തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ വ്യവസായത്തെ തകർക്കുന്ന വിവാദമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് മോഹൻലാൽ.
"1978ൽ ആണ് ഞാൻ ആദ്യം അഭിനയിക്കുന്നത്. തിരുവനന്തപുരത്തുവച്ചാണ് ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോൾ എന്റെ ഇൻഡസ്ട്രിയിൽ സംഭവിക്കുന്ന ചില ദൗർഭാഗ്യകരമായ കാര്യങ്ങൾ സംഭവിച്ചതിനെ കുറിച്ച് സംസാരിക്കുന്നതും തിരുവനന്തപുരത്തു തന്നെ.
മോഹൻലാൽ എവിടെപ്പോയി എന്നു ചോദിക്കുന്നവരോട്, ഞാനൊരിടത്തേക്കും ഒളിച്ചോടി പോയിട്ടില്ല. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിൽക്കേണ്ടി വന്നു. ബറോസുമായി ബന്ധപ്പെട്ട് ചില തിരക്കുകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ എന്റെ സിനിമയുടെ റിലീസ് മാറ്റി വച്ചു," മോഹൻലാൽ പറഞ്ഞു.
"ഞാൻ ഹേമ കമ്മിറ്റിയ്ക്കു മുൻപിൽ പോയി സംസാരിച്ച ആളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി നൽകി. അമ്മ ട്രേഡ് യൂണിയൻ സ്വഭാവമുള്ള ഒരു സംഘടനയല്ല. ഒരു ഫാമിലി അസോസിയേഷൻ പോലെയാണ്.
കൂടെയുള്ളവരെ സഹായിക്കാൻ തുടങ്ങിയ ഒരു സംഘടനയാണ്. പിന്നെ അതിലേക്ക് കുറേ അംഗങ്ങൾ വന്നുചേർന്നു.ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഉത്തരം പറയേണ്ടത് മലയാള സിനിമ മുഴുവനാണ്. ആ കാര്യങ്ങളിലേക്ക് ഒന്നിച്ചാണ് നമ്മൾ മുന്നോട്ടു പോവേണ്ടത്. അമ്മ എന്ന സംഘടന മാത്രമല്ല അതിൽ ഉത്തരം പറയേണ്ടത്."
"സിനിമയിലെ തല മുതിർന്ന ആളുകളുമായും അഡ്വക്കേറ്റുമായും സംസാരിച്ചു ഒന്നിച്ചു ചേർന്നെടുത്ത തീരുമാനമാണ് രാജി വയ്ക്കുക എന്നത്. അതിന്റെ പുറത്ത് അമ്മയുടെ പ്രവർത്തനങ്ങളൊന്നും മുടക്കിയിട്ടില്ല. ഒരു സംഘടനയോ ഒരാളോ മാത്രം ക്രൂശിക്കപ്പെടരുത്."
"ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തൊരു ഇൻഡസ്ട്രി തകരുകയാണ്. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ഇതിലേക്ക് മാത്രം ഫോക്കസ് ചെയ്ത്, താരങ്ങൾക്കു പിന്നാലെ പോയി ഈ ഇൻഡസ്ട്രിയെ തകർക്കരുത് എന്നൊരു അപേക്ഷയുണ്ട്. ഈ വ്യവസായം തകർന്നുപോവരുതെന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു," മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ പ്രസംഗത്തിനു ശേഷം, മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചപ്പോൾ 'എനിക്കിതിൽ കൂടുതൽ ഒന്നും പറയാനില്ല, പറയാൻ ഉത്തരങ്ങളില്ല' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. 'ഒറ്റദിവസം കൊണ്ട് ഞങ്ങളെല്ലാവരും നിങ്ങൾക്ക് അന്യരായോ?" എന്നും മോഹൻലാൽ ചോദിച്ചു.
മലയാള സിനിമയിലെ ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടികാണിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഈ വിഷയത്തിൽ സംസാരിക്കാത്തത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.