/sathyam/media/media_files/2025/06/22/mohanlal-2025-06-22-21-06-43.jpg)
തിരുവനന്തപുരം: ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന പേരിൽ.
അടുത്ത ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി എത്തും.
കേരളത്തിന്റെ സ്‌നേഹവും ആദരവും മോഹന്‍ലാലിനെ അറിയിക്കുന്ന ഈ വേദിയില്‍ ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.
ആദരിക്കല്‍ ചടങ്ങിനെ തുടര്‍ന്ന് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ അവതരിപ്പിക്കുന്ന രംഗാവിഷ്‌കാരം ‘ആടാം നമുക്ക് പാടാം’ മോഹന്‍ലാല്‍ സിനിമകളിലെ നായികമാരും ഗായികമാരും ചേര്‍ന്ന് വേദിയില്‍ എത്തിക്കും.
ഗായികമാരായ സുജാത മോഹന്‍, ശ്വേതാ മോഹന്‍, സിത്താര, ആര്യ ദയാല്‍, മഞ്ജരി, ജ്യോത്സന, മൃദുല വാര്യര്‍, നിത്യ മാമന്‍, സയനോര, രാജലക്ഷ്മി, കല്‍പ്പന രാഘവേന്ദ്ര, റെമി, ദിശ പ്രകാശ് എന്നിവര്‍ മോഹന്‍ലാല്‍ സിനിമകളിലെ ഹൃദ്യമായ മെലഡികള്‍ അവതരിപ്പിക്കും.
ഓരോ ഗാനത്തിനും മുന്‍പായി മോഹന്‍ലാല്‍ സിനിമകളിലെ നായികമാരായ ഉര്‍വശി, ശോഭന, മഞ്ജു വാര്യര്‍, പാര്‍വതി, കാര്‍ത്തിക, മീന, നിത്യ മേനന്‍, ലിസി, രഞ്ജിനി, രമ്യ കൃഷ്ണന്‍, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ മേനോന്‍, മാളവിക മോഹന്‍ എന്നിവര്‍ വേദിയില്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പരിപാടിയുടെ ലോഗോ മന്ത്രി ജി ആര്‍ അനില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു.
വാര്‍ത്താസമ്മേളനത്തില്‍ എം എല്‍ എമാരായ വി ജോയ്, ആന്റണി രാജു, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ എ എസ്, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ മധു, സംസ്ഥാന ചലച്ചിത്ര പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ മധുപാല്‍ എന്നിവര്‍ പങ്കെടുത്തു.