ്കിലും, സംസ്ഥാനത്തെ ഇലക്ഷന് തന്റെ നേരിട്ടുള്ള മേൽനോട്ടവും ഉണ്ടാകുമെന്ന് അമിത് ഷാ അറിയിച്ചത് നേതാക്കളെ ആവേശത്തിലാക്കി. 

ഉത്തർ പ്രദേശിലും ത്രിപുരയിലും വിജയം നേടിയ അമിത്ഷായുടെ നേതൃത്വത്തിലാണ് ബംഗാളിൽ ബിജെപി മുഖ്യ പ്രതിപക്ഷമായി ഉയർന്നത്. അതേ വിജയം കേരളത്തിലും ആവർത്തിക്കാനൊരുങ്ങുകയാണ് ബിജെപി. 

ശബരിമല സ്വർണക്കൊള്ളയും വികസന മുരടിപ്പും പ്രചാരണ വിഷയമാക്കുന്നതിനൊപ്പം കേരളത്തിൽ വളർന്നു വരുന്ന മതതീവ്രവാദ ഭീഷണിയും ബിജെപി ആയുധമാക്കും.


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. നഗരസഭാ ഭരണത്തിലൂടെ തലസ്ഥാനത്ത് നേടിയ ആധിപത്യം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനുള്ള ബിജെപിയുടെ തന്ത്രപ്രധാനമായ നീക്കം കൂടിയാണ് ഈ സന്ദർശനം.


സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് മുന്നേ കടക്കാനും, മണ്ഡലങ്ങളുടെ പ്രത്യേകതകൾ വിലയിരുത്താനും, ഭരണം ലഭിച്ച തദ്ദേശ സ്ഥാപനങ്ങളിൽ ജനവിശ്വാസവും പ്രതീക്ഷയും ആർജിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാനുമാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നൽകിയിട്ടുള്ള നിർദ്ദേശം.

Advertisment