മോഹൻലാലിനെ ഫാൽക്കെ അവാർഡിലെത്തിച്ചത് തലമുറകളെ പ്രചോദിപ്പിക്കുന്ന ശ്രദ്ധേയമായ സിനിമായാത്ര. അഭിനയം പാഷനേ അല്ലാതിരുന്ന ലാലിനെത്തേടിയെത്തിയത് മഹാനടന്റെ കിരീടവും ചെങ്കോലും. നടനാവാൻ വിധിക്കപ്പെടുകയായിരുന്നെന്നും തിരിഞ്ഞുനോക്കുമ്പോൾ പലതും വിശ്വസിക്കാനാവുന്നില്ലെന്നും ലാൽ. വിജയത്തിന്റെ അവകാശം ഏറ്റുവാങ്ങിയിട്ടില്ല. പരാജയം ശിരസ്സിലേറ്റു വാങ്ങിയിട്ടുണ്ട്. എല്ലാറ്റിനും തുണച്ചത് പ്രതിഭാശാലികളായ തിരക്കഥാകൃത്തുക്കളും സംവിധായകരുമെന്നും ലാൽ

New Update
mohanlal1

ഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽകെ അവാർഡ് മലയാളത്തിന്റെ മഹാനടനും നടനവിസ്മയവുമായ മോഹൻലാലിനെത്തേടിയെത്തുന്നത് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ്.

Advertisment

48 വർഷമായി സിനിമരംഗത്തുള്ള ലാൽ മകനായും സഹോദരനായും കാമുകനായും ഭർത്താവായും പിതാവായുമൊക്കെ ആയിരക്കണക്കിന് വേഷങ്ങളണിഞ്ഞു. ഇന്നും കൊച്ചുകുട്ടികൾ വരെ ലാലേട്ടാ എന്നു വിളിക്കുന്ന മോഹൻലാൽ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്.


തലമുറകളെ പ്രചോദിപ്പിക്കുന്ന ശ്രദ്ധേയമായ സിനിമാ യാത്രയാണ് ലാലിനെ പുരസ്കാരത്തിന് അർഹനാക്കിയത്.


2021ൽ സൂപ്പർ താരം രജനികാന്തിനെ ഫാൽക്കെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് മോഹൻലാൽ അടങ്ങിയ ജൂറിയായിരുന്നു. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളവേയായിരുന്നു അത്.

mohanlal-in-a-still-from-narasimham-972

കേരളത്തിൽ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ വീണ്ടും മോഹൻലാലിലൂടെ ദേശീയ പുരസ്കാരം കേരളത്തിലെത്തുന്നത് യാദൃശ്ചികമായിരിക്കാം.

നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ സിനിമയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്കാരമാണ് രജനിക്ക് ലഭിച്ചത്.


ശിവാജി ഗണേശനും സംവിധായകൻ കെ.ബാലചന്ദറിനും ശേഷം തമിഴ് സിനിമയിലെ മൂന്നാമത്തെ ഫാൽക്കെ ജേതാവായിരുന്നു രജനി. അഭിനയത്തിനു പുറമെ സംവിധാനം, ഗാനാലാപനം, തിരക്കഥ എന്നിങ്ങനെ വിവിധ മേഖലകളിൽ ലാലും മികവ് തെളിയിച്ചിട്ടുണ്ട്.


കഴിഞ്ഞവർഷത്തെ ഫാൽക്കെ പുരസ്കാരം ബോളിവുഡ് ഇതിഹാസം മിഥുൻ ചക്രവർത്തിക്കായിരുന്നു. തലമുറകളെ പ്രചോദിപ്പിക്കുന്ന ശ്രദ്ധേയമായ സിനിമാ യാത്രയാണ് മിഥുൻ ചക്രവർത്തിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

image51

സിനിമയിൽ വരും മുൻപ് ബംഗാളിലെ നക്‌സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മിഥുൻ 2014ൽ തൃണമൂൽ കോൺഗ്രസിലൂടെ രാജ്യസഭാംഗമായി. 2016ൽ തൃണമൂലിൽ നിന്ന് രാജിവച്ച് 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു.
 
താരാപഥത്തിലെത്തിയിട്ടും ജീവിതത്തിലെ പല ഘട്ടങ്ങളിലേക്കും ഇടയ്ക്കിടെ തിരിഞ്ഞുനോട്ടം നടത്തുന്നതാണ് ലാലിന്റെ രീതി. അഭിനയത്തിന്റെ തുടക്കം, സിനിമയിലേക്കെത്തിയത്, സിനിമയിലെ ജയപരാജയങ്ങളുടെ കാരണങ്ങൾ അങ്ങനെ പല വിഷയങ്ങളും മോഹൻലാൽ ഓർത്തെടുക്കാറുണ്ട്.


തിരിഞ്ഞുനോക്കുമ്പോൾ പലതും തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും  ഉള്ളിൽ നിറയുന്നത് ഒ.വി വിജയന്റെ "ഖസാക്കിന്റെ ഇതിഹാസം" എന്ന നോവലിലെ അള്ളാപ്പിച്ചാ മൊല്ലാക്കയുടെ നീ ഉൺമയാ പൊയ്യാ എന്ന ചോദ്യമാണെന്നും ലാൽ എഴുതിയിട്ടുണ്ട്. വിജയത്തിന്റെ അവകാശം ഏറ്റുവാങ്ങിയിട്ടില്ലെന്നും പരാജയം ശിരസ്സിലേറ്റു വാങ്ങിയിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു.


images (54)


കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നിന്നു വന്ന ലാലിന് കുട്ടിക്കാലത്ത് അഭിനയം മുന്നിലുള്ള വഴിയായിരുന്നില്ല. ആറാംക്ലാസിൽ വച്ചാണ് വേളൂർ കൃഷ്ണൻകുട്ടി എഴുതിയ നാടകത്തിൽ അഭിനയിച്ചത്.

അപ്പോഴും അഭിനയം തന്റെ  പാഷനേ അല്ലായിരുന്നു എന്നാണ് ലാൽ എഴുതിയിട്ടുള്ളത്. പിന്നീട് തിരനോട്ടം എന്ന സിനിമയിൽ അഭിനയിച്ചു. എല്ലാത്തിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നിൽനിന്ന് ഭാവങ്ങൾ ആവശ്യപ്പെട്ടത്.

hq720 (2)

നവോദയ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും സുഹൃത്തുക്കളാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാൻ അഭിനയിക്കാൻ വിധിക്കപ്പെടുകയായിരുന്നു. വില്ലനായിരുന്നു. നായകനാവാൻ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു.

എന്തായാലും ആ വില്ലൻ നരേന്ദ്രനെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാൻ സിനിമയുടെ മായാപ്രപഞ്ചത്തിൽ അകപ്പെട്ടു- ഇതാണ് തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് ലാൽ എഴുതിയിട്ടുള്ളത്.


കൊടുങ്കാറ്റിൽ അകപ്പെട്ട കരിയില പോലെ ഉഴറിപ്പറക്കുകയായിരുന്നു. ആറാംക്ളാസിൽ പഠിക്കുമ്പോൾ സംഭവിച്ച ആദ്യത്തെ അഭിനയം മുതൽ ഞാൻ തിരഞ്ഞെടുത്തിട്ടുള്ളതല്ല കരിയറിൽ സംഭവിച്ചിട്ടുള്ളത്.  


എഴുത്തുകാരെയും സംവിധായകരെയും വിശ്വസിച്ച് ജോലി ചെയ്യുകയായിരുന്നു. എന്റെ ഏറ്റവും വലിയ ഭാഗ്യം ഏറ്റവും പ്രതിഭാശാലികളായ തിരക്കഥാകൃത്തുക്കളോടും സംവിധായകരോടുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചുവെന്നതാണ്- വിനയാന്വിതനായി ലാലിന്റെ വാക്കുകൾ ഇങ്ങനെ.

kireedam-still-21

ഏതു കഥാപാത്രത്തെയും കൈയടക്കത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് മോഹന്‍ലാലിലെ നടനെ വ്യത്യസ്തനാക്കുന്നത്. 'ദേവാസുര'ത്തില്‍ മടക്കി ഉടുത്ത മുണ്ടിലൂടെയും പിരിച്ച മീശയിലൂടെയും കാണികളില്‍ ഹരം കയറ്റാനും 'തന്മാത്ര'യിൽ നിസ്സഹായവസ്ഥയിലൂടെ പ്രേക്ഷകരുടെ കണ്ണുകൾ ഈറനണിയിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.

തൂവാനത്തുമ്പികളില്‍ ജയകൃഷ്ണന്‍ ആയും നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകളില്‍ സോളമന്‍ ആയും പ്രണയമെന്ന ഭാവത്തെ വിദഗ്ധമായി കൈകാര്യം ചെയ്തു. മലയാളികളുടെ നരസിംഹമായും നീലകണ്ഠനായും ആട് തോമയായും ഈ മഹാനടന്‍ വെള്ളിത്തിരയില്‍ അവതരിച്ചു.

images (53)

അന്നും ഇന്നും എന്നും മാസ്സാക്കാനും ക്ലാസ്സ് ആക്കാനും ഒരുപോലെ കഴിയുന്ന അതുല്യപ്രതിഭ. മോഹന്‍ലാല്‍ അതുല്യനായ ജനകീയ നടന്‍ മാത്രമല്ല, അഭിനയത്തിന്റെ പാഠപുസ്തകം കൂടിയാണെന്നതിൽ തർക്കമില്ല. ഇത്രയേറെ വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച നടന്മാര്‍ കുറവാണ്.

വളരെ ലളിതമാണ് മോഹന്‍ലാലിന്റെ അഭിനയശൈലി. കുറഞ്ഞ സമയംകൊണ്ട് കഥാപാത്രമായി നമ്മളെ വിസ്മയിപ്പിക്കാൻ അനായാസമായി അദ്ദേഹത്തിന് സാധിക്കും.

Advertisment