വിരുന്നു നൽകാൻ മോദി. പങ്കെടുക്കാതെ ശ്രീലേഖ. ബി.ജെ.പി കൗൺസിലർമാർ ട്രെയിനിൽ ഡൽഹിക്ക്. ട്രെയിൻ കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളിൽ ബി.ജെ.പി പ്രവർത്തകർ കൗൺസിലർമാർക്ക് സ്വീകരണമൊരുക്കും. ശ്രീലേഖയ്ക്ക് പ്രതിഷേധമെന്ന് വ്യാഖ്യാനം

New Update
r sreelekha

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കാൻ ബി.ജെ.പി കൗൺസിലർമാർക്കൊപ്പം ട്രെയിനിൽ ഡൽഹിക്ക് പോകാതെ കൗൺസിലർ ആർ.ശ്രീലേഖ. ഇന്ന് 12.15ന് ഉള്ള ട്രെിയിനിലാണ് മറ്റ് കൗൺസിലർമാർ ഡൽഹിക്ക് തിരിച്ചത്. ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ് യാത്ര ഒഴിവാക്കുന്നതെന്നും വിമാനത്തിൽ പോകാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അധിക ചിലവൊഴിവാക്കാൻ പിന്നീട് അത് വേണ്ടെന്ന് വെച്ചെന്നുമാണ് വാദം. 

Advertisment

തലസ്ഥാനത്തെ കോർപ്പറേഷനിൽ ഭൂരിപക്ഷം ലഭിച്ചിട്ടും ശ്രീലേഖയ്ക്ക് മേയർ സ്ഥാനം ലഭിക്കാത്തതിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. അവസാനവട്ട ആലോചനകൾ നടക്കുന്നത് വരെ ശ്രീലേഖ മേയറാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്നീട് വി.വി രാജേഷ് മേയറാകുകയായിരുന്നു. അതോടെ ആദ്യ യോഗത്തിൽ തന്നെ ശ്രീലേഖ കോർപ്പറേഷൻ ഓഫീസ് വിട്ട് പുറത്ത് പോയിരുന്നു. 

അടുത്തിടെ തിരുവനന്തപുരത്ത് ബിജെപി പൊതുസമ്മേളന വേദിയിലും പ്രധാനമന്ത്രി മോദിയുടെ അടുത്തെത്താതെ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മേയർ വി.വി. രാജേഷും കെ. സുരേന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ ഒറ്റയ്ക്കു മാറിനിൽക്കുകയും ചെയ്തു. ഇതു തന്റെ അച്ചടക്കത്തിന്റെ ഭാഗമാണെന്നാണ് അന്ന് ശ്രീലേഖ പ്രതികരിച്ചത്. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായതും ഏറെ ചർച്ചയായിരുന്നു.

ബിജെപിക്ക് പുറമേ പിന്തുണ നൽകുന്ന സ്വതന്ത്ര കൗൺസിലറും യാത്രയിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ കോർപറേഷനിൽ ആദ്യമായി ഭരണം പിടിച്ച ബിജെപി കൗൺസിലർമാർക്കായി പ്രധാനമന്ത്രി അത്താഴവിരുന്നും ഒരുക്കുന്നുണ്ട്.

Advertisment