/sathyam/media/media_files/45u9W7CqnDYLxmNahscA.jpg)
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ഫാൽക്കേ അവാർഡ് നേടിയ മോഹൻലാൽ ഒരിക്കലും വന്നവഴി മറക്കാത്തയാളാണ്.
തിരുവനന്തപുരം എന്നും അദ്ദേഹത്തിന്റെ നൊസ്റ്റാൾജിയയാണ്. ഓണക്കാലത്ത് ജനപ്രിയപരിപാടികളുമായി ആകാശവാണിയിൽ ലാലെത്തി. തിരുവോണനാളിൽ ഉച്ചയ്ക്ക് മോഹൻലാൽ അവതരിപ്പിക്കുന്ന ഇഷ്ടഗാനങ്ങളായിരുന്നു ആകാശവാണിയുടെ ഹൈലൈറ്റ്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും അടുത്തിടെ ദർശനത്തിനെത്തിയിരുന്നു. പഠിച്ചു വളർന്ന തിരുവനന്തപുരത്തെ വഴികളിലൂടെ കെ.എസ്.ആർ.ടി.സി ബസിലെ യാത്രയും അടുത്തിടെ നടത്തി. പ്രിയദർശനും മന്ത്രി ഗണേശ് കുമാറും ഒപ്പമുണ്ടായിരുന്നു.
മോഹൻലാൽ എന്ന നടൻ എത്രയോ വർഷങ്ങളായി മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അഭിനയത്തിൽ ഇതിഹാസം രചിച്ച ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ മുൻ നിരയിലാണ് മോഹൻലാലിന്റെ സിംഹാസനം.
മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ലാൽ പറയുന്നതിങ്ങനെ- ഞങ്ങൾ 52 സിനിമകൾ ഒരുമിച്ചു ചെയ്തിട്ടുണ്ട്. ഇനിയും സിനിമകൾ ചെയ്യാൻ തയ്യാറാണ്.
അദ്ദേഹത്തിന്റെ സിനിമകളും എന്റെ സിനിമകളും തികച്ചും വ്യത്യസ്തമാണ്. അല്ലാതെ അദ്ദേഹത്തിന്റെ റോൾ എനിക്കു ചെയ്യാമെന്നോ, എന്റെ റോൾ അദ്ദേഹത്തിനു ചെയ്യാമെന്നോ ഞങ്ങൾ ചിന്തിച്ചിട്ടില്ല.
അങ്ങനെയൊരു കാര്യങ്ങളും ഉണ്ടായിട്ടില്ല. പിന്നെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ അതിന്റെ പ്രൊഡക്‌ഷനും ഒക്കെ എളുപ്പമല്ല. മമ്മൂട്ടിയുമായി വളരെ സ്നേഹവും സൗഹൃദവുമാണ്. എപ്പോഴും വിളിക്കുകയും സംസാരിക്കാറുമുണ്ട്.
എന്റെ കുട്ടികളും അവരുടെ കുട്ടികളുമൊക്കെയായി വലിയ അടുപ്പമാണ്. ഞങ്ങൾ മദ്രാസിൽ ആയിരുന്നല്ലോ താമസിച്ചിരുന്നത് ഒരുപാടുകാലം. കുട്ടികളുമായിട്ടാണ് കൂടുതൽ ബന്ധം. എനിക്കൊരു കാര്യം അറിയണമെങ്കിൽ അദ്ദേഹത്തെ വിളിക്കാറുണ്ട്. അദ്ദേഹവും അങ്ങനെ വിളിക്കും.
എം.ജി.ആറിന്റെ കട്ട ഫാനാണ് ലാൽ. ഇരുവർ കണ്ടുകഴിഞ്ഞിട്ട് എം.ജി.ആറിന്റെ കൂടെ പ്രവർത്തിച്ചിരുന്ന പലരും പറഞ്ഞു. അദ്ദേഹത്തിന്റെ പേഴ്സണൽ ലൈഫിലെ ഒരുപാട് മാനറിസങ്ങൾ എനിക്കുണ്ടെന്ന് . അദ്ദേഹത്തിന് വെടിയേറ്റിട്ട് ഒരു കോളർ ഒക്കെ ഇട്ടിരുന്നല്ലൊ.
സ്ക്രിപ്റ്റിൽ ഒന്നും എഴുതിവച്ചിട്ടല്ലെങ്കിലും ഞാൻ ഒരു കർച്ചീഫ് വേണമെന്നു പറഞ്ഞു. അദ്ദേഹം അതെങ്ങനെ ചെയ്‌തിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.
അദ്ദേഹം നടക്കുന്നതിനു പകരം വളരെ സ്പീഡിലാണ് സ്റ്റേജിലേക്കൊക്കെ ഓടിക്കയറുന്നത്. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.
ആക്‌ടറിൽ തുടങ്ങി പൊളിറ്റിക്‌സിൽ പോയി നിൽക്കുന്ന ,ഇന്ത്യ മുഴുവൻ ഷൂട്ട് ചെയ്ത ഒരു സിനിമയാണ് . എനിക്കു തോന്നുന്നു ഇന്ത്യൻ സിനിമയിലെ മികച്ച 100 സിനിമയെടുത്താൽ അതിലൊരു സിനിമയാണ് ഇരുവറെന്ന്.
അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ആനന്ദവും ദുഃഖവുമൊക്കെ ഞാൻ കൊണ്ടുനടക്കാറില്ല.എനിക്കു തോന്നുന്നു അത്തരം അനുഭവങ്ങൾ കൂടുതൽ വരുന്നത് സ്റ്റേജിൽ തുടർച്ചയായി ഒരേ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവരെയാണ്.
സിനിമ ഓരോ ഷോട്ടായിട്ടാണല്ലോ എടുക്കുന്നത്. ഷോട്ടുകളിൽ ഒരു കണ്ടിന്യൂയിറ്റി ഇല്ലല്ലോ. മൂന്നാമത്തെ സീൻ എടുത്താൽ അത് കഴിഞ്ഞ് 26-ാമത്തെ സീൻ ആയിരിക്കും എടുക്കുക. അപ്പോൾ ആ ഒരു പ്രശ്നവുമില്ലല്ലോ. ഒരു ഷോട്ടു കഴിഞ്ഞാൽ ഞാൻ പോയി തമാശയൊക്കെ പറഞ്ഞിരിക്കും.
കഥാപാത്രത്തിൽ നിന്ന് മാറാൻ വേണ്ടിയാണോയെന്ന് ഇപ്പോൾ ചോദിച്ചാൽ ഒരുപക്ഷേ ആയിരുന്നിരിക്കും. അതിൽ നിന്നങ്ങ് മാറിക്കളയും. അതിൽ തന്നെ സഞ്ചരിച്ചാൽ കുഴപ്പമാകും.
നാടകത്തിൽ ഒരേ കഥാപാത്രം അവതരിപ്പിച്ചവർക്കു ആ കുഴപ്പം ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. പ്രത്യേകിച്ച് വിദേശങ്ങളിലുള്ളവർക്ക്. അവിടെയൊക്കെ ഒരു പ്‌ളേ തന്നെ നൂറിലധികം സ്റ്റേജുകൾ അവതരിപ്പിക്കുമല്ലോ. ആ ഒരു സ്വാധീനം വരും.
മോഡൽ സ്‌കൂളിൽ ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യം ബെസ്റ്റ് ആക്ടറായത്. പിന്നീട് പത്താം ക്ളാസിൽ പഠിക്കുമ്പോൾ ആയി. കോളേജിൽ പഠിക്കുമ്പോൾ ആയി. സിനിമയിൽ വന്നപ്പോഴും ബെസ്റ്റ് ആക്ടറായി.
ഒരു ആക്ടർ ആകണമെന്നൊന്നും ഞാൻ ആഗ്രഹിച്ചിട്ടേയില്ല. ജീവിതത്തിൽ നമ്മൾ വിചാരിക്കും ഇതെല്ലാം നമ്മളാണ് ചെയ്യുന്നതെന്ന്. അങ്ങനെയല്ലല്ലോ. പറ്റുന്ന ഏത് കാര്യങ്ങളും ജയപരാജയങ്ങൾ ആയാലും മുൻനിശ്ചയങ്ങളാണ്. ഒരുപാട് ട്രോമാസ് ഉണ്ടാകും.
വീഴ്ചകൾ ഉണ്ടാകും. അതിനെ ഒക്കെ നമ്മൾ അതിജീവിക്കുന്നില്ലേ... ഉരുൾപൊട്ടി , പ്രളയം വന്നു, ഒന്നുമറിയാത്ത എത്രയോ പേർ മരിച്ചു. പക്ഷേ വീണ്ടും പ്രകൃതി മാറിവന്നു. മരങ്ങൾ വന്നു. പൂക്കൾ വന്നു. അതുപോലെ തന്നെ നമ്മുടെ ജീവിതയാത്രയിലും ജയപരാജയങ്ങൾ ഉണ്ടാകാം.
നമ്മുടെ കുറ്റങ്ങൾ കൊണ്ടല്ല. ജീവിതത്തിൽ അതിലൂടെയൊക്കെ സഞ്ചരിച്ചുപോകണം. എല്ലാം നല്ല കാര്യങ്ങൾക്കും മാത്രമല്ല നമുക്കു വരുന്ന സങ്കടങ്ങളിലൂടെയും സഞ്ചരിച്ചേ മതിയാകൂ.
ജീവിക്കുക എന്നുള്ളതാണ് രസം. ഒരു നല്ല മനുഷ്യൻ. നല്ല മനുഷ്യൻ എന്നതിന്റെ ടെർമിനോളജി എന്താണെന്ന് ചോദിച്ചാൽ എനിക്കു അറിയില്ല. ഒരു മനുഷ്യനായിട്ടു ജീവിക്കുക എന്നൊക്കെ പലരും പറയും. ജീവിതത്തിന്റെ രസമായി ഞാൻ കണക്കാക്കുന്നത് നല്ല സൗഹൃദങ്ങൾ, നല്ല കുടുംബം.
അങ്ങനെ ഒരുപാട് കാര്യങ്ങൾ. എല്ലാം നല്ലതായിട്ടു വരുമ്പോൾ... പിന്നെ അതിലെ സങ്കടങ്ങൾ. സമ്മിശ്രമായ കാര്യങ്ങൾ. നിങ്ങൾ എങ്ങനെ ജീവിക്കണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ഏതിലാണ് ആനന്ദം കണ്ടെത്തേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം.
നമ്മുടെ ഉള്ളിൽത്തന്നെയാണത്. ചില ആൾക്കാർക്ക് പാട്ടു കേൾക്കുന്നതായിരിക്കും. ഓരോ വ്യക്തികളും ഓരോ തരത്തിലല്ലേ. അപ്പോൾ നിങ്ങളുടെ ആനന്ദത്തിലേക്ക് ഞാൻ കൈകടത്താതിരിക്കുന്നതാണ് ഏറ്റവും നല്ലത്.
പ്രത്യേക സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ ആരുമില്ല എന്ന തോന്നലൊക്കെ ഉണ്ടാകാറുള്ളത്. എനിക്കു തനിച്ചിരിക്കാൻ ഇഷ്ടമുള്ള ഒരാളാണ്. ഒരു പ്രോബ്‌ളവും ഇല്ല.
ആദ്യം എന്നെ സിനിമയിൽ വേണ്ടായെന്ന് പറഞ്ഞയാളാണ് സിബിമലയിൽ. മോഹൻലാലിനെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് തിരഞ്ഞെടുക്കുന്ന സംഘത്തിൽ അംഗം ആയിരുന്നു സിബി മലയിൽ. ആ കൂട്ടത്തിൽ ഏറ്റവും കുറച്ച് മാർക്കിട്ടത് സിബി മലയിൽ ആയിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ സിനിമകളിലാണ് എനിക്ക് 2 നാഷണൽ അവാർഡുകൾ ലഭിച്ചത്. ദേവദൂതൻ എന്ന സിനിമ തന്നെ ക്രാഫ്‌റ്റ് വൈസ് മികച്ച ചിത്രമായിരുന്നു. എന്തുകൊണ്ട് ഓടിയില്ല എന്നു ചോദിച്ചാൽ അറിയില്ല- ലാൽ പറയുന്നു.